സൌദി
അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ അതിപുരാതന പട്ടണമാണ് ദീര. മണ്ണ്
കൊണ്ടും ഈത്തപ്പനയുടെ തടിയിലും പണിതീര്‍ത്തിട്ടുള്ള പഴയ കൊട്ടാരങ്ങള്‍ , ഗതകാല സ്മരണകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ കച്ചവടത്തില്‍ വ്യാപൃതരായിരിക്കുന്ന പരമ്പരാകൃത വ്യാപാരികള്‍.
കരകൌശല വസ്തുക്കളുടേയും, വ്യത്യസ്ഥ രാജ്യങ്ങളില്‍ നിന്നുള്ള
പരവതാനികളുടേയും അതിവിപുലമായ ശേഖരമുള്ള വിപണന കേന്ദ്രം, കെട്ടിലും
മട്ടിലും പഴമയുടെ ഭംഗി നില നിര്‍ത്തി കൊണ്ട് തന്നെ നഗരത്തില്‍
തലയുയര്‍ത്തി നില്ക്കുന്ന ആധുനിക കെട്ടിടങ്ങള്‍; ഇവയാണ് ദീരയുടെ
ഉള്ളറകളിലേക്ക് ഇറങ്ങി ചെന്നാല്‍ നമുക്ക് കാണാന്‍ കഴിയുക.
തൊട്ടടുത്ത് ഇവയെ എല്ലാം വെല്ല് വിളിച്ച് നില്ക്കുന്ന റിയാദ് ഗവര്‍ണറുടെ ഓഫീസ്, രാജ്യത്തെ പരമോന്നത നീതിന്യായ ശരീഅത്ത് കോടതി, ഭൂഗര്‍ഭ അറകളുള്ള ജയില്‍, ലോക മുസ്ളിംങ്ങളുടെ ഇമാമായ ശൈഖ് അബ്ദുല്‍ അസീസ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കുന്ന ദീര പള്ളി. പള്ളിയുടെ അതേ കെട്ടിടത്തില്‍ തന്നെ സദാചാര പോലീസിന്റെ ഓഫീസ് (മുതവ്വ) എന്നിവ കാണാം. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു ഒരു ചങ്ങല പോലെ.
ഇവയുടെയെല്ലാം മധ്യത്തില്‍ മാര്‍ബിള്‍ പതിച്ച വിശാലമായ ഒരു മൈതാനമുണ്ട്. ആ മൈതാനത്താണ് കുറ്റവാളികള്‍ക്ക് ശരീഅത്ത് നിയമപ്രകാരമുള്ള ശിക്ഷകള്‍ നടപ്പാക്കാറുള്ളത്. ആ സ്ഥലത്തെ പ്രത്യേകമായി മതില് കെട്ടി സംരക്ഷിക്കുകയോ സുരക്ഷാ ഭടന്മാരുടെ നിരീക്ഷണത്തിലാക്കുകയോ ചെയ്തിട്ടില്ല. അറബി സ്ത്രീകളും കുട്ടികളും ഒഴിവ് സായാഹ്നങ്ങളില്‍ സമയം ചിലവഴിക്കുന്നതിവിടെയാണ്. ഞാന്‍ താമസിച്ചിരുന്ന മുറി ഈ ഗ്രൌണ്ടിന്റെ അതിര്‍ത്തി പങ്കിടുന്ന ക്ളോക്ക് ടവറിന്റെ പിറക് വശത്തുള്ള ബില്‍ഡിംഗിലായിരുന്നു. അവിടെ നിന്ന് നോക്കിയാല്‍ ഗ്രൌണ്ടില് നടക്കുന്നതെല്ലാം അവ്യക്തമായി കാണാം.
അന്നൊരുദിവസം, സമയം രാവിലെ ആറ് മണിയായിട്ടുണ്ടാകും. ദീരയെ പ്രകമ്പനം കൊള്ളിക്കുന്ന രീതിയില്‍ പോലീസ് വാഹങ്ങളുടേയും, ആംബുലെന്‍സിന്റേയും കാതടപ്പിക്കുന്ന ശബ്ദം. ഫ്രീ വിസയില്‍ വന്നതിനാലും പ്രവാസത്തിലേക്ക് കാലെടുത്ത് വെച്ചിട്ടുള്ളൂ എന്നതിനാലും ഒരു ജോലി തരപ്പെട്ടിരുന്നില്ല. അത് കൊണ്ട് തന്നെ രാവിലെ എഴുന്നേല്ക്കാന് കുറച്ച് വൈകും. എന്റെ ഉറക്കത്തെ ശല്യപ്പെടുത്തുന്ന ഈ ശബ്ദകോലാഹലങ്ങള്‍ക്കുള്ള കാരണമെന്താണെന്ന് മൂടിപ്പുതച്ചുറങ്ങുന്ന റഷീദിക്കയോട് ആരാഞ്ഞു.
"ഓ അത് കാര്യമാക്കേണ്ട, ആരുടെയെങ്കിലും തലവെട്ടുന്നുണ്ടാകും"
"തല വെട്ടോ?!"
"അതെ !"
"നമുക്ക് കാണാന്‍ പറ്റുമോ?"
"ഇപ്പൊ അങ്ങോട്ട് ചെന്നാല്‍ കാണാം ! "
എന്ന്
പറഞ്ഞ് തലക്ക് മുകളിലൂടെ കമ്പിളി പുതപ്പ് വലിച്ചിട്ട് റഷീദിക്ക
മിണ്ടാതെ കിടന്നു. അയാള്‍ക്ക് ഇതൊന്നും ആദ്യ അനുഭവമല്ല. തല വെട്ടലിലൂടെ
വധ ശിക്ഷ നടപ്പാക്കല്‍ എന്നുള്ളത് കേട്ടിട്ടേയുള്ളൂ. ഇതൊന്ന് കാണണമല്ലോ
എന്ന ചിന്തയോടെ എഴുന്നേറ്റ് വസ്ത്രം മാറി പുറത്തിറങ്ങി.
പോലീസുകാര്‍ മൈതാനത്തിന്റെ നാനാ ഭാഗങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ചുറ്റും ആളുകള്‍ കൂടി നില്ക്കുന്നു അവരിലൊരാളായി എല്ലാം കൌതുകത്തോടെ നോക്കി നില്‍ക്കെ പോലീസ് സേനയുടെ വാഹന വ്യൂഹം അങ്ങോട്ട് കടന്ന് വന്നു, കൂടെ ഒരു ആംബുലന്‍സും. വാഹന വ്യൂഹത്തില്‍ നിന്ന് ഒരു വാഹനം മൈതാനത്തിന്റെ കിഴക്കെ ഭാഗത്ത് പോയി നിര്‍ത്തി, അതിലാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട വ്യക്തിയുള്ളത്.
ആയുധ
ധാരികളായ പോലീസുകാരും സൈറണ്‍ മുഴക്കി നില്ക്കുന്ന പോലീസ് വാഹനങ്ങളും
മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ഭീതി പരത്തി. പോലീസുകാര്‍ ആരേയോ
പ്രതീക്ഷിച്ച് നില്ക്കുന്നു. അല്പ സമയത്തിനകം പഴയ ഒരു ടൊയോട്ട ക്രസ്സിഡ
കാര്‍ പാഞ്ഞു വന്നു മൈതാനത്തിന്റെ ഒരു വശത്ത് നിര്‍ത്തി. ആറ് ആറരടി പൊക്കമുള്ള കാഴചയില്‍ മുപ്പത് വയസ്സ് തോന്നിക്കുന്ന ആരോഗ്യ ദൃഢഗാത്രനായ ഒരു യുവാവ് പുറത്തിറങ്ങി !. കറുത്ത ശരീരം!, പരമ്പരാകത
ശുഭ്ര വസ്ത്രമാണ് വേഷം. ശിരോവസ്ത്രം നേരെയാക്കി കാറിന്റെ പിന് വാതില്‍
തുറന്ന് നീളമുള്ള എന്തോ എടുത്തു വാഹന വ്യൂഹത്തെ നോക്കി !.
ആയുധ ധാരികളായ രണ്ട് പോലീസുകാര്‍ പിറകിലേക്ക് കൈ കൂട്ടി കെട്ടിയ നിലയില്‍ ഒരു ചെറുപ്പക്കാരനെ പോലീസ് വാഹനത്തില്‍ നിന്നുമിറക്കി മൈതാനത്തിന്റെ മധ്യ ഭാഗത്തേക്ക് ആനയിച്ചു. വേഷവിധാനത്തില്‍ നിന്ന് സ്വദേശിയാണെന്ന് മനസ്സിലായി. യാതൊരു വിധ എതിര്‍പ്പുമില്ലാതെ നിര്‍വികാരനായി ആ യുവാവ് മെല്ലെ അടിവെച്ചടിവെച്ച് കൊണ്ട് വധശിക്ഷ നടപ്പാക്കുന്ന മധ്യ ഭാഗത്തെത്തി തല കുനിച്ച് നിന്നു. ഈ ലോകത്തെ നിമിഷങ്ങള്‍ എണ്ണപ്പെട്ടു ഇനി വിരലിലെണ്ണാവുന്ന ശ്വാസോച്ഛ്വാസങ്ങള്‍ മാത്രം എന്ന് മനസ്സിലാക്കിയതിനാലാവാം, അറവുകാളയുടെ മുഖത്ത് നിഴലിച്ച് കാണാറുള്ള ഒരു ദൈന്യത അയാളുടെ മുഖത്തും വ്യക്തമായി കാണാന്‍ കഴിഞ്ഞു.
ആരാച്ചാരായ
സൌദി തന്റെ കയ്യിലുള്ള നീളമുള്ള ഉറയില്‍ നിന്നും എന്തോ ഒരു സാധനം
ഊരിയെടുത്തു. കണ്ണിമ വെട്ടാതെ എല്ലാം നോക്കി കാണുകയായിരുന്ന ഞാന്‍
അയാളുടെ കയ്യില്‍ വെട്ടിത്തിളങ്ങുന്ന ഒരു വാള് കണ്ടു. വധശിക്ഷക്ക്
വിധേയനാക്കുന്ന ആളിനടുത്തേക്ക് അയാള്‍ നടന്നടുത്തു. പിന്നീടെല്ലാം
ധ്രുതഗതിയിലായിരുന്നു. പടിഞ്ഞാറെ ഭാഗത്തേക്ക് തിരിച്ച് നിര്‍ത്തി
കുനിഞ്ഞിരിക്കാന്‍ ആവശ്യപ്പെട്ടു. അനുസരണയുള്ള ഒരു കുട്ടിയെ പോലെ അയാള്‍
മുട്ടുകുത്തി കുനിഞ്ഞിരുന്നു. വാളിന്റെ മൂര്‍ച്ചയുള്ള മുന കൊണ്ട് പിന്
കഴുത്തില്‍ ഒരു കുത്ത് കൊടുത്തപ്പോള്‍ അയാള്‍ വേദന കൊണ്ട് തലയൊന്ന്
വെട്ടിച്ചു. ആരാച്ചാര്‍ ആ നിമിഷം നോക്കി ആഞ്ഞുവീശി. ആ കാഴ്ച കാണാന്‍
ശക്തിയില്ലാതെ ഞാന്‍ എന്റെ തല ഇടത് വശത്തേക്ക് വെട്ടിച്ചു , കൂടെ മറ്റുള്ളവരും.
പിന്നീട് നോക്കിയപ്പോള്‍ തല വേര്‍പ്പെട്ട രീതിയില്‍ ചോരയില്‍ കുതിര്‍ന്ന ഒരു ശരീരം അവിടെ കിടക്കുന്നത് കണ്ടു. കാലുകള്‍ മെല്ലെ മടക്കുകയും നിവര്‍ത്തുകയും ചെറുതായി പിടക്കുകയും ചെയ്യുന്നുണ്ട്. അതും ഇല്ലാതായി. ആരാച്ചാര്‍ കര്‍മ്മം നിര്‍വ്വഹിച്ച് തന്റെ വാഹനത്തിന്റെ അടുത്തേക്ക് നടന്ന് വരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന ഡോക്ടര്‍ മരണം ഉറപ്പ് വരുത്തി മൃത ശരീരം എടുത്ത് ആംബുലന്‍സിലേക്ക് മാറ്റുമ്പോള്‍ കുറച്ചാളുകള്‍ അപ്പുറത്ത് നിന്ന് അലമുറയിടുന്നുണ്ടായിരുന്നു. പാവം ഒരു യുവാവ് അകാല ചരമം പ്രാപിച്ചു. അയാള്‍ക്കിനിയും എത്രയോ ജീവിതം ബാക്കിയുണ്ടായിരുന്നു.
മൃതദേഹം ആംബുലന്‍സിലേക്ക് മാറ്റപ്പെടുന്ന സമയം വധിക്കപ്പെട്ടയാള്‍ക്കെതിരെയുള്ള കുറ്റപത്രം ജഡ്ജിയുടെ പ്രതിനിധി ഉറക്കെ എല്ലാവരേയും വായിച്ചു കേള്‍പ്പിച്ചു. അറബി ഭാഷ വശമില്ലാത്തതിനാല്‍ ഞാന്‍ കൂട്ടത്തിലുള്ളവരോട് ചോദിച്ചു. എന്താണ് വായിക്കുന്നതെന്ന്? എന്താണ് ഇയാള്‍ ചെയ്ത കുറ്റം?.
പത്ത് വയസ്സുകാരിയായ
ഒരു സിറിയന്‍ പെണ്‍കുട്ടിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്ത്
മരുഭൂമിയില്‍ കൊണ്ട് പോയി കൊന്ന് കുഴിച്ച് മൂടിയതിനുള്ള ശിക്ഷയാണെന്നും
കൂട്ടു പ്രതികളുടേത് വൈകാതെ നടപ്പാക്കുമെന്നുമാണത്രെ അറിയിച്ചത്. അത്
കേട്ട് ഞാന്‍ ഒന്ന് നെടുവീര്‍പ്പിട്ടു. പാവപ്പെട്ട ഒരു പൈതലിനെ
മൃഗീയമായി കൊന്നതിനുള്ള ശിക്ഷയോ? ഇവര്‍ക്കെങ്ങനെ ഇത്ര പൈശാചികമായി ഈ കുറ്റ
കൃത്യം ചെയ്യാന്‍ കഴിഞ്ഞു എന്ന് ചിന്തിച്ച് നില്‍ക്കുന്നതിനിടെ
ആംബുലന്‍സ് പേടിപ്പെടുത്തുന്ന ശബ്ദത്തോടെ ദീരയെ വിറപ്പിച്ച് കൊണ്ട്
കുതിച്ച് പാഞ്ഞു. കൂടെ സായുധരായ പോലീസ് വാഹന വ്യൂഹവും.

ചുറ്റും
കൂടിയവര്‍ പിരിഞ്ഞ് പോയി, ഞാന്‍ ചിന്താവിഷ്ടനായി അവിടെ കണ്ട ഒരു
സ്തൂപത്തിലിരുന്നു. ആ കാപാലികരുടെ ക്രൂരതയില്‍ പിടഞ്ഞിലാതായ
പെണ്‍കുട്ടിയുടെ ദീനാരോദനം എന്റെ കാതില്‍ കേട്ടു, നിഷ്ക്കളങ്കയായ ഒരു
ബാലികയെ കൂട്ട മാനഭംഗം ചെയ്ത് ജീവന് തന്നെ ഇല്ലാതാക്കിവര്‍ക്ക്
ഇതല്ലെങ്കില്‍ വേറെ എന്ത് ശിക്ഷയാണ് ഈ ഭൂലോകത്ത് കൊടുക്കാന്‍
സാധിക്കുക?. അയാള്‍ അതര്‍ഹിക്കുന്നു. മരണ ശിക്ഷ !.
തലവെട്ടല്‍
കാണാനുള്ള സ്വാഭാവിക ആകാംക്ഷയിലാണ് ഞാന്‍ അന്ന് അങ്ങോട്ട് പോയത്.
പിന്നീടും നിരവധി വധശിക്ഷകള്‍ അവിടെ നടപ്പാക്കിയിരുന്നു, പക്ഷെ
മനപ്പൂര്‍വ്വം അങ്ങോട്ട് പോകുന്നതൊഴിവാക്കി. ഒരു സ്ത്രീയുടെ തലവെട്ടല്‍
ഉണ്ടെന്നറിഞ്ഞ് ഒരു ദിവസം കൂടി പോയി. കരഞ്ഞ് വിലപിച്ച് മരണത്തിന്
കീഴ്പെട്ട ഒരു വനിത. വധിക്കപ്പെടുന്ന ദിവസം കരഞ്ഞ് വിലപിക്കുന്ന
അപൂര്‍വ്വം ചിലരിലൊരാളായിരുന്നത്രെ ആ സ്ത്രീ. സാധാരണയായി എല്ലാവരും
മരണത്തെ പുല്കാന് വെമ്പല്‍ കൊണ്ട് വരുന്നവരാണെങ്കില്‍ ആ സ്ത്രീ
അവരില്‍ നിന്നും വ്യത്യസ്ഥയായിരുന്നു. ഈ ഗ്രൌണ്ടില് മയക്ക് മരുന്ന്
കടത്തിയ കുറ്റത്തിന് എന്റെ ഒരു നാട്ടുകാരനേയും വധശിക്ഷക്ക്
വിധേയമാക്കിയിട്ടുണ്ട് എന്ന് പറഞ്ഞാലെ ഈ അനുഭവക്കുറിപ്പ്
പൂര്‍ണ്ണമാകൂ.