എന്റെ നേരത്തെയുണ്ടായിരുന്ന ബ്ലോഗ് നഷ്ടപ്പെട്ടതിനാൽ രചനകളെല്ലാം ഇതിലേക്ക് മാറ്റിയിരിക്കുന്നു. നിരവധി പോസ്റ്റുകളും കമെന്റുകളും വിലപ്പെട്ട എന്റെ 240 ഓളം ഫോളോവേഴ്സും നഷ്ടപ്പെട്ടു. നിങ്ങൾ ഏവരുടേയും പിന്തുണ തുടർന്നും ഉണ്ടാകുമല്ലോ? എന്റെ രചനകളിലെ തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണമെന്ന അഭ്യർത്ഥനയോടെ, മൊഹി.

Monday, October 8, 2012

സദാചാര പോലീസ്‌...


അന്നൊരു ഞായറാഴ്ചയായിരുന്നു. നട്ടുച്ച! മഴക്കാലത്തെ ചില പകലുകള്‍ക്ക്‌ പതിവിലേറെ ചൂട് കൂടുതലാണ്‌. ഒരു മഴ പെയ്തിരുന്നെങ്കില്‍ എന്ന്‌ ഞാനാശിച്ചു. കടുത്ത ചൂടിനേയും മേലാകെ പൊടിഞ്ഞ്‌ ഇറ്റിറ്റ്‌ വീഴുന്ന വിയര്‍പ്പ്‌ തുള്ളികളേയും വക വെക്കാതെ പുഴയോരത്തെ മോട്ടോര്‍ ഷെഡ്‌ ലക്ഷ്യമാക്കി വലിഞ്ഞ്‌ നടന്നു. അവിടെ ഒരു ഗൂഢാലോചന നടക്കുകയാണ്‌. പെട്ടെന്ന്‌ എത്തിച്ചേരണം. 

ഷമീര്‍, അജിത്ത്‌, ഷിഹാബ്‌, ഷാഫി, ദേവന്‍, ഫൈസല്‍ തുടങ്ങീ എല്ലാ സംഘാംഗങ്ങളും അവിടെ എത്തിച്ചേര്‍ന്നിട്ടുണ്‌ട്‌. കാരണമൊന്നുമില്ലാതെ ഷാഫി വിളിച്ച്‌ വരുത്തില്ല. വിഷയം അതീവ ഗൌരവമുള്ളതാണ്‌, രഹസ്യമായിരിക്കണം പോലും !. 

ഷാഫിയുടെ മുഖമാകെ വിളറി വെളുത്തിരിക്കുന്നു. കയ്യില്‍ ഒരു ദിനപത്രം ചുരുട്ടിപ്പിടിച്ച്‌ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തിക്കൊണ്ടിരിക്കാന്‍ തുടങ്ങിയിട്ട്‌ സമയം കുറെയായി. ഇടക്കിടെ അതെടുത്ത്‌ നിവര്‍ത്തി വായിച്ച്‌ എല്ലാവരുടേയും മുഖത്തേക്ക്‌ നോക്കും.

" അല്ല ഷാഫി, എന്തിനാ ഇത്ര അടിയന്തിരമായി ഈ കടവത്തേക്ക്‌ ഞങ്ങളെ വിളിച്ച്‌ വരുത്തിയേ? എന്താണ്‌ വിഷയം!?' ഷമീര്‍ ചോദിച്ചു...

" നിങ്ങളൊക്കെ ഇന്നിറങ്ങിയ മാതൃഭൂമി വാരാന്ത്യപ്പതിപ്പ്‌ ശ്രദ്ധിച്ചോ?" ഉലാത്തല്‍ നിറുത്തി മുഖം ചെരിച്ചു ഷാഫി; എന്നിട്ട്‌ അടുത്തേക്ക്‌ വന്ന്‌ ചോദിച്ചു.

"ഇല്ല... എന്താപ്പതില്‌ പ്രത്യേകിച്ച്‌?"

അതിന്‌ മറുപടിയായി അവന്‍ ആ പത്രത്താള്‌ അവര്‍ക്ക്‌ നേരെ നീട്ടി. മുഴുവനായി വായിച്ചതിന്‌ ശേഷം അജിത്ത്‌ ചോദിച്ചു.

 "ഈ വിഷയത്തില്‍ നമുക്കെന്താ ഇത്ര താല്‍പര്യം, ഇതൊക്കെ ഇപ്പോള്‍ സര്‍വ്വ സാധാരണം. എവിടേയും നടക്കുന്നതല്ലേ?"

"താല്‍പര്യണ്‌ട്‌, നമ്മള്‍ പവിത്രമായി പരിപാലിച്ച ഒരു സ്ഥാപനമാണത്‌, അവിടെ ഇത്തരത്തിലുള്ള തിന്‍മകള്‍ അരങ്ങേറുന്നു എന്നത്‌ കയ്യും കെട്ടി നോക്കിയിരിക്കണോ?"അവൻ അതീവഗൌരവത്തോടെ ചോദിച്ചു.

"ഇത്‌ നമ്മുടെ സ്കൂളില്‍ നടന്ന സംഭവമാണോ, ആണെങ്കില്‍ നിനക്കെങ്ങനെയറിയാം" ദേവന്‌റെ ന്യായമായ സംശയം.

"ഇത്‌ നമ്മുടെ സ്കൂളില്‍ നടന്ന്‌ കൊണ്‌ടിരിക്കുന്ന ഒരു സംഭവം തന്നെയാണെന്ന്‌ എനിക്കറിയാം... അക്കാര്യം എനിക്കുറപ്പാണ്‌"

"നമുക്കീ കാര്യത്തില്‍ എന്ത്‌ ചെയ്യാന്‍ കഴിയും"

"നമുക്കേ ചെയ്യാന്‍ കഴിയൂ, പ്രതികരിക്കാത്ത യുവത്വം സമൂഹത്തില്‍ തിന്‍മയെ വളര്‍ത്തും" ഷാഫി ഉറച്ച ശബ്ദത്തില്‍ മുഷ്ടിചുരുട്ടി കൊണ്‌ട്‌ പറഞ്ഞു. എല്ലാവരും പരസ്പരം നോക്കി.

ഗൂഢാലോചന തുടരവെ അതുവരെ പ്രകാശപൂരിതമായിരുന്ന പകലിനെ ഇരുട്ട്‌ മൂടാന്‍ തുടങ്ങി. ആകാശം മേഘപാളികളാല്‍ നിറഞ്ഞു. ചെറിയ മിന്നലുകള്‍ പ്രത്യക്ഷപ്പെട്ടു. പിന്നീടത്‌ ശക്തമായ ഇടിയും മിന്നലുമായി രൂപാന്തരം പ്രാപിച്ചു. ഒരു മഴക്കുള്ള കോളുണ്‌ട്‌. എത്രയും പെട്ടെന്ന്‌ പെയ്തിരുന്നെങ്കില്‍ എന്നാശിച്ചു. ഹോ ! കടുത്ത ചൂട്‌ അസഹ്യമാണ്‌.

പുഴ കരകവിഞ്ഞൊഴുകയാണ്‌. കുറച്ച്‌ നേരം കൂടി കഴിഞ്ഞാല്‍ കടവത്ത്‌ പെണ്ണുങ്ങള്‍ കുളിക്കാന്‍ വരും. മോട്ടോര്‍ ഷെഡിന്‌റെ മറവിലിരുന്ന്‌ ചില കാഴ്ചകളെല്ലാം വേണമെങ്കില്‍ കാണാം... ഇവിടേക്ക്‌ ഷാഫി വരണമെന്ന്‌ പറഞ്ഞപ്പോള്‍ അങ്ങനെയുള്ള ഒരു ലക്ഷ്യവും മുന്നില്‍ കണ്‌ടിരുന്നു. മഴ പെയ്യും മുമ്പെ മോട്ടോര്‍ ഷെഡിനടുത്ത്‌ നിന്ന്‌ മാറിയില്ലേല്‍ അവിടെയെല്ലാം വരിവെള്ളം വന്ന്‌ നിറഞ്ഞ്‌ സഞ്ചാരയോഗ്യമല്ലാതെയാവും എന്നതിനാല്‍ അങ്ങാടിയിലെത്തി. മഴ ശക്തിയായി പെയ്യാന്‍ തുടങ്ങി.

അപ്പോഴേക്കും ഹോക്കിവടികളും സൈക്കിള്‍ ചെയിനുമായി ബൈക്കില്‍ റഷീദും അനസുമെത്തി. ബെല്‍റ്റിന്‌ പകരം എപ്പോഴും സൈക്കിള്‍ ചെയിന്‍ അരയില്‍ ചുറ്റി നടക്കുന്നവരാണ്‌ രണ്‌ട്‌ പേരും.

" നിങ്ങളൊക്കെ ഇത്‌ എന്ത്‌ ഭാവിച്ചാ...!! ഇതിന്‌റെയൊന്നും ആവശ്യമില്ല ചെങ്ങായ്‌മാരെ; ബസ്‌ തടയലും റാഗിംഗുമൊന്നുമല്ല വിഷയം ! ഇത്‌ തന്ത്രപൂര്‍വ്വം ചെയ്യേണ്‌ട ഒരു പദ്ധതിയാണ്‌; കൈകാര്യം ചെയ്യുന്നതില്‍ ചെറിയ ഒരു പാളിച്ച പറ്റിയാല്‍ മതി ! എല്ലാരും കുടുങ്ങും..പറഞ്ഞില്ലെന്ന്‌ വേണ്‌ട." ഞാന്‍ അവരോടായി പറഞ്ഞു.

"അതെ! ഇതില്‍ വല്ല സത്യവുമുണ്‌ടൊ എന്ന്‌ രഹസ്യമായി അന്വേഷിക്കണം, അതാണ്‌ ആദ്യം വേണ്‌ടത്‌. "

പത്രത്താളിലെ വിവരണങ്ങളിലൂടെ ഒന്ന്‌ കൂടെ കണ്ണോടിച്ചു. ഇന്‌റേണല്‍ അസ്സസ്മെന്‌റിന്‌റെ പേരില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ നടക്കുന്ന അധ്യാപക പീഢനങ്ങള്‍!! എന്നാണ്‌ തലക്കെട്ട്‌. വടിവൊത്ത അക്ഷരത്തില്‍ ആരോ എഴുതിയ ഒരു കത്തിന്‌റെ കോപ്പി പത്രത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്‌ടാണ്‌  ലേഖനം തയ്യാറാക്കിയിരിക്കുന്നത്‌. പ്രൊഫസര്‍ ഈശ്വരയ്യര്‍ എന്നയാളാണ്‌ ലേഖകന്‍. അയാള്‍ തന്നെയായിരിക്കണം കൌണ്‍സിലിംഗ്‌ നടത്തിയ വ്യക്തി. മൊബൈല്‍ നമ്പറും പേരിനൊപ്പം വെച്ചിട്ടുണ്‌ട്‌.

സ്വതവേ ഇത്തരം വിഷയങ്ങളില്‍ മുഖം കൊടുക്കാത്ത ഷാഫി അതീവ താല്‍പര്യത്തോടെ ഇതില്‍ ഇടപെടണമെങ്കില്‍ കാര്യമായിട്ടെന്തോ ഉണ്‌ട്‌. ഉണ്‌ടാവണം! സാമൂഹിക പ്രതിബദ്ധതയെന്നതിനേക്കാള്‍ മുന്നിട്ടിറങ്ങാന്‍ പ്രേരിപ്പിച്ച സംഗതി എന്താവുമത്‌!? ഞാന്‍ കുറെ ആലോചിച്ചു, ഇനി ഞാന്‍ സംശയിക്കുന്നത്‌ തന്നെയാവുമോ? ഏയ്‌ അതിന്‌ വഴിയില്ല.  അങ്ങനെയാണെങ്കില്‍ അവന്‍ തുറന്ന്‌ പറയേണ്‌ടതാണ്‌.

"നമുക്ക്‌  ഈശ്വരയ്യര്‍ക്കൊന്ന്‌ വിളിച്ച്‌ നോക്കാം.. "

"എന്തിന്‌?"

" അദ്ധേഹമാണ്‌ ഈ റിപ്പോര്‍ട്ട്‌ പത്രത്തില്‍ കൊടുത്ത വ്യക്തി. ഈ സംഭവങ്ങള്‍ ഒട്ടുമിക്ക സ്കൂളുകളിലും ഉണ്‌ടെന്ന്‌ പൊതുവായി പറഞ്ഞിട്ടുണ്‌ട്‌. നമ്മുടെ സ്കൂള്‍ ആ വിഭാഗത്തില്‍ പെടുമോ എന്നറിയാമല്ലോ?"

"ഉം... അതിന്‌ ആദ്യം ഇദ്ധേഹം നമ്മുടെ സ്കൂളില്‍ വന്നിട്ടുണ്‌ടോ എന്നറിയണം, ഒന്നന്വേഷിക്കാം... "

സ്റ്റാന്‌റില്‍ അതുവരെ വിശ്രമിക്കുകയായിരുന്ന ബൈക്കുകള്‍ക്ക്‌ ജീവന്‍ വെച്ചു. അവ ഞങ്ങളേയും വഹിച്ച്‌ കൊണ്‌ട്‌ മുന്നോട്ട്‌ കുതിച്ചു. ചെറിയ ചാറ്റല്‍ മഴയൊന്നും കാര്യമാക്കിയില്ല. ഞായറാഴ്ചയായതിനാല്‍ വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികളെ വീട്ടില്‍ ചെന്ന്‌ തന്നെ കാണണം. കൌണ്‍സിലര്‍ വന്നിരുന്നെന്ന വിവരത്തേക്കാള്‍ ഞെട്ടിപ്പിക്കുന്ന പലതും വിദ്യാര്‍ത്ഥികള്‍ പങ്ക്‌ വെച്ചു. പരാതി ഉന്നയിച്ചവര്‍ എല്ലാം ഒരു അധ്യാപകനെയാണ്‌ സംശയത്തിന്‌റെ മുള്‍ മുനയില്‍ നിര്‍ത്തിയത്‌. എല്ലാവര്‍ക്കും അതേ അഭിപ്രായമാണ്‌ താനും.

ഷാഫി എന്ത്‌ കൊണ്‌ടോ ഈ അന്വേഷണത്തോടെല്ലാം വളരെ നിസംഗതയോടെയാണ്‌ സഹകരിക്കുന്നത്‌. ഇതിന്‌റെയൊന്നും ആവശ്യമില്ല എന്നതാണവന്‌റെ പക്ഷം. അവനാണീ വിഷയം കുത്തിപ്പൊക്കിയതും ! സത്യം മനസ്സിലാക്കിയതിന്‌ ശേഷമേ സായുധ വിപ്ളവം തുടങ്ങൂ എന്ന്‌ അവനറിയാം. അതാണ്‌ പ്രവര്‍ത്തന രീതി.!

"ഹലോ.. ഈശ്വരയ്യര്‍ സാറാണോ?"

"അതെ !! ആരാണ്‌ സംസാരിക്കുന്നത്‌?"

പേരു പോലെയല്ല. പതിഞ്ഞ ഒരു സ്വരം! അത്‌ കൂടുതല്‍ ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ ധൈര്യവും ബലവും നല്‍കി.

"സര്‍! എന്‌റെ പേര് ഫാറൂഖ്‌. ഞങ്ങള്‍ പെരിന്തല്‍മണ്ണയില്‍ നിന്നാണ്‌ വിളിക്കുന്നത്‌ - ഒരു കാര്യമറിയാനാണ്‌ വിളിച്ചത്‌"

"പറയൂ... "

"ഇന്ന്‌ മാതൃഭൂമി പത്രത്തില്‍ വന്ന ആ ലേഖനം സാര്‍ എഴുതിയതാണെന്ന്‌ മനസ്സിലായി. സംസ്ഥാനത്തെ ഒട്ടുമിക്ക സ്കൂളുകളിലും ഇത്തരത്തില്‍ വിദ്യാര്‍ത്ഥിനികള്‍ പീഢിക്കപ്പെടുന്നു എന്ന്‌ ലേഖനത്തില്‍ കണ്‌ടു."

"ഞാന്‍ രേഖാമൂലം എഴുതിയവ തന്നെയാണ്‌. അവ മുഴുവനും സത്യവുമാണ്‌"

"സാര്‍ പത്രത്തില്‍ കൊടുത്തിരിക്കുന്ന ആ ലെറ്റര്‍ ഏത്‌ സ്കൂളില്‍ നിന്നും ലഭിച്ചതാണ്‌?" അയാള്‍ അത്‌ പറയില്ല എന്നറിയാമായിരുന്നിട്ടും ഒന്ന്‌ തൊടുത്ത്‌ നോക്കി. കിട്ടിയാല്‍ കിട്ടി എന്ന മട്ടില്‍ !

"അത്‌ വെളിപ്പെടുത്താന്‍ കഴിയില്ല, ഈ കൌണ്‍സിലിംഗിന്‌ സര്‍ക്കാര്‍ നിയോഗിച്ചതാണെന്നെ. കൌണ്‍സിലിംഗിന്‌റെ രീതി തന്നെ അതീവ രഹസ്യമായിരുന്നു. വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികള്‍ തുറന്ന്‌ പറയാന്‍ മടിക്കുന്ന സ്വന്തം ദുരനുഭവങ്ങള്‍ അവരുടെ പേര്‌ സൂചിപ്പിക്കാതെ തന്നെ എഴുതി നല്‍കണമെന്നായിരുന്നു വിദ്യാര്‍ത്ഥീ സമൂഹത്തോട്‌ ഓരോ സ്കൂളിലും ആവശ്യപ്പെട്ടത്‌. ഈ പദ്ധതിയുടെ രൂപവും അതായിരുന്നു! വിദ്യാഭ്യാസ വകുപ്പ്‌ നിഷ്ക്കര്‍ഷിച്ചതും അങ്ങനെ തന്നെ!" ഈശ്വരയ്യര്‍ പറഞ്ഞ്‌ നിറുത്തി.

നന്ദി പറഞ്ഞ്‌ കൊണ്‌ട്‌ ചുവപ്പ്‌ ബട്ടണ്‍ അമര്‍ത്തും മുമ്പെ മൊബൈല്‍ ഡിസ്കണക്ടായി. വിളിച്ചത്‌ ഇഷ്ടപ്പെട്ടില്ല എന്ന്‌ തോന്നുന്നു.

"പത്രത്താളില്‍ കാണുന്ന ഈ ലെറ്റര്‍ നമ്മുടെ സ്കൂളില്‍ നിന്നാണെന്ന്‌ തെളിയിക്കുന്ന രേഖകളൊന്നും കയ്യിലില്ല. എന്നാല്‍ വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ട ആ അധ്യാപകനെതിരെ നീങ്ങേണ്‌ടിയിരിക്കുന്നു. എഴുതിത്തയ്യാറാക്കിയ ഒരു പരാതിയുമായി പ്രിന്‍സിപ്പാലിനെ കാണാം.. പരാതിയുടെ ഒരു കോപ്പി പി ടി എ പ്രസിഡണ്‌ടിനും കൈമാറാം... "

ഞായറാഴ്ച സ്കൂള്‍ അവധിയായതിനാല്‍ പ്രിന്‍സിപ്പാലിന്‌റേയും പി ടി എ പ്രസിഡണ്‌ടിന്‌റേയും വീട്‌ ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. കൌണ്‍സിലര്‍ വന്നിരുന്നു എന്നാല്‍ അത്തരത്തില്‍ ഒരു സ്ഥിതി വിശേഷം സ്കൂളില്‍ നില നില്‍ക്കുന്നില്ല എന്ന്‌ പറഞ്ഞ്‌ രണ്‌ട്‌ പേരും ഞങ്ങളെ പിന്തിരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഉരുണ്‌ട്‌ കളിക്കുകയാണെന്ന്‌ കൂടെ വന്നവര്‍ അഭിപ്രായപ്പെട്ടു.

"സ്കൂളിനെ സ്നേഹിച്ച്‌ നശിപ്പിക്കാമെന്ന്‌ നിങ്ങള്‍ വ്യാമോഹിക്കേണ്‌ട. ഞങ്ങള്‍ക്കെന്ത്‌ ചെയ്യാന്‍ കഴിയുമെന്ന്‌ കാണിച്ച്‌ തരാം.. മനുഷ്യാവകാശ സംഘടനയും വനിതാ കമ്മീഷനുമെല്ലാം വെറും നോക്കുകുത്തികളാണോ എന്ന്‌ നമുക്ക്‌ കാണാം" ഷാഫിയുടെ സ്വരത്തിൽ ഭീഷണിയേക്കാൾ വേറെ എന്തൊക്കെയോ ഉണ്ടായിരുന്നു.

സത്യാവസ്ഥ രേഖാ മൂലം ലഭിക്കണമെങ്കില്‍ നിയമപരമായി നീങ്ങണമെന്ന നിര്‍ദ്ദേശം മാനിച്ച്‌ വിവരാവകാശ നിയമ പ്രകാരം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവരില്‍ നിന്നും അറിയാന്‍ ഒരു ശ്രമം നടത്തി. 


ഞങ്ങളുടെ നീക്കങ്ങള്‍ മണത്തറിഞ്ഞ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സ്വകാര്യമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സ്കൂളിലെ ലാബില്‍ നടക്കുന്ന കാമ കേളികളുടെ വിവരണങ്ങള്‍ നിരത്തി. ലാബില്‍ മറ്റ്‌ ജീവനക്കാര്‍ ഉണ്‌ടെങ്കിലും കെമിസ്ട്രി അധ്യാപകനെതിരെയാണ്‌ പരാതി ഉയര്‍ന്നിരിക്കുന്നത്‌. ഇന്‌റേര്‍ണല്‍ അസസ്മെന്‌റിലെ മാര്‍ക്ക്‌ ലാബിലെ പെര്‍ഫോര്‍മന്‍സിനനുസരിച്ചിരിക്കുമെന്നും ഇത്തരത്തിലുള്ള പ്രലോഭനത്തിലൂടെ തങ്ങളുടെ വരുതിക്ക്‌ നിറുത്തുന്നു എന്നുമുള്ള വിവരങ്ങള്‍ സൌകാര്യമായി വിദ്യാര്‍ത്ഥികള്‍ കൈമാറി.

പ്ളസ്‌ ടു വിദ്യാര്‍ത്ഥിനികള്‍ !! തുടുത്ത്‌ പഴുത്ത മാമ്പഴങ്ങള്‍ രുചിച്ച്‌ നോക്കണമെന്നാഗ്രഹിക്കാത്തവരാര്‌? ഞെട്ടറ്റ്‌ വീഴാതെ സൂത്രത്തില്‍ ഭക്ഷിക്കുന്നവരും എറിഞ്ഞ്‌ വീഴ്ത്തി സ്വാദോടെ തിന്നാന്‍ കൊതിക്കുന്നവരും. ഹമ്പട മാഷേ!!!!,. കെമിസ്ട്രി അധ്യാപകന്‌ പകരം അത്‌ ഞാനായിരുന്നെങ്കില്‍ എന്ത്‌ രസമായേനെ എന്ന്‌ മനസ്സില്‍ ഒരുവേള ആഗ്രഹിച്ചെങ്കിലും നീതി ധര്‍മ്മം എന്നിവയെല്ലാം എന്നെ ഉണര്‍ത്തി. എന്നിലെ സദാചാര പോലീസ്‌ സടകുടഞ്ഞെഴുന്നേറ്റു.

സദാചാരത്തിന്‌റെ മുള്‍വേലികള്‍ ലംഘിക്കുന്നവര്‍... നൂറു മേനി കൊയ്യുന്ന വിളകളിലേക്ക്‌ മെല്ലെ പടര്‍ന്ന്‌ പിടിക്കുന്ന വള്ളിപ്പടര്‍പ്പുകള്‍!!! കൃഷിയിറക്കിയവരെ കബളിപ്പിച്ച്‌ നീരും വളവും വലിച്ചെടുക്കല്‍ തന്നെ വള്ളിപ്പടര്‍പ്പുകളുടെ ലക്ഷ്യം. ആരെങ്കിലും പിഴുത്‌ മാറ്റുന്നത്‌ വരെ പടര്‍ന്ന്‌ പിടിക്കാം..

"നിങ്ങള്‍ക്ക്‌ ഒരു കാര്യമറിയോ? ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ്‌, എങ്കിലും പറയാം..." എന്നെ മാറ്റി നിറുത്തി യൂണിഫോമണിഞ്ഞ ഒരു കുട്ടി സഗൌരവം അക്കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ ഷാഫിയെ സൂക്ഷിച്ച്‌ നോക്കി. പെങ്ങളെഴുതിയ പീഢന കഥ പത്രത്താളിലൂടെ അറിയേണ്‌ടി വന്ന നിര്‍ഭാഗ്യവാന്‍!

മാതാ പിതാ ഗുരു ദൈവം എന്നതിന്‌റെ മൂല്യങ്ങള്‍ കാറ്റില്‍ പറത്തിയിരിക്കുന്നു ഒരു കൂട്ടം നരാധമന്‍മാര്‍... ഹോളി ഫക്കേഴ്സ്‌!!! ഭാവിയില്‍ സ്വന്തം മക്കള്‍ പഠിക്കേണ്‌ട പവിത്രമായ സ്ഥാപനമാണിത്‌. എനിക്ക്‌ എന്തെന്നില്ലാത്ത വെറുപ്പും ദേഷ്യവും തോന്നി..അനസിനെ ഞാന്‍ തറപ്പിച്ച്‌ നോക്കി. അവന്‍ അരയില്‍ കൈ വെച്ച്‌ സെക്കിള്‍ ചെയിന്‍ അവിടെയുണ്‌ടെന്ന സിഗ്നല്‍ നല്‍കി. സായുധ വിപ്ളവം അനിവാര്യം!

വക്കീല്‍ നോട്ടീസ്‌ കൈപ്പറ്റിയ പ്രിന്‍സിപ്പാള്‍ ഭയന്നു. സ്കൂളില്‍ നടക്കുന്ന സംഭവങ്ങള്‍ വസ്തുനിഷ്ഠാപരമായി അറിയാന്‍ ഒരു കൂട്ടര്‍ ശ്രമിക്കുന്നു എന്ന ഭയത്താലാവണം ആവശ്യപ്പെട്ട കാര്യങ്ങള്‍ക്കെല്ലാം രേഖാമൂലം ഉത്തരം നല്‍കി. വനിതാ കമ്മീഷനും മനുഷ്യാവകാശ സംഘടനകളും നോക്കു കുത്തികളാണോ എന്ന ചോദ്യം അവരെ ഭയപ്പെടുത്തിയിരിക്കാം. സ്കൂളിന്‌റെ യശസ്സിനെ ബാധിക്കുന്നവ.! തല്‍ഫലമായി സ്കൂള്‍ അധികാരികള്‍ ഞങ്ങളില്‍ നിന്നും ചിലരെ ചര്‍ച്ചക്ക്‌ വിളിച്ചു.

ഈശ്വരയ്യര്‍ അവിടെ വന്നിരുന്നെന്നും ലെറ്റര്‍ സ്കൂളിലെ കുട്ടിയുടേതാണെന്നും അവര്‍ക്ക്‌ സമ്മതിക്കേണ്‌ടി വന്നു. ദൃഢനിശ്ചയത്തോടെ എന്തിനും പോന്ന കുറെ ചെറുപ്പക്കാര്‍ നീതിക്ക്‌ വേണ്‌ടി ശബ്ദിക്കുമ്പോള്‍ അധര്‍മ്മത്തെ അടിച്ചമര്‍ത്താന്‍ മുന്നിട്ടിറങ്ങുമ്പോള്‍ എങ്ങനെ പിന്തുണക്കാതിരിക്കാനാവുമെന്ന്‌ അവര്‍ക്ക്‌ തോന്നിക്കാണും. ആരോപണ വിധേയനായ അധ്യാപകനെതിരെ ഇത്തരത്തില്‍ ഇനി ആരോപണമുണ്‌ടായാല്‍ ആ നിമിഷം പുറത്താക്കുമെന്ന ഉറപ്പിന്‍മേല്‍ ദൌത്യമവസാനിച്ചു.

ചര്‍ച്ച കഴിഞ്ഞ്‌ സ്കൂള്‍ വരാന്തയിലൂടെ മടങ്ങുമ്പോള്‍ സമയം ഉച്ചയായിരുന്നു. സ്കൂള്‍ ഉച്ച ഭക്ഷണത്തിന്‌ പിരിഞ്ഞ സമയം. വരാന്തയിലൂടെ തല കുനിച്ച്‌ ഒരാള്‍ ഞങ്ങള്‍ക്കഭിമുഖമായി നടന്ന്‌ വന്നു. "ഇതാണ്‌ ആ അധ്യാപകന്‍". ഞാന്‍ അയാളെ സൂക്ഷിച്ച്‌ നോക്കി. തോളില്‍ ശീല സഞ്ചിയും തൂക്കിയിട്ട്‌ കയ്യില്‍ ഒരു ചോറ്റു പാത്രവുമായി പോകുന്ന അയാളോട്‌ എനിക്കെന്തോ ഒരു സഹതാപം തോന്നി. ഇയാളാണീ വിഷയത്തിലെ പ്രതി എന്ന്‌ എന്തോ വിശ്വസിക്കാന്‍ കഴിഞ്ഞില്ല..

ധര്‍മ്മം വിജയിക്കട്ടെ ! എനിക്ക്‌ വലുത്‌ ഷാഫിയാണ്‌, അവന്‌റെ സന്തോഷമാണ്‌ മുഖ്യം.

വിളകളിലൂടെ പടര്‍ന്ന്‌ കയറാന്‍ കൊതിച്ച വള്ളിപ്പടര്‍പ്പിനെ വേരോടെ പിഴുതു മാറ്റണമെന്നുണ്‌ടായിരുന്നെങ്കിലും അതിന്‌റെ ആണിവേര്‌ മാത്രം ബാക്കി വെച്ച്‌ പിഴുത്‌ കളഞ്ഞു. ദൌത്യം പൂര്‍ണ്ണമായി വിജയം കണ്‌ടതിന്‌റെ ആഹ്ളാദാരവം ഞങ്ങള്‍ തുടങ്ങി. തൊട്ടപ്പുറത്തെ കൃഷിയിടങ്ങളില്‍ നല്ല മുഴുമുഴുപ്പുള്ള നാണ്യവിളകളിലേക്ക്‌ ധാരാളം വള്ളിപ്പടര്‍പ്പുകള്‍ അപ്പോഴും പടര്‍ന്ന്‌ പിടിക്കുന്നുണ്‌ടായിരുന്നു. പിഴുതെറിയാന്‍ ഒരു കൂട്ടം സദാചാര പോലീസ്‌ വരുന്നത്‌ വരെ അത്‌ തുടര്‍ന്നേക്കാം. !!!