എന്റെ നേരത്തെയുണ്ടായിരുന്ന ബ്ലോഗ് നഷ്ടപ്പെട്ടതിനാൽ രചനകളെല്ലാം ഇതിലേക്ക് മാറ്റിയിരിക്കുന്നു. നിരവധി പോസ്റ്റുകളും കമെന്റുകളും വിലപ്പെട്ട എന്റെ 240 ഓളം ഫോളോവേഴ്സും നഷ്ടപ്പെട്ടു. നിങ്ങൾ ഏവരുടേയും പിന്തുണ തുടർന്നും ഉണ്ടാകുമല്ലോ? എന്റെ രചനകളിലെ തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണമെന്ന അഭ്യർത്ഥനയോടെ, മൊഹി.

Friday, March 15, 2013

ഉണ്ണിക്കുട്ടന്‌റെ ലോകം...


ഉണ്ണിക്കുട്ടന്‌റെ പഴയ കളിചിരികളില്ലാത്ത ആ ഫ്ളാറ്റിലേക്ക്‌ ഞാന്‍ പ്രവേശിച്ചു. ടൈയും ഷര്‍ട്ടും അലസമായി ഊരി സോഫയിലെറിഞ്ഞു. അവനെവിടെ എന്ന്‌ നോക്കി. ഈയിടെയായുള്ള അവന്‌റെ മൌനം എന്നെ ആഴത്തില്‍ വേദനിപ്പിക്കുന്നു. പതിവ്‌ പോലെ ഇന്നും ആരൊക്കെയോ അതിഥികളായുണ്‌ട്‌. അല്ലെങ്കിലും കുടുംബത്തിലേക്ക്‌ പുതിയ ഒരംഗമെത്തിയെന്നറിഞ്ഞാല്‍ ബന്ധുമിത്രാദികള്‍ സന്ദര്‍ശിക്കുക പതിവാണല്ലോ? ഈ മണലാരണ്യത്തും അതിനൊരു കുറവുമില്ല. കുറവുള്ളത്‌ പ്രസവാനന്തരമുള്ള അനാചാരങ്ങള്‍ക്ക്‌ മാത്രമാണ്‌. 

പുതുതായി ജനിച്ച കുഞ്ഞിന്‌ തന്‌റേയും ഭാര്യയുടേയും നിറം കിട്ടിയില്ല എന്ന്‌ ചിലര്‍ അലക്ഷ്യമായി ഞങ്ങള്‍ കേള്‍ക്കാന്‍ പാകത്തില്‍ പറഞ്ഞ്‌ കൊണ്‌ടിരുന്നു. ഉണ്ണിക്കുട്ടനെ ഗര്‍ഭം ചുമക്കുന്ന സമയം ഞാന്‍ അവളോട്‌ ധാരാളം കുങ്കുമപ്പൂ കഴിക്കാന്‍ പറഞ്ഞിരുന്നു. സ്പാനിഷ്‌ കുങ്കുമപ്പൂവും ബദാമും പാലില്‍ കലക്കി കുടിച്ചിട്ടാവണം ഉണ്ണിക്കുട്ടന്‍ ഇങ്ങനെ വെളുത്ത്‌ ചെമന്നത്‌. 

അച്ഛനമ്മമാര്‍ വെളുത്ത നിറമാണെങ്കില്‍ കുഞ്ഞിന്‌ പാരമ്പര്യമായി ആ നിറം കിട്ടുമെന്നെനിക്കറിയാം.. അത്‌ എത്ര കുങ്കുമപ്പൂ കഴിച്ചാലും ഇല്ലേലും കിട്ടുമെന്ന വിശ്വാസത്തിന്‍മേലാണ്‌ ഇപ്രാവശ്യം ഭാര്യ ഗര്‍ഭം ധരിച്ചപ്പോള്‍ ഒന്നും നല്‍കാതിരുന്നത്‌. മോളെ പ്രസവിച്ച സമയം അവള്‍ ചുമന്നിട്ടായിരുന്നു എന്നാല്‍ ദിവസം കൂടും തോറും തൊലിയുടെ നിറം മങ്ങിവന്നു. അവള്‍ എന്നെ ദേഷ്യത്തോടെ നോക്കി, നിങ്ങളോട്‌ അന്നേ ഞാന്‍ പറഞ്ഞതാ അല്‍പം കുങ്കുമപ്പൂവ്‌ വാങ്ങിത്തരാന്‍ എന്ന്‌ മുഖഭാവത്തില്‍ നിന്നും എനിക്ക്‌ വായിച്ചെടുക്കാം.... 

കുഞ്ഞിനെ കാണാന്‍ വന്നവര്‍ ഓരോരോ അഭിപ്രായങ്ങള്‍ ഉന്നയിച്ച്‌ കൊണ്‌ടിരുന്നു. കുഞ്ഞിന്‌റെ ചെവിയും കൈപ്പത്തിയും ജനനേന്ദ്രിയവും വെളുത്തിട്ടാണ്‌ അപ്പോള്‍ ഭാവിയില്‍ വെളുക്കാന്‍ സാധ്യതയുണ്‌ട്‌. നിങ്ങള്‍ കാത്തിരിക്കൂ... നിറമേതായാലും ആയുരാരോഗ്യം നല്‍കണേ എന്നാണ്‌ എന്‌റെ പ്രാര്‍ത്ഥന. അഭിപ്രായമുന്നയിക്കുന്നവരുടെ വായ അടപ്പിക്കാന്‍ എനിക്കാവില്ലല്ലോ? അല്ല!! പെണ്‍കുട്ടിയാണല്ലേ? എന്നാല്‍ ഇപ്പോഴേ തുടങ്ങിക്കോളൂ സമ്പാദിക്കാന്‍! ശരിക്കൊമൊന്ന്‌ കണ്ണ്‌ തുറന്ന്‌ നോക്കാന്‍ പോലും തുടങ്ങിയിട്ടില്ലാത്ത കുഞ്ഞിന്‌റെ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ബന്ധുമിത്രാദികളെ ഞാന്‍ നിസ്സംഗതയോടെ നോക്കി. ആണിനേയും പെണ്ണിനേയും തരുന്നവന്‍ സര്‍വ്വശക്തനായ അല്ലാഹുവാണ്‌... പ്രപഞ്ചത്തിന്‌റെ നിലനില്‍പിനും സന്തുലിതാവസ്ഥക്കും ആണും പെണ്ണും കൂടിയേ തീരൂ എന്ന്‌ അറിയാത്തവരാണോ ഇവര്‍. 

തിരക്കുകളില്‍ നിന്നെല്ലാം അകന്ന്‌ ഏകനായി ഒരാള്‍ അവിടെ ഒരു മൂലയില്‍ ഇരിക്കുന്നുണ്‌ട്‌. അവന്‌റെ സാമ്രാജ്യത്തിലേക്ക്‌ പുതിയ ഒരംഗം വന്നതിലുള്ള ഈര്‍ഷ്യ വാക്കിലും പെരുമാറ്റത്തിലുമുണ്‌ട്‌. മൂന്ന്‌ വയസേ ആയിട്ടുള്ളൂവെങ്കിലും കൊച്ചു കൊച്ചു വികാരവിചാരങ്ങള്‍ അവനെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. ഒറ്റപ്പെടുന്നു എന്നൊരു തോന്നല്‍ ഇപ്പോള്‍ അവനിലുണ്‌ട്‌. ഏത്‌ സമയവും അപരിചിതരുമായി ചാറ്റ്‌ ചെയ്യുന്ന ഒരു ഉപ്പയും കുഞ്ഞിന്‌റെ കാര്യം മാത്രം ശ്രദ്ധിക്കുന്ന ഉമ്മയില്‍ നിന്നും അവന്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. വെളുത്ത്‌ തുടുത്ത കവിളുകളെല്ലാം പോയി എല്ലൊട്ടിയിരിക്കുന്നു. വയറൊട്ടി നന്നായി മെലിഞ്ഞിരിക്കുന്നു. കണ്ണില്‍ വിഷാദ ഭാവവും. 

ഉറങ്ങിയെണീറ്റാല്‍ മുതല്‍ ദുര്‍വാശികളാണിപ്പോള്‍!!! കുട്ടിയെ കിടത്തുന്ന തൊട്ടിലില്‍ അവനും അതുപോലെ കിടന്നുറങ്ങണം, കുഞ്ഞിന്‌ പാല്‌ കൊടുക്കാന്‍ പാടില്ല, കാലിന്‍മേല്‍ കിടത്തി അവനേയും കുളിപ്പിക്കണം. ഡയപ്പര്‍ ധരിക്കണം.. കുട്ടിയെ പൊതിയുന്ന ടര്‍ക്കിത്തുണിയില്‍ അവനേയും പൊതിയണം. കുഞ്ഞിന്‌റെ ജെട്ടി അവനുമിടണം!.. കൊച്ചു കൊച്ചു വാശികള്‍ ആദ്യമൊക്കെ രസകരമായിരുന്നു പിന്നെ പിന്നെ ശല്യമായി തോന്നിത്തുടങ്ങി. അവന്‌റെ കുഞ്ഞു മനസ്സിന്‌റെ ആഗ്രഹങ്ങളല്ലേ എന്നോര്‍ത്ത്‌ ഞാന്‍ പലതിനും സമ്മതം മൂളി. 

ഇപ്പോള്‍ എന്തിനും ഏതിനും ശാസനകളും ശകാരങ്ങളുമാണ്‌. പഴയത്‌ പോലെ ഒച്ചയെടുത്താല്‍ കുഞ്ഞുണരുമെന്ന്‌ ഉമ്മയുടെ ശകാരം, ഭക്ഷണം കഴിക്കാന്‍ മടികാട്ടിയാല്‍ നിര്‍ബ്ബന്ധിച്ച്‌ തീറ്റിക്കാന്‍ പഴയത്‌ പോലെ അവള്‍ക്കും സമയമില്ല. താന്‍ എന്ത്‌ ചെയ്താലും തെറ്റായിപ്പോകുമോ എന്നുള്ള ഭയം അവന്‌റെ കണ്ണുകളില്‍ നിഴലിച്ച്‌ നില്‍ക്കുന്നു. എന്തിനും അരുത്‌ അരുത്‌ എന്നുള്ളത്‌ അവനെ ആശയക്കുഴപ്പത്തിലാക്കി. ചെട്ടുകം കൊണ്‌ടുള്ള അടിയും ശാസനകളും ഇപ്പോള്‍ ശീലമായിട്ടുണ്‌ട്‌. താനൊരു ശല്യമാവുന്നോ എന്നുള്ള ആധി അവനെ ദിനം പ്രതി തളര്‍ത്തി കൊണ്‌ടിരുന്നു. മുഖത്തെ വിഷാദ ഭാവം വെറുതെ ഉണ്‌ടായതല്ലെന്ന്‌ എനിക്കറിയാം. 

മുഖത്ത്‌ പുഞ്ചിരി വിടരണമെങ്കില്‍ ഞാന്‍ തന്നെ അവനെ കൊഞ്ചിക്കണം... ഇപ്പോള്‍ ഞാനാണവന്‌ പ്രിയങ്കരന്‍. ജോലിക്കിറങ്ങും നേരം വാതിലില്‍ വന്ന്‌ തടഞ്ഞ്‌ നിര്‍ത്തി "ഉപ്പ ഓഫീസിലേക്ക്‌ പോകേണ്‌ട" എന്ന്‌ പറഞ്ഞ്‌ സങ്കടം മുഴുവന്‍ ചുണ്‌ടിലേക്കാവാഹിച്ച്‌ വിതുമ്പി കരയുന്ന രംഗം ഹൃദയഭേദകമാണ്‌. ഉപ്പയില്ലെന്ന്‌ കരുതി അവന്‌ യാതൊരു കുറവുമുണ്‌ടാവില്ല പക്ഷെ പട്ടാളച്ചിട്ട അവനിഷ്ടമില്ല. കുഞ്ഞുനാളില്‍ ഞാനും അങ്ങനെയായിരുന്നത്രെ. ശിക്ഷണവും നിയന്ത്രണവും തീരെ ഇഷ്ടമില്ലാത്തവര്‍. 

ഉറങ്ങാനവന്‌ എന്‌റെ കൈത്തണ്‌ട എപ്പോഴും വേണം. വലതു കൈത്തണ്‌ട അവനുള്ളതായിരുന്നു, അതാണവന്‌റെ തലയിണ. ഞാന്‍ കിടക്കാന്‍ വൈകുന്നതിനനുസരിച്ച്‌ അവന്‌റെ ഉറക്കവും വൈകും. കോട്ടുവാ ഇട്ട്‌ എനിക്ക്‌ ചുറ്റും അലസമായി നടന്ന്‌ മടിയില്‍ കയറി ഇരുന്ന്‌ ഉറങ്ങിക്കളയും. കൊണ്‌ട്‌ പോയി കിടത്തിയാല്‍ ഉപ്പ അടുത്തില്ല എന്ന്‌ മനസ്സിലാക്കി എഴുന്നേറ്റ്‌ വന്ന്‌ കരയും.. ഉണ്ണിക്കുട്ടന്‌റെ ആ കരച്ചില്‍ എന്‌റെ കാതുകളില്‍ ചൂഴ്ന്നിറങ്ങിയപ്പോള്‍ ഞാന്‍ പാതിമയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന്‌ ചുറ്റുപാടും നോക്കി. 

ഫ്ളാറ്റില്‍ മടുപ്പിക്കുന്ന നിശ്ശബ്ദത മാത്രം... നിശ്ശബ്ദതയെ കീറി മുറിച്ച്‌ ടാപ്പില്‍ നിന്നും വെള്ളം ഇടക്കിടെ ഇറ്റിറ്റ്‌ വീഴുന്നു... അവന്‌റെ കുഞ്ഞു സൈക്കിള്‍ അലക്ഷ്യമായി മൂലയില്‍ കിടക്കുന്നു. കുട്ടിയായിരുന്നപ്പോള്‍ അണിഞ്ഞിരുന്ന പരുത്തി കുപ്പായവും ട്രൌസറും ഞാന്‍ മെല്ലെയെടുത്ത്‌ തലോടി അതില്‍ ഉമ്മവെച്ചു. കണ്ണുനീര്‍ തുള്ളികള്‍ അതിലേക്ക്‌ ഇറ്റിറ്റ്‌ വീണു. എന്‌റെ ഉണ്ണിക്കുട്ടന്‍ ഇപ്പോള്‍ അടുത്തില്ല. 

ഇനിയും ഈ നാല്‌ ചുമരുകള്‍ക്കിടയിലവനെ അടച്ചിട്ടാല്‍, ചെറിയ വാശികള്‍ക്ക്‌ കൂച്ചു വിലങ്ങിട്ടാല്‍ ആ പഴയ ഉണ്ണിക്കുട്ടനെ നഷ്ടപ്പെട്ടേക്കാം എന്ന ഡോക്ടറുടെ ഉപദേശം എന്നെ വളരെ ചിന്തിപ്പിച്ചു, അവനെ നോക്കാന്‍ ഞാന്‍ മാത്രം പോര. കിളികളും പറവകളും വൃക്ഷലതാതികളും അവനറിയണം അവനെ അറിയണം. അവന്‌ വല്ല്യുപ്പയും, വല്ലുമ്മയും മറ്റു ബന്ധു മിത്രാദികളും വേണം. അവന്‍ പ്രകൃതിയെ അറിയണം, ബന്ധങ്ങളെ അറിയണം സമൂഹത്തെ അറിയണം. സമ പ്രായത്തിലുള്ള കുട്ടികളുമായി ഓടിച്ചാടി കളിച്ച്‌ തിമിര്‍ത്ത്‌ വളരണം. കിളികളോട്‌ കിന്നാരം ചൊല്ലണം, മഴയുള്ള രാത്രികളില്‍ കിനാവ്‌ കാണണം, പുഴയിലെ പരല്‍മീനുകളോടോപ്പം നീന്തിത്തുടിക്കണം. പുതുമണ്ണിന്‌റെ മണമറിഞ്ഞ്‌ വളരണം. ഈ നാല്‌ ചുമരുകള്‍ക്കുള്ളില്‍ അവനാരോട്‌ കിന്നാരം ചൊല്ലും. മരുക്കാറ്റും എയര്‍കണ്‌ടീഷന്‌റെ മൂളലും അവനെ എന്ത്‌ പഠിപ്പിക്കാന്‍. 

കുഞ്ഞുവാവയുടെ കരച്ചിലും അവ്യക്ത ശബ്ദങ്ങളും ഭാര്യയുടെ ഉപദേശങ്ങളും ഫ്ളാറ്റില്‍ ഇപ്പോള്‍ മുഴങ്ങുന്നില്ല. അടുക്കളയില്‍ പാത്രങ്ങളുടെ കലപില ശബ്ദമില്ല. ഒരുമാസം മുമ്പ്‌ ഇവിടം ശബ്ദമുഖരിതമായിരുന്നു. ഇപ്പോള്‍ ശ്മശാന മൂകത... ഉപ്പയില്ലാത്ത പുതിയ ലോകത്ത്‌ അവന്‍ എങ്ങനെയെന്നാവോ? എന്‌റെ കൈത്തണ്‌ടയില്ലാതെ അവന്‍ ഉറങ്ങുന്നുണ്‌ടോ ആവോ!!? 

ആറേഴു വര്‍ഷക്കാലം ജീവിച്ച വാടക ഫ്ളാറ്റില്‍ പുതിയ താമസക്കാര്‍ എത്തി. അവര്‍ എല്ലാം വലിച്ച്‌ വാരിയിട്ട്‌ കുപ്പയില്‍ തള്ളിക്കൊണ്‌ടിരുന്നു. ഉണ്ണിക്കുട്ടന്‌റെ സൈക്കിളും അവന്‌റെ കുഞ്ഞുവസ്ത്രങ്ങളുമെടുത്ത്‌ ഞാന്‍ കാറിന്‌റെ ഡിക്കിയില്‍ വെച്ചു. ആ സൈക്കിളായിരുന്നു അവന്‌റെ ജീവന്‍, അതിലായിരുന്നു അവന്‌റെ ഇരുപ്പും സഞ്ചാരവും. അത്‌ ഞാനെങ്ങനെ ഉപേക്ഷിക്കാന്‍... അത്‌ കുപ്പയില്‍ തള്ളാന്‍ എനിക്ക്‌ മനസ്സ്‌ വന്നില്ല. അവരുടെ സാന്നിധ്യമനുഭവപ്പെടാന്‍ എനിക്കിത്‌ ധാരാളം. യാത്ര പറഞ്ഞ്‌ ഫ്ളാറ്റിന്‌റെ പടികളിറങ്ങുമ്പോള്‍ പിറകില്‍ നിന്നുമൊരു വിളി കേട്ടു... ഉപ്പാ.... ഉണ്ണിക്കുട്ടന്‌റെ പതിവ്‌ വിളി. കുസൃതിച്ചിരി കണ്ണുകളിലൊളിപ്പിച്ച്‌ അവന്‍ സ്റ്റെയര്‍കേസിറങ്ങിവരുന്നത്‌ പോലെ എനിക്ക്‌ തോന്നി. ഇല്ല... ഞാനിപ്പോള്‍ ഏകനാണ്‌!!!

 
അടുത്ത അവധിക്കാലം ഞാന്‍ നാട്ടിലെത്തുമ്പോള്‍ ഉണ്ണിക്കുട്ടന്‍ വളര്‍ന്ന്‌ വലുതായിട്ടുണ്‌ടാകും. ഉറങ്ങാന്‍ അപ്പോള്‍ എന്‌റെ കൈത്തണ്‌ടയുടെ ആവശ്യമുണ്‌ടാകില്ല. കൈകള്‍ നീട്ടിയാല്‍ എന്‌റെ ശരീരത്തിലേക്ക്‌ പടര്‍ന്ന്‌ കയറാന്‍ പഴയത്‌ പോലെ ഓടി വരില്ലായിരിക്കും. അവന്‌ ഞാന്‍ പഴയത്‌ പോലെ പ്രിയങ്കരനായിരിക്കില്ല. ഒരപരിചിതനാവാം.. അല്ലെങ്കില്‍ ഒരകന്ന ബന്ധു. അവന്‌റെ കുഞ്ഞുമനസ്സിന്‌റെ ഏതെങ്കിലുമൊരു കോണില്‍ മങ്ങിയ രൂപമായി ഈ ഉപ്പയുണ്‌ടാവുമായിരിക്കും... പ്രയാസങ്ങള്‍ അനുഭവിക്കുന്ന പ്രവാസിയായ ഒരുപ്പ. നെഞ്ചില്‍ വിരഹത്തിന്‌റെ നൊമ്പരം പേറി നീറിനീറിപ്പുകയുന്ന ഈ ഉപ്പ... ഞാന്‍... ഞാനൊരു പാവം പ്രവാസി...

44 comments:

 1. ഉണ്ണിക്കുട്ടന്മാരുടെ വേദനയാൽ കഴിയുന്ന മാതാപിതാക്കൾക്ക് സമർപ്പിക്കുന്നു....

  എന്റെ പഴയ നഷ്ടപ്പെട്ട ബ്ലോഗിൽ നിന്നും പുതിയ ബ്ലോഗിലേക്ക് കയറ്റിയതാണിത്, വായിക്കാത്തവർ വായിക്കുമല്ലോ ?

  ReplyDelete
 2. വായിച്ചിരുന്നു മുമ്പ്
  ഇപ്പോഴും ഒന്നുകൂടെ വായിച്ചു

  ഇനിയും വായിച്ചാലും മടുപ്പ് തോന്നാത്ത കഥ

  ReplyDelete
 3. വളരെ മനോഹരമായി വളരെ നന്നായി പറഞ്ഞിരിക്കുന്നു

  ആശംസകൾ

  ReplyDelete
 4. ഇത് ഞാന്‍ നേരത്തെ വായിച്ചതാ

  ReplyDelete
 5. വികാര വിചാരങ്ങള്‍ നന്നായ്‌ വിവരിച്ചിട്ടുണ്ട് അതിലുപരി ഒരു പ്രവാസി ഉപ്പയുടെ വേദനയും നിഴലിക്കുന്നുണ്ട്
  രണ്ടാമത്തെ കുട്ടിയുടെ വരവോടെ എത്ര ശ്രദ്ധിച്ചാലും കുട്ടികളില്‍ കുറെ മാറ്റങ്ങള്‍,ഉണ്ടാകും അവര്‍ മാത്രം അനുഭവിച്ചിരുന്ന സ്നേഹവും ശ്രദ്ധയും മറ്റു ഒരാളിലേക്ക് കൂടി പങ്കു വയ്ക്ക പെടുമ്പോള്‍ അവര്‍ സ്വയം ഉള്‍വലിയും.വളരെ ശ്രദ്ധിക്കേണ്ട സമയമാണ് അത് . ഉപ്പയുടെ നൊമ്പരതെക്കള്‍ എന്നെ വേദനിപ്പിച്ചത് ഒറ്റപെട്ടു പോയ ഉണ്ണി കുട്ടന്‍ ആണ്.മനോഹരമായ രചനക്ക് അഭിനന്ദനങ്ങള്‍ ഒപ്പം ആശംസകള്‍ മോഹി ...

  ReplyDelete
 6. ഞാനും മുന്നേ വായിച്ചതാ വീണ്ടും ഇപ്പോൾവായിച്ചു

  ReplyDelete
 7. പ്രീയ മോഹീ , അന്നുമിന്നും ഒരേ ഫീല്‍ പകരുന്നുണ്ടീ വരികള്‍
  അന്നു വിശാലമായൊരു കമന്റ് ഇട്ടിരുന്നു ഞാന്‍ ..
  മനസ്സിന്റെ ചില ഉള്‍താപങ്ങളില്‍ നിന്നും ഉറവ പൊട്ടുന്ന
  കഥാംശമുണ്ട് ഇതില്‍ , അതിലുപരി നമ്മള്‍ പ്രവാസികളുടെ
  നേര്‍ ചിത്രങ്ങള്‍ .. ചില ചെറിയ കാര്യങ്ങള്‍ വരേ നമ്മേ
  അഗാദ ദുഖത്തിലാഴ്ത്തുമല്ലേ , പ്രവാസിയായ് പൊയതില്‍
  പിന്നേ കൂടുതല്‍ സെന്‍സ്റ്റിറ്റീവ് ആകുന്നു എന്നൊരു തൊന്നല്‍ ..
  സ്നേഹാശംസകള്‍ പ്രീയപെട്ട കൂട്ടുകാര ...!

  ReplyDelete
 8. ബാഹ്യമം സൗന്ദര്യം മണലിലെ ഭിത്തി പോൽ
  ആണതെന്നോർക്കണം മാനവരെ .... നല്ല കഥ
  ചേര്ച്ചയുള്ള വാക്കുകൾ . ആശംസകൾ ...

  ReplyDelete
 9. ഒന്നുറക്കെ കരയാന്‍ തോന്നി ..ഇതൊരു കഥയല്ല ..ജീവിതം

  ReplyDelete
 10. ഉണ്ണിക്കുട്ടനെ ഞാൻ
  ആദ്യം തൊട്ടറിഞ്ഞിട്ടുള്ളതാണ്..
  എന്നാലും ഒരു പുനർ വായനക്ക് വകയുള്ള
  ഒന്നാന്തരം ക്ലിപ്പുകളാണല്ലൊ ഇതിലുള്ളത് അല്ലേ..

  പിന്നെ
  സർഗ വേദിയിൽ ഇടം പിടിച്ച
  ‘ഉണ്ണിക്കുട്ടന്റെ ലൊകത്തിനും’,സൺ ഡേയ്
  പ്ലസ്സിൽ വന്ന ‘അപരിചിതർക്കും’ ഇതോടൊപ്പം
  അഭിനന്ദനങ്ങൾ നേർന്നുകൊള്ളുന്നു കേട്ടൊ മൊഹീ

  ReplyDelete
 11. ഫ്ലാറ്റ് ,പ്രവാസി ,ഒറ്റപെടല്‍ ഒരുപാട് ഉണ്ണികുട്ടന്‍മാര്‍.. ഉപ്പമാര്‍ ...

  ReplyDelete
 12. മനോഹരമായ കഥയാണ് കേട്ടോ...
  നല്ല ഫീല്‍...,..

  വായിക്കണംന്നു തോന്നുമ്പോള്‍ ഞാന്‍ ഇനിയും വരും...

  ReplyDelete
 13. പ്രവാസിയുടെ ജീവിതത്തിലെ സങ്കടകരമായ വളരെയേറെ ജീവിതമുഹൂര്‍ത്തങ്ങള്‍ ഇതിലുണ്ട്.അതിന്‍ പ്രകാരമുള്ള ചില കണ്ടെത്തലുകളും.വളരെ ഹൃദ്യമായി അവതരിപ്പിച്ചു.ആശംസകള്‍

  ReplyDelete
 14. പ്രവാസിയുടെ വേദന അറിയുന്ന ഈ പ്രിയങ്കരനായ എഴുത്തുകാരനെ ഞാന് നമിക്കുന്നു.

  "അച്ഛനമ്മമാര്‍ വെളുത്ത നിറമാണെങ്കില്‍ കുഞ്ഞിന്‌ പാരമ്പര്യമായി ആ നിറം കിട്ടുമെന്നെനിക്കറിയാം.. അത്‌ എത്ര കുങ്കുമപ്പൂ കഴിച്ചാലും ഇല്ലേലും കിട്ടുമെന്ന വിശ്വാസത്തിന്‍മേലാണ്"
  മേലെ ഉദ്ധരിച്ച വരികള് എന്റെ ജീവിതത്തിലും സംഭവിച്ചു. കുട്ടി കറുപ്പായലന്താ, വെളുപ്പായിലെന്താ എല്ലാ അല്ലാഹു തരുന്നതല്ലെ, അതിന് നമ്മള് പ്രത്യാകിച്ച് ഒന്നും കഴിക്കണ്ട എന്ന നിലപാടായിരുന്നു ഭാര്യക്ക്, പക്ഷെ എനിക്കതല്ലായിരുന്നു. എ്ലലാം അല്ലാഹു നോക്കും എന്നു വിചാരിച്ച് റോഡിന്റെ നടുക്ക് നില്ക്കാന് പറ്റില്ലല്ലോ. അതുപോലെ തന്നെ പല കാര്യങ്ങളിലും നമ്മള് മുന്കൈ എടുക്കേണ്ടി വരും ഭാക്കി അവന് നോക്കും. എന്തായാലും ഭാര്യ പറഞ്ഞത് പോലെ ഞാനും നിന്നു. ഞങ്ങളുടെ രണ്ടാളുടെയും നിറം കുട്ടിക്ക് കിട്ടാതെ പോയല്ലോ എന്ന് മറ്റുള്ളവരുടെ അടക്കം പറച്ചില് കേട്ട് ഭാര്യക്ക് അസ്വസ്ഥതായായി. അപ്പോയാണ് ആ കുങ്കുമപ്പൂവിന്റെ വില അവള്ക്ക് മനസ്സിലായത് . അച്ചനമ്മമാര് വെളുത്താല് കുട്ടിക്ക് ആ നിറം കിട്ടുമെന്ന് വിചാരിച്ചായിരുന്നു വെളുത്ത കുട്ടിയത്തേടി അലഞ്ഞതും,ഒരു കാര്യം ഉറപ്പായി നമ്മള് വിചാരിക്കുന്ന പോലെ കാര്യങ്ങള് നടക്കണമെന്നില്ല. കുറച്ചു ഭാഗ്യവും കൂടി കടാക്ഷിക്കണം....

  ReplyDelete
 15. ബൂലോകത്തില്‍ ഞാന്‍ ആദ്യം വായിച്ച കഥകളില്‍ ഒന്നാണ് ഇത്. ഒരു പ്രവാസിയുടെ വേദനകള്‍ മനസ്സിലാകാത്ത അന്നും ഇത് ഉള്ളില്‍ നൊമ്പരം ഉണ്ടാക്കിയതാണ്. ഇപ്പോള്‍ കൂടുതല്‍ നോവോടെ വായിക്കുന്നു. ബൂലോകത്തെ മികച്ച കഥകളില്‍ ഒന്ന്

  ReplyDelete
 16. അപരിചിതര്‍ പോലെ മറ്റൊരു കഥ..അന്ന് എന്റെ അവലോകനത്തിൽ എഴുതിയത് പോലെ ആ ഉപ്പക്കൊപ്പം നമ്മളും വേദനിക്കുന്നു..

  ReplyDelete
 17. പ്രവാസിയായ പിതാവിന്റെ ആകുലതകളും സങ്കടങ്ങളും ഉള്ളില്‍ തട്ടുംപടി ആവിഷ്ക്കരിച്ചിരിക്കുന്നു.

  മിതവാക്കുകളില്‍ ആ വികാരം വായനക്കാരന്റെ മനസ്സിലേയ്ക്ക് സംക്രമിപ്പിക്കുന്നതില്‍ രചയിതാവ് ലക്ഷ്യം കണ്ടിരിക്കുന്നു.

  നന്നായി.

  ReplyDelete
 18. നല്ല കഥ.
  ഇഷ്ടപ്പെട്ടു!

  ReplyDelete
 19. വളരെ നല്ല അനുഭവം, ഇനിയും എഴുതുക

  ReplyDelete
 20. കലക്കി മച്ചാ...
  ഇനിയും പ്രതീക്ഷിക്കുന്നു... ഈ തീഷ്ണമായ വാക്കുകൾ അനുഭവത്തിൽ മാത്രമേ ഉരുവം കൊള്ളൂ...

  ReplyDelete
 21. മക്കളുടെ മനസ്സില്‍ വെറും വിരുന്നുകാരനായി മാത്രം വരഞ്ഞുപോയ ഒരു ചിത്രമാണ് പ്രവാസി...മനസ്സിനെ നൊമ്പരപ്പെടുത്തുന്ന കഥ.മുന്‍പ് വായിച്ചതാണ്, വീണ്ടും വായിച്ചപ്പോള്‍ മനസ്സ് പല ഓര്‍മ്മകളിലൂടെയും കടന്നുപോയി.
  ഇത്തിരി നൊമ്പരം തന്നെങ്കിലും ഒരു നല്ല സൃഷ്ടി ഒരുക്കിയതിന് അഭിനന്ദനങ്ങള്‍ സുഹൃത്തേ.....

  ReplyDelete
 22. പ്രയാസങ്ങള്‍ അനുഭവിക്കുന്ന പ്രവാസിയായ ഒരുപ്പ. നെഞ്ചില്‍ വിരഹത്തിന്‌റെ നൊമ്പരം പേറി നീറിനീറിപ്പുകയുന്ന ഈ ഉപ്പ... ഞാന്‍... ഞാനൊരു പാവം പ്രവാസി...

  ReplyDelete
 23. നേരത്തെ വായിച്ചിരുന്നെങ്കിലും ഒന്നുകൂടി വായിച്ചു.
  പറഞ്ഞാല്‍ തീരാത്തതാണ് പ്രവാസിയുടെ നൊമ്പരങ്ങള്‍

  ReplyDelete
 24. ഉണ്ണിക്കുട്ടനെ നേരത്തെ വായിച്ചിരുന്നു ..ഇപ്പൊ വീണ്ടും വായിച്ചു
  പുതിയ കഥകള്‍ പോരട്ടെ മോഹി ..

  ReplyDelete
 25. ഉണ്ണിക്കുട്ടന്റെ കഥ ഒരിക്കൽ കൂടി വായിച്ചു . നേരത്തെ കമന്റു എഴുതിയതാണ് എന്നാണ് ഓര്മ്മ .

  ReplyDelete
 26. വളരെ മനോഹരമായി വളരെ നന്നായി പറഞ്ഞിരിക്കുന്നു

  ReplyDelete
 27. paavam unnikuttan alle? manassine sparsichu..
  abinandanangal..

  ReplyDelete
 28. പ്രവാസിയുടെ മനസിന്റെ വിങ്ങൽ അവനിൽ തന്നെ ഒതുങ്ങുന്നു. ആരു കേൾക്കാൻ കേട്ടാൽ തന്നെ ആർക്ക് മനസിലാവാൻ.

  ReplyDelete
 29. കഥ നന്നായിട്ടുണ്ട്, നോവ്‌ നല്കുന്ന കഥ ...
  ആശംസകൾ

  ReplyDelete
 30. മുമ്പൊരിക്കല്‍ ഈ കഥപോലെ ഒന്ന് വായിച്ച ഓര്‍മ്മ മനസിലെവിടെയോ തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. വായനയുടെ അവസാനം കമന്റ് നോക്കിയപ്പോഴാണ് അതിന്റെ ഉറവിടം തെളിഞ്ഞത്..... നല്ല കഥ. എനിക്ക് ഇഷ്ടമായി.

  ReplyDelete
 31. എന്താണ് മൊഹീ ഇപ്പോള്‍ ഒന്നും എഴുതുന്നില്ലേ?

  ReplyDelete
 32. ഇഷ്ടമായി കഥ ..
  ഇങ്ങടെ ബ്ലോഗ്‌ ആദ്യായി കാണാണ് കേട്ടാ ...
  .സന്തോഷം ... നന്ദി

  ReplyDelete
 33. നേരത്തെ വായിച്ചതും കമന്റിട്ടതും ആയിരുന്നു ഈ കഥ. ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥയാണ് ഇത്

  ReplyDelete
 34. നല്ല സ്റ്റോറി.. പെരുത്ത് ഇഷ്ടായി..

  ReplyDelete
 35. പ്രവാസിയായ അച്ഛന്‍! എത്ര പെട്ടെന്ന് ഒരു കഥ നമ്മളിലേക്ക് സംവദിക്കുന്നു... നന്ദി :)

  ReplyDelete
 36. എന്തോ..എവിടെയോ...ഒരു നീറ്റല്‍ ബാക്കിയായി

  ReplyDelete
 37. ഹൃദയസ്പര്‍ശിയായ കഥ...

  ReplyDelete
 38. നന്നായി .. ആശംസകള്‍

  ReplyDelete
 39. ഞാന്‍ സെന്റിയായത് കൊണ്ടോ എന്തോ മൊഹിയുടെ പോസ്റ്റില്‍ നിന്നിറങ്ങുമ്പോള്‍ ഒരു നൊമ്പരം ബാക്കിയാകുന്നു.

  ReplyDelete
 40. well, I am a new blogger please visit prakashanone.blogspot.com

  ReplyDelete
 41. മനസ്സില്‍ വലിയൊരു നെരിപ്പോട് കത്തിച്ചല്ലോ എന്റെ മൊഹീയേ.....

  ReplyDelete