എന്റെ നേരത്തെയുണ്ടായിരുന്ന ബ്ലോഗ് നഷ്ടപ്പെട്ടതിനാൽ രചനകളെല്ലാം ഇതിലേക്ക് മാറ്റിയിരിക്കുന്നു. നിരവധി പോസ്റ്റുകളും കമെന്റുകളും വിലപ്പെട്ട എന്റെ 240 ഓളം ഫോളോവേഴ്സും നഷ്ടപ്പെട്ടു. നിങ്ങൾ ഏവരുടേയും പിന്തുണ തുടർന്നും ഉണ്ടാകുമല്ലോ? എന്റെ രചനകളിലെ തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണമെന്ന അഭ്യർത്ഥനയോടെ, മൊഹി.

Thursday, November 8, 2012

അപരിചിതര്‍ജോലി കഴിഞ്ഞ്‌ റൂമില്‍ തിരിച്ചെത്തിയപ്പോഴേക്കും അയാള്‍ ആകെ ക്ഷീണിച്ചിരുന്നു, വന്ന പാടെ ഭാര്യ ഉണ്‌ടാക്കി കൊടുത്ത കാപ്പി ചൂടോടെ ഊതിയൂതി കുടിച്ചു. ടി വി ഓണ്‍ ചെയ്ത്‌ വാര്‍ത്തകള്‍ ശ്രദ്ദിച്ചു. ഓണ്‍ ലൈനിലൂടെ കുറച്ച്‌ മുമ്പ്‌ വായിച്ചതില്‍ നിന്നും വ്യത്യസ്ഥമായി ഒന്നും തന്നെയില്ല എന്ന്‌ മനസിലായപ്പോള്‍ അയാള്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. ഫേസ്‌ ബുക്കില്‍ നിന്നും ഗൂഗിളില്‍ നിന്നുമെല്ലാം പരിചയപ്പെട്ട അപരിചിത സൌഹൃദങ്ങള്‍ ഓണ്‍ ലൈനില്‍ വരി വരിയായി കിടക്കുന്നു.

ഈയിടയായി പരിചയപ്പെട്ട ഒരു അപരിചിത ഹായ്‌ എന്ന്‌ പറഞ്ഞ്‌ വന്നു. അതിന്‌ മറുപടി പറയും മുമ്പ്‌ ഭാര്യ എവിടെയെന്ന്‌ നോക്കി! അടുക്കളയില്‍ കര്‍മ്മനിരതയായിരിക്കുന്ന അവള്‍ ഇനി കുറച്ച്‌ നേരത്തേക്ക്‌ ഈ വഴി വരില്ല എന്ന്‌ മനസ്സിലാക്കി. മോന്‍ അടുക്കളയിലും ഹാളിലുമായി പന്തുരുട്ടി കളിക്കുന്നു. അവന്‍ അങ്ങനെയാണ്‌ ഒരിടത്ത്‌ ഒതുങ്ങിയിരിക്കുന്ന സ്വഭാവം ജനിച്ച മുതലേ ഇല്ല. കുസൃതിയാണെന്ന്‌ പറഞ്ഞാല്‍ അത്‌ അവനെ കുറിച്ചുള്ള വളരെ ചെറിയ ഉപമയേ ആകൂ.

ഹായ്‌ പറഞ്ഞ അപരിചിത മറുപടി കാണാഞ്ഞിട്ടാവണം "ഹലോ" എന്ന്‌ വീണ്‌ടും വിട്ടിരിക്കുന്നു; ചുമ്മാ ഒരു ഹായ്‌ അങ്ങോട്ടും പാസ്സാക്കി ആ ചാറ്റിംഗിന്‌ തുടക്കമിട്ടു.

മോന്‍ ഇടക്കിടെ വന്ന്‌ ബഹളമുണ്‌ടാക്കിയിട്ട്‌ പോകും.  കമ്പ്യൂട്ടറില്‍ നിന്ന്‌ കണ്ണെടുക്കാതെ തന്നെ അവനെ ഓരോന്നിനും ശാസിച്ച്‌ നിര്‍ത്തി, അവന്‌റെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരങ്ങള്‍ നല്‍കി.

അവനെ ശ്രദ്ദിക്കുന്നില്ല എന്ന്‌ മനസ്സിലായപ്പോള്‍ അടുത്ത്‌ വന്ന്‌ നിന്ന്‌ കൊഞ്ചിക്കൊണ്‌ട്‌ പറഞ്ഞു,

"ഉപ്പാ നോക്ക്‌"

"ങാ... ഞാന്‍ നോക്കി"

സ്ക്രീനില്‍ നിന്ന്‌ കണ്ണെടുക്കാതെ അയാള്‍ പറഞ്ഞു. അവനത്‌ കേള്‍ക്കേണ്ട താമസം വീണ്‌ടും കളി തുടങ്ങി. പന്ത്‌ മുകളിലേക്കിട്ടും കുഞ്ഞിക്കാലുകള്‍ കൊണ്ട്‌ തട്ടിത്തെറിപ്പിച്ചും അവന്‍ കളിച്ച്‌ കൊണ്‌ടിരുന്നു. അവനെ ആരും ശ്രദ്ദിക്കുന്നില്ല എന്ന്‌ കണ്‌ടാല്‍ അവന്‍ വീണ്‌ടും ചിണുങ്ങി കൊണ്‌ട്‌ പറയും.

"ഉപ്പ നോക്ക്‌... ഉമ്മ നോക്ക്‌"

ആരും അവനെ നോക്കിയില്ലേല്‍ അവന്‍ ഉച്ചത്തില്‍ ഒച്ച വെക്കും. വയസ്‌ രണ്‌ടരയാണെങ്കിലും അവന്റ കൂവലില്‍ ചെവി പോലും പൊട്ടി പോകും, അത്ര ശക്തിയില്‍ ഒച്ചയുണ്‌ടാക്കാന്‍ മിടുക്കനാണ്‌. ആ ഒച്ച വെക്കുന്നതിലൂടെ അവന്‌റെ ലക്ഷ്യം ഉപ്പയും ഉമ്മയും മുഴുകിയിരിക്കുന്ന ജോലിയില്‍ നിന്നും ശ്രദ്ധ തിരിച്ച്‌ അവനിലേക്ക്‌ മാത്രം ആക്കുക എന്നതാണ്‌. അങ്ങനെ ശ്രദ്ധ മുഴുവന്‍ അവനിലാണെന്ന്‌ മനസ്സിലായാല്‍ ആ അലറല്‍ നിര്‍ത്തും.

അടച്ചിട്ട മുറിയില്‍ അവന്‌ മുശിഞ്ഞ്‌ തുടങ്ങിയിട്ടുണ്‌ട്‌, ദിവസവും ഷോപ്പിംഗ്‌ മാളുകളിലോ അല്ലെങ്കില്‍ പുറത്ത്‌ പാര്‍ക്കിലോ പോയാലെ അവന്‌ അവന്‌റെ ഒരു ദിവസം കഴിഞ്ഞെന്ന്‌ തോന്നൂ. അയാള്‍ ജോലിക്കിറങ്ങാന്‍ നേരം അവന്‍ വാതില്‍ക്കല്‍ വന്ന്‌ നിന്ന്‌ മെല്ലെ പറയും

"ഉപ്പ വന്നിട്ട്‌ പാണ്‌ടയില്‍ പോണം, ജ്യൂസ്‌ വാങ്ങണം, ചോക്കലേറ്റ്‌ വാങ്ങണം"

"ങാ... ഉപ്പ വന്നിട്ട്‌ പോകാട്ടോ... "

"ങും.. "

"നല്ല കുട്ടി"

"ഉപ്പയും നല്ല കുട്ടിയാ.. " കുസൃതി നിറഞ്ഞ ചിരിയോടെ അവന്‍ പറഞ്ഞു.

വാതിലടച്ച്‌ പോകാന്‍ നേരം കൈകള്‍ വീശി ടാറ്റ എന്ന്‌ പറയും..അതെല്ലാം ഉമ്മ പഠിപ്പിച്ച്‌ കൊടുത്ത ശീലങ്ങളാണ്‌.

പതിവു പോലെ അയാള്‍ അന്നും കമ്പ്യൂട്ടറില്‍ മുഴുകിയിരിക്കുകയായിരുന്നു.. ഉപ്പയും ഉമ്മയും അവനെ ശ്രദ്ദിക്കുന്നില്ല എന്ന്‌ മനസ്സിലായപ്പോള്‍ അവന്‍ പതിവ്‌ പോലെ കൂവല്‍ അല്ലെങ്കില്‍ അലറിക്കരയാന്‍ തുടങ്ങി.. ഒരു തുള്ളി കണ്ണീര്‍ പോലും വരാതെയുള്ള ഒരു കള്ളക്കരച്ചിലാണത്‌ എന്ന്‌ അവര്‍ക്കറിയാം.

അയാളുടെ ചെവിയില്‍ വന്ന്‌ അവന്‍ ഉച്ചത്തില്‍ കാറി, ചെവി പൊത്തി കൊണ്‌ട്‌ അയാള്‍ അലറി

"എടാ നിന്നോട്‌ ഞാന്‍ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്‌ട്‌ ചെവിയില്‍ വന്ന്‌ കാറരുതെന്ന്‌"

ഉച്ചത്തില്‍ വീണ്‌ടും കാറിക്കഞ്ഞ്‌ കൊണ്‌ടായിരുന്നു ആ ചോദ്യത്തോടുള്ള അവന്റപ്രതികരണം. അയാളുടെ ചെവികള്‍ വേദനിച്ചു...ചാറ്റിംഗിണ്റ്റെ രസച്ചരട്‌ പൊട്ടിച്ചതിലും ചെവി വേദനിച്ചതിലും അയാള്‍ക്ക്‌ ദേഷ്യം വന്നു. മുഖം കോപത്താല്‍ ചുവന്നു, അവന്‍ ഉപ്പയുടെ മുഖം കണ്ട്‌ പേടിച്ച്‌ കരച്ചിലിന്റ  ശബ്ദം മെല്ലെ കുറച്ചു, അയാള്‍ അടുക്കളയില്‍ പോയി ചട്ടുകം എടുത്ത്‌ കൊണ്‌ട്‌ വന്നു. അവന്‌റെ ചന്തിയില്‍ ശക്തിയായി അടിച്ചു... ആദ്യത്തെ അടിയില്‍ അവന്‌റെ മുഖം മെല്ലെ ഒരു വശത്തേക്ക്‌ കോടുന്നത്‌ കണ്‌ടു. ഉപ്പ പിന്നേയും അടിക്കുകയാണെന്ന്‌ മനസ്സിലായപ്പോള്‍ അവന്‍ ഉച്ചത്തില്‍ കരഞ്ഞു,. പതിവ്‌ പോലെ അവന്‍ കൂവി കാറി കരഞ്ഞില്ല. വേദന കൊണ്‌ടുള്ള ദയനീയ വിലാപം! കണ്ണുനീര്‍ കവിളിലൂടെ ഒലിച്ചിറങ്ങി.

" ഇനി നീ ചകിടത്ത്‌ വന്ന്‌ കൂവുമെടാ"

"ഇല്ല...ഇനി കൂവൂല്ല"

"ഇനി കൂവിയാല്‍ ഞാന്‍ നിന്റതുട അടിച്ച്‌ പൊളിക്കും"

"ഇല്ല, ഇനി ഞാന്‍ കൂവൂല്ല  ഉപ്പാ.." കരച്ചിലിനിടെ പറഞ്ഞൊപ്പിച്ചു. തേങ്ങി കരഞ്ഞ്‌ കൊണ്‌ട്‌ ഓടിപ്പോയി ഉമ്മയുടെ മാക്സിക്കുള്ളിലൊളിച്ചു.

എന്തോ നഷ്ടപ്പെടുന്നുവെന്ന തിരിച്ചറിവില്‍ കമ്പ്യൂട്ടറിന്‌റെ മുന്നില്‍ അയാള്‍ വീണ്‌ടുമിരുന്നു. ചാറ്റ്‌ ചെയ്ത്‌ കൊണ്‌ടിരുന്ന അപരിചിത ഗുഡ്‌ ബൈ... സീ യു ടുമോറോ എന്ന്‌ മെസേജ്‌ വിട്ട്‌ ചാറ്റിംഗ്‌ അവസാനിപ്പിച്ചിട്ടുണ്‌ട്‌. ഓണ്‍ ലൈന്‍ ലിസ്റ്റില്‍ അവളെ പരതിയെങ്കിലും അവള്‍ സൈന്‍ ഔട്ടായിരുന്നു.

അയാളുടെ ശ്രദ്ധ വീണ്‌ടും മോനിലേക്ക്‌ തിരിഞ്ഞു,

"ങും.. നീ കാരണം നല്ല ഒരു ചാറ്റിംഗ്‌ നഷ്ടപ്പെട്ടു"

അവന്‍ മെല്ല്‌ മൂക്ക്‌ തുടച്ച്‌ കൊണ്ട്‌ അയാളിലേക്ക്‌ ഒട്ടിച്ചേര്‍ന്ന്‌ നിന്നു; കാരണം അവന്‌ വലുത്‌ അയാള്‍ മാത്രമാണ്‌. കൂടെ കളിക്കാനും കഥ പറഞ്ഞ്‌ തരാനും പാട്ട്‌ പാടിത്തരാനുമെല്ലാം അവന്‌ അയാള്‍ തന്നെ വേണം. അടച്ച്‌ പൂട്ടിയ മുറിയില്‍ അവന്‌റെ ലോകം അയാളാണ്‌. അയാളുമായി പിണങ്ങി നില്‍ക്കാന്‍ അവനാവില്ല...കുറച്ച്‌ നിമിഷങ്ങള്‍ പോലും.

അവന്‍ ചേര്‍ന്ന്‌ നില്‍ക്കുന്നത്‌ കണ്‌ടപ്പോള്‍ അയാള്‍ക്ക്‌ സഹതാപം തോന്നി. അവന്‌റെ കുഞ്ഞി കൈകള്‍ കൊണ്‌ട്‌ അയാളുടെ അരക്കെട്ടിലൂടെ വട്ടമിട്ട്‌ ചേര്‍ത്ത്‌ പിടിച്ചിട്ടുണ്‌ട്‌. കരഞ്ഞ്‌ കലങ്ങിയ കണ്ണുകളില്‍ ഇപ്പോഴും കണ്ണ്‌ നീര്‍ നിറഞ്ഞ്‌ നില്‍ക്കുന്നു, അവന്‍ ദയനീയമായി അയാളെ നോക്കി...

"ഉപ്പാന്‌റെ പൊന്നുമോന്‍ ഇവിടെ വന്നാ.. "

അത്‌ കേള്‍ക്കേണ്‌ട താമസം അവന്‍ അയാളുടെ മടിയില്‍ ചാടിക്കയറി. ആ വിളിക്ക്‌ വേണ്‌ടിയാണ്‌ അണഞ്ഞ്‌ കൂടി നില്‍ക്കുന്നതും. അയാള്‍ അവന്‌റെ തുടയും കാലുകളും നോക്കി. ചുവന്ന്‌ തണര്‍ത്ത്‌ നില്‍ക്കുന്ന കാലുകളില്‍ മെല്ലെ തലോടി. അയാള്‍ ആദ്യമായാണ്‌ അവനെ ഇത്ര ശക്തിയായി അടിക്കുന്നത്‌.

"മോന്‌ വേദനിച്ചോ"

"ങും..വേദനിച്ചു"

അവന്‍ മെല്ലെ തലായാട്ടി കൊണ്‌ട്‌ പറഞ്ഞു.

"എന്റ കുട്ടിയൊന്ന്‌ ചിരിച്ചാ..." അത്‌ കേട്ട്‌ അവന്‍ മെല്ലെ പുഞ്ചിരിച്ചു.

"അങ്ങനെയല്ല, ഒച്ചയുണ്‌ടാക്കി ചിരിക്ക്‌"

അവന്‍ ഒച്ചയുണ്‌ടാക്കി ചിരിച്ചു. അയാള്‍ക്കങ്ങനെയാണ്‌ മോന്‍ പ്രത്യേക ശബ്ദത്തില്‍ ഒച്ചയുണ്‌ടാക്കി ചിരിച്ചാലേ സന്തോഷമാകൂ. അവന്‍ കൊച്ച്‌ കുഞ്ഞായിരുന്നപ്പോള്‍ ഉണ്‌ടാക്കിയിരുന്ന ശബ്ദമാണത്രെ അത്‌..

"ഇനി ഒന്ന്‌ കൂവിക്കാ.... ഉപ്പയൊന്ന്‌ കേള്‍ക്കട്ടെ"

അവന്‍ കൂവിയില്ല. മെല്ലെ അയാളുടെ മുഖത്തേക്ക്‌ നോക്കി പറഞ്ഞു.

"ഉപ്പാടെ ചെവി വേദനിക്കൂലേ... ഞാന്‍ ഇനി കൂവില്ല, അലറിക്കരീല്ല.. "

അത്‌ കേട്ട്‌ അയാളുടെ കണ്ണുകള്‍ നിറഞ്ഞു...

"അത്‌ സാരമില്ല; മോന്‍ ഒന്ന്‌ കൂവിക്കേ.. "

അവന്‍ പതിവിന്‌ വിപരീതമായി മെല്ലെ കൂവി. ആ കൂവലിന്‌ പഴയ ശക്തിയില്ല....

"മോന്‍ ഉപ്പാക്കൊരു ഉമ്മ തന്നേ... " അവന്‍ ചുണ്‌ടുകള്‍ അയാളുടെ കവിളിലേക്ക്‌ നീട്ടി

"എന്‌റെ കുട്ടിക്ക്‌ എവിടെ വേദനിക്കുന്നേ" ചുവന്ന്‌ തണര്‍ത്ത്‌ കിടക്കുന്ന തുടയിലെ പാടിലേക്ക്‌ അവന്‌റെ കുഞ്ഞ്‌ വിരല്‍ നീട്ടി കൊണ്‌ട്‌ പറഞ്ഞു

"ഇബടെ"

അയാള്‍ അവിടെ മെല്ലെ തലോടി. അവന്‍ അയാളുടെ നെഞ്ചില്‍ ഒരു പൂച്ച കുഞ്ഞിനെ പോലെ ചേര്‍ന്നിരുന്നു. തുടയിലും കാലിലുമുള്ള ചുവന്ന തിണര്‍ത്തു കിടക്കുന്ന പാടുകളില്‍ അയാള്‍ മെല്ലെ തലോടിക്കൊണ്‌ടിരുന്നു.. ചാറ്റിംഗിനേയും ആ കമ്പ്യൂട്ടറിനേയും ആ നിമിഷം അയാള് ‍ വെറുത്തു. ഒരിക്കല്‍ പോലും നേരില്‍ കണ്‌ടിട്ടില്ലാത്ത അപരിചിതര്‍ക്ക്‌ വേണ്‌ടി സമയം കളയുന്നതിനേക്കാള്‍ നല്ലതല്ലെ സ്വന്തം മോന്‌റേ കുസൃതിയും കളികളും കണ്‌ടുകൊണ്‌ടിരിക്കുന്നത്‌. അവന്‌റെ വളര്‍ച്ച അനുഭവിച്ചറിയുന്നത്‌.

പണ്‌ടെങ്ങോ പരിചയപ്പെട്ട അപരിചിതന്‌റെ മെസേജ്‌ ചെറിയ വിന്‍ഡോയില്‍ പുതുതായി കിടക്കുന്നതയാളുടെ ശ്രദ്ദയില്‍ പെട്ടു. തന്‌റെ സ്റ്റാറ്റസ്‌ ഇന്‍വിസിബിള്‍ എന്നാക്കി മോനേയും കൊണ്‌ട്‌ ഡ്രസ്‌ മാറ്റി പുറത്തിറങ്ങി; വണ്‌ടിയില്‍ കയറി. മോന്‌ ഏറ്റവും ഇഷ്ടപ്പെട്ട പാര്‍ക്കായിരുന്നു അയാളുടെ ലക്ഷ്യം.
 

69 comments:

 1. എന്റെ പഴയ ബ്ലോഗിലെ നഷ്ടപ്പെട്ട പോസ്റ്റുകൾ പുതിയവയിലേക്ക് കയറ്റുന്നതാണ്. ഞാൻ ബൂലോകത്ത് വന്ന സമയം ഇട്ട പോസ്റ്റ് ആയതിനാൽ വായിക്കാത്ത നിരവധി പേരുണ്ടെന്നറിയാം. വായിക്കാത്തവർ വായിച്ച് നോക്കുമല്ലോ?

  ReplyDelete
  Replies
  1. നല്ല ലളിതവും സുന്ദരവുമായ കഥ സ്നേഹാശംസകള്‍ ....@ PUNYAVAALAN

   Delete
  2. ഉഗ്രന്‍ എന്ന് എത്ര തവണ പറഞ്ഞാലും എനിക്ക് മതിയാവില്ല. വളരെ നന്നായിട്ടുണ്ട്. നമ്മള്‍ നമ്മുടെ നിസ്സാരമായ അലോസരങ്ങള്‍ക്ക് വേണ്ടി കുട്ടികളോട് ദേഷ്യപ്പെടുന്നത് ഇന്നത്തെ കാലത്ത് വളരെ കൂടുതലാണ്‌.

   Delete
 2. വായിച്ചു തുടങ്ങിയപ്പോള്‍ ഒരു സാധാരണ കഥയായി തോന്നിയെങ്കിലും കൂടുതല്‍ ആഴങ്ങളിലേക്ക് ഇറങ്ങിയപ്പോള്‍ വളരെ ഹൃദയ സ്പര്‍ശിയായി ,.,.അഭിനന്ദനങ്ങള്‍ ,.,.,

  ReplyDelete
 3. വായിച്ചു തുടങ്ങിയപ്പോള്‍ ഒരു സാധാരണ കഥയായി തോന്നിയെങ്കിലും കൂടുതല്‍ ആഴങ്ങളിലേക്ക് ഇറങ്ങിയപ്പോള്‍ വളരെ ഹൃദയ സ്പര്‍ശിയായി.

  ഫെസ് ബുക്ക് ഒന്ലൈന്‍, ചാറ്റ് എന്നൊക്കെ പറഞ്ഞു നമ്മുടെ പ്രിയപ്പെട്ടവരുടെ സന്തോഷം ഒരുപാട് കളയുന്നുണ്ട് നാം... ഒരു പുനര്‍ചിന്ത ആവശ്യം

  ReplyDelete
 4. hum..gud 1......aanukalika prasakthathayulla varikal....abhinandhanangal oppam aashamsakalum....

  ReplyDelete
 5. നല്ലൊരു മെസ്സേജ് ഉള്ള കഥ മോഹി . കുഞ്ഞുങ്ങള്‍ക്ക്‌ അവരെ പരിഗണിക്കുന്നു എന്ന തോന്നല്‍ ഉളവാക്കുന്ന സന്തോഷം വളരെ വലുതാണ്‌ . അവരുടെ കൂടെ കളിക്കുമ്പോഴും , ചിരിക്കുമ്പോഴും അവരില്‍ ഒരാളാകുക . പ്രത്യേകിച്ചും അണുകുടുംബങ്ങള്‍ ആകുമ്പോള്‍ ഉപ്പയും ഉമ്മയും അല്ലാതെ മറ്റാരുമില്ലല്ലോ അവരോടു മിണ്ടാനും അവരെ അറിയാനും . അവസാനം പറഞ്ഞത് ഒരു സത്യമാണ് അരികിലുള്ള കുടുംബത്തേക്കാള്‍ വലുതല്ല ഒരു ഓണ്‍ലൈന്‍ ബന്ധങ്ങളും . (അക്ഷരതെറ്റുകള്‍ ഉണ്ടല്ലോ - വേഗം തിരുത്തിക്കോളൂ ) ഇഷ്ടായി കഥ :)

  ReplyDelete
  Replies
  1. ബ്ലോഗിൽ വന്ന കാലത്തുള്ളതാ... അന്ന് അക്ഷര തെറ്റുകൾ ശ്രദ്ധിച്ചിരുന്നില്ല, അത് നേരെ കോപ്പി പേസ്റ്റ് ചെയ്തതാണ്. ബ്രൌസിംഗ് പ്രോബ്ലം മൂലമുള്ള ചില അക്ഷര തെറ്റുകൾ ഉണ്ട്. തിരുത്താം അനാമിക. :) വായനക്കും അഭിപ്രായത്തിനും നന്ദി.

   Delete
 6. ഹൃദയ സ്പര്‍ശിയായ അവതരണം . അപരിചിതര്‍ക്ക് വേണ്ടി മക്കളെ ശാസിക്കുന്ന അച്ചന്നമ്മമാര്‍ക്കൊരു മുന്നറിയിപ്പ് ..സ്നേഹം അനുഭവ സാക്ഷ്യമാണ് ...അഭിനന്തങ്ങള്‍ മോഹി ....തുടരുക ...........

  ReplyDelete
 7. അനുഭവമോ സന്ദേശമോ? രണ്ടായാലും നന്ന്.

  ReplyDelete
 8. :) നന്നായിണ്ട്... touching :)

  ReplyDelete
 9. അപ്പോള്‍ നാട്ടില്‍ പോകുമ്പോള്‍ ഫേസ്ബുക്ക്‌ ഉപേക്ഷിക്കണം എന്നാണ് മൊഹി പറഞ്ഞു വരുന്നത്. അല്ലെങ്കിലും ഞാന്‍ എന്റെ മോളുടെ കൂടെ കളിയ്ക്കാന്‍ പോകുവാ, നാട്ടില്‍..

  നന്നായി പറഞ്ഞു. വളരെ ഇഷ്ടപ്പെട്ടു.

  ReplyDelete
 10. നേരത്തെ വായിച്ചിരുന്നു എങ്കിലും ഒന്നുകൂടി വായിച്ചു.
  നമ്മള്‍ ആലോചിക്കാതെ നിസാരമാക്കുന്ന ചില സംഭവങ്ങള്‍ ഇങ്ങിനെയാണ്. പിന്നീട് അതെക്കുരിച്ചോര്ത്ത് ദുഖിക്കും..ആലോചിക്കുമ്പോള്‍ പ്രയാസം പെരുകും.

  ReplyDelete
 11. ഹോ...ന്റെ മോഹി...ഇത് ഞാന്‍ പണ്ട് വായിച്ചു നീണ്ട ഒരഭിപ്രായം തന്നതായിരുന്നു...നിന്റെ ആ ബ്ലോഗിനോട് കൂടെ അതൊക്കെയും പോയല്ലോ എന്നോര്‍ക്കുമ്പോള്‍ വിഷമം...സാരല്യ..നീ വീണ്ടും പഴയതൊക്കെ പോസ്റ്റ്‌ ചെയ്യ്...വായിക്കാത്തവര്‍ വായിക്കട്ടെ ....

  ReplyDelete
 12. മനസ്സിന്‍റെ മൃദുല തന്ത്രികളില്‍ മൃദുസ്പര്‍ശമുണര്‍ത്തുന്ന അനുഭവം!
  നന്നായിരിക്കുന്നു രചന.
  ആശംസകള്‍

  ReplyDelete
 13. മോഹി,
  തികച്ചും കാലോചിതം
  ഇന്ന് പലര്‍ക്കും പറ്റുന്ന
  ഒരു അമളി എന്നിതിനെ
  വിളിക്കാം അല്ലെ!
  പോരട്ടെ പഴം കഥകള്‍
  പുതിയ പ്ലേറ്റില്‍ :-)

  ReplyDelete
 14. ഞാൻ ആദ്യായി വായിക്കാ..
  എപ്പൊ വായിക്കുകയാണെങ്കിലും വായനക്കാരനു ചിന്തിക്കുവാനും മനസ്സിലാക്കുവാനും ഉതകുന്ന ഒരു സന്ദേശമുണ്ട്‌..
  അതിനു നന്ദി..
  ആശംസകൾ ട്ടൊ...!

  ReplyDelete
 15. അപരിചിതർക്ക് ഒരു മെസേജിനു റിപ്ലേ കൊടുത്താൽ പിന്നെ അതു തുടരേണ്ടി വരും..അപ്പോൾ നമുക്ക് പലതും മിസ്സായെന്നു വരാം...അതിനേക്കാൾ നല്ലത് ആവശ്യമുള്ളതു ഫ്രണ്ട്ഷിപ്പ് മാത്രം കീപ്പ് ചെയ്യുന്നതാ...കഥ വളരെ നന്നായി.....ആശംസകൾ

  ReplyDelete
 16. നല്ല ഒരു സന്തേശം ഉള്‍കൊണ്ട കഥ .കുഞ്ഞു മക്കളെ തല്ലാന്‍ പാടില്ല എന്നറിയാവുന്ന വിവേക മുള്ളവര്‍ തന്നെ അവരെ തല്ലുന്നു ..അതും നിമിഷ നേരത്തെ സന്തോഷത്തിനു വേണ്ടി സ്വന്തവും ബന്ധങ്ങളും മറക്കുന്നു . ആശംസകള്‍ ...

  ReplyDelete
 17. കഥയിലൂടെ വളരെ നല്ലൊരു സന്ദേശം നല്‍കാന്‍ കഴിഞ്ഞു.
  ആശംസകള്‍......

  ReplyDelete
 18. ബ്ലോഗില്‍ വന്നകാലത്ത് മൊഹി നന്നായി എഴുതിയിരുന്നു. പിന്നെ ഫേസ് ബുക്കില്‍ കയറിയതുകൊണ്ടാണോ എന്തോ ബ്ലോഗ് അല്പം അവഗണിക്കപ്പെട്ടു എന്ന് തോന്നുന്നു.

  നല്ല കഥ. മുമ്പ് വായിച്ച് ഇതില്‍ അഭിപ്രായവുമെഴുതിയിരുന്നു എന്നാണോര്‍മ്മ.

  ReplyDelete
  Replies
  1. അത് സത്യം അജിത്തേട്ടാ... മനസിലെ ആശയങ്ങളൊന്നും കടലാസിലേക്ക് പകർത്താൻ കഴിയുന്നില്ല. കാരണം ഈ ഫേസ്ബുക്കിന് മുന്നിൽ തപസിരിക്കുന്നതിനാൽ ഒന്നിനും സമയമില്ല.... അഭിപ്രായത്തിനും വായനക്കും നന്ദി അജിത്തേട്ടാ...

   Delete
 19. ഇത് നേരത്തെ വായിച്ചിരുന്നു. ജീവിതത്തോട് അടുത്തു നിൽക്കുന്നതിനാൽ മൊഹിയുടെ കഥകളെല്ലാം ഹൃദയസ്പർശികളാണ്. ഇതിന്റെ രണ്ടാംഭാഗമായെഴുതിയ കഥയിലെ ഒരു സംഭാഷണം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ഓഫീസിലേക്കു പോകാനിറങ്ങുന്ന പിതാവിനോട് മൂന്നുവയസ്സുകാരനായ മകൻ പറയുന്നത്: "ഉപ്പ ഓഫീസി പോണ്ട." ഫ്ലാറ്റിൽ കളിക്കൂട്ടുകാരാരുമില്ലാതെ ഒറ്റപ്പെടുന്നതിന്റെ വിഷമമാണവന്. ആ വരികളിലെത്തിയപ്പോൾ എന്റെ കണ്ണു നിറഞ്ഞിരുന്നു. ലീവു കഴിഞ്ഞ് തിരിച്ചുപോരുന്നതിന്റെ തലേന്ന് അതേപ്രായക്കാരനായ എന്റെ മകൻ കണ്ണു നിറച്ചുകൊണ്ട് എന്നോടു പറഞ്ഞ അതേ വാചകം. "വാപ്പിച്ചി ഗൾഫി പോണ്ട..."

  ReplyDelete
  Replies
  1. നാസർ ഭായ് നന്ദി ഈ വായനക്കും കമെന്റിനും. ആ വരികൾ ഇതിന്റെ രണ്ടാം ഭാഗമായ “ഉണ്ണിക്കുട്ടന്റെ ലോകം” എന്ന കഥയിൽ നിന്നാണ്. അതിലെ സംഭാഷണം വായനക്കാരൻ ഓർക്കുന്നു എന്നത് എന്റെ എഴുത്തിനുള്ള അംഗീകരമായി എടുക്കുന്നു. അല്പം ദിവസങ്ങൾക്ക് ശേഷം അതും പോസ്റ്റ് ചെയ്യുന്നതാണ്... നന്ദി.

   Delete
 20. നല്ല കഥ..
  കുഞ്ഞുങ്ങൾ അവരെ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിനായി അവർ എന്തു വികൃതിയും കാട്ടും. ചിലപ്പോഴൊക്കെ ക്രൂരമാവാറുണ്ട് അത്തരം വികൃതികൾ....!
  ആശംസകൾ...

  ReplyDelete
 21. നല്ല കഥ. ഒരുപാട്‌ ഇഷ്ടമായി.

  ReplyDelete
 22. കുഞ്ഞുങ്ങളുടെ മനശാസ്ത്രം നന്നായി വിശകലനം ചെയ്ത ഇക്കഥ ഇഷ്ടമായി മൊഹി. കുഞ്ഞുങ്ങളുടെ നിഷ്കളങ്ക മനസ്സ് അനാവരണം ചെയ്ത കഥ അന്തസാരശൂന്യമായ ഓണ്‍ലൈന്‍ സൗഹൃദങ്ങളുടെ അനാരോഗ്യ വശങ്ങളും തുറന്നു കാട്ടി. നല്ല സന്ദേശമുള്ള രചന.

  ReplyDelete
 23. നല്ല സന്ദേശം. അപരിചിതരുടെ പിന്നാലെ പോയി സമയം കളയുന്ന സമൂഹത്തിനു ഒരു കുഞ്ഞുപദേശം...!

  ReplyDelete
 24. തിരക്കുകള്‍ക്കിടയില്‍ കുടുംബത്തെ മറന്നു പോകുന്നവര്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ ...

  ReplyDelete
 25. നല്ല പോസ്റ്റ്‌....,.നല്ല വരികള്‍...,.നല്ലൊരു ആത്മാവുള്ള കഥ.അക്ഷരത്തെറ്റുകള്‍ വായന തടസപ്പെടുത്തുന്നുണ്ട്.മംഗളം!

  ReplyDelete
  Replies
  1. അനാമിക പറഞ്ഞതിന് ശേഷം എല്ലാം തിരുത്തിയിരുന്നല്ലോ അംജിത്ത് ! ഇനി എവീടേയാ പിശക്

   Delete
 26. പഠിക്കേണ്ട ഒരു പാഠം...വായിച്ചിരിക്കാന്‍ സുഖമുള്ള വരികള്‍... കൂടുതല്‍ പറയേണ്ട ആവശ്യമില്ലല്ലോ..
  എഴുതി തെളിഞ്ഞവര്ടെ സൃഷ്ട്ടികളെ കുറിച്ച് ,... ഇഷ്ട്ടമായി... cngrddsss

  ReplyDelete
 27. പണ്ട് വായിച്ചിരുന്നു, മൊഹിയുടെ മികച്ച കഥ

  ReplyDelete
 28. മുമ്പ് ബ്ലോഗിൽ വായിച്ചിരുന്നു ഈ കഥ.....
  ലളിതം., സുന്ദരം., ഭാവദീപ്തം.

  ReplyDelete
 29. ഇപ്പോഴാണ് വായിക്കുന്നത് .കാലികം ഹൃദയത്തെ തൊടുന്ന കഥ പറച്ചില്‍ .ആശംസകള്‍

  ReplyDelete
 30. വായിച്ചിരുന്നല്ലൊ അന്ന്,
  ഇന്നും വായിച്ചു
  ഈ കഥ ഇന്നിന്റെയും നാളെയുടേയുമായിരിക്കും

  ReplyDelete
 31. ഇത് വായിചിരുന്നല്ലോ എങ്കിലും ഒത്തിരി ആശംസകള്‍ നേരുന്നു ഈ കുഞ്ഞുമയില്‍‌പീലി

  ReplyDelete
 32. കുട്ടിയുടെ മനസ്സ് ലളിതമായി, ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചു.

  ReplyDelete
 33. കൊള്ളാം വളരെ നന്നായിട്ടുണ്ട്.

  ReplyDelete
 34. This comment has been removed by the author.

  ReplyDelete
 35. കൊച്ചു കാര്യം ...വലിയ കാര്യം...
  അച്ഛന്റെ വലിയ ലോകം...കൊച്ചിന്റെ
  കൊച്ചു ലോകം... കയ്യടക്കമുള്ള
  മോഹിയുടെ എഴുത്തില്‍‍ ഈ കൊച്ചു കഥ ഭദ്രം..
  ആശംസകള്‍..

  ReplyDelete
 36. മ്മടെ പ്രവാസ ജീവിതത്തില്‍ സ്ഥിരം സംഭവിക്കുന്നതാണ് ഇത്...

  ReplyDelete
 37. എന്‍റെ മോളെ ഞാനും ഇതു പോലെ ഓടിക്കാറുണ്ട്. അടിക്കാറൊന്നുമില്ലാട്ടോ..

  ReplyDelete
 38. cheruppathile anubavamo valuppathile anubavamo? enthaayaalum valuthaayennu karuthunnorkku orupaad paadamund. great. aashamsakal.

  ReplyDelete
 39. എനിയ്ക്കും ഇഷ്ടമായി. നന്നായി അവതരിപ്പിച്ചു. ആശംസകള്‍ @PRAVAAHINY

  ReplyDelete
 40. ഈ ശിശഉ ദിനത്തില്‍ കുഞ്ഞു മക്കളെ കുറിചുള്ള നല്ലോരോ കഥ വായിക്കാനായ സന്തോഷംപങ്കിടുന്നു ...നന്നായിരിക്കുന്നു .ദൈവത്തെയും പിശാചിനെയുംഒരേസമയം കണാവുന്ന കുഞ്ഞുങളോടുള്ള സ്നേഹതില്‍ആത്മാര്‍ത്ഥത കുറഞ്ഞുകുടന്നുള്ള സുചന സ്വികാര്യമാണ് ...

  ReplyDelete
 41. കുട്ടിയുടെ കുട്ടിലോകം...എനിക്കിഷ്ടായി.

  ReplyDelete
 42. ഞാന്‍ ഒരിക്കല്‍‍ എന്റെ സഹോദരിയുടെ മോനു ഒരടി നല്‍കി. അന്നവന്‍ വിമ്മി വിമ്മിക്കരഞ്ഞുകൊണ്ട് വാതില്‍പ്പടിയിലിരുന്നത് ഞാന്‍ എന്റെ മുന്നില്‍ കാണുന്നതുപോലെ തോന്നിപ്പോയി. അവന്റെ സങ്കടം കണ്ട് എന്റെ മനസ്സു തകര്‍ന്നുപോയീന്ന്‍ പറഞ്ഞാല്‍ മതിയല്ലോ. അവനെ നിര്‍ബന്ധിച്ച് തോളിലെടുത്തിരുത്തി ഒരു കിലോമീറ്റര്‍ അകലെയുള്ള ബേക്കറിയില്‍ കൊണ്ടു ചെന്ന്‍ ഐസ്ക്രീമും ചോക്ലേറ്റുമൊക്കെ വാങ്ങി നല്‍കി സന്തോഷിപ്പിച്ചെങ്കിലും എന്തോ രണ്ടുമൂന്നുദിവസത്തേയ്ക്ക് എന്റെ മനസ്സില്‍ നിന്നും അവന്റെ കരയുന്ന മുഖം പോയില്ല. പിന്നീട് ഞാന്‍ ഇന്നേവരെ അങ്ങിനെയൊന്നും കാട്ടിയിട്ടില്ല. ഇതു വായിച്ചപ്പോള്‍ ഞാന്‍ പെട്ടന്ന്‍ ആ സംഭവം ഓര്‍ത്തുപോയി. നല്ല രചന. അഭിനന്ദനങ്ങള്‍ മൊഹീ..

  ReplyDelete
 43. ഹൃദയസ്പര്‍ശിയായ നല്ലൊരു കഥ ,കുഞ്ഞുങ്ങള്‍ എല്ലാം പെട്ടെന്ന് മറക്കുമെന്കിലും മുതിര്‍ന്നവരുടെ മനസ്സില്‍ ആ കുഞ്ഞുവേദന മായാതെ കിടക്കും

  ReplyDelete
 44. ആക്ച്ചല്‍ ബന്ധങ്ങള്‍ വിട്ടു വിര്ച്ചുല്‍ ബന്ധങ്ങള്‍ തേടി പോകുന്ന ഇന്നിന്‍റെ നേര്‍ക്കാഴ്ചകള്‍ ആയി ഈ മിനിക്കഥ ..
  മോഹിയുടെ പോസ്റ്റുകള്‍ ആര്‍ത്തിയോടെ വായിക്കുന്ന ഒരാള്‍ എന്ന നിലക്ക് എനിക്കും അജിത്‌ ഏട്ടന്‍ പറഞ്ഞതു തന്നെയാണ് തോന്നുന്നത് ,ആദ്യ കാല പോസ്റ്റുകളെ പോലെ ആ രേയ്ന്ജ് ല്‍ തുടര്ടാന്‍ എന്ത് കൊണ്ടോ മോഹി ശ്രമിക്കുന്നില്ല എന്ന് എനിക്കും തോന്നുന്നു .ഫേസ്ബുക്കില്‍ കോറിയിടുന്ന ചെറിയ ചെറിയ കുറിപ്പുകള്‍ അതിനു മുകളില്‍ വരുന്ന പോസ്റ്റുകള്‍ കൊണ്ട് മറക്കപ്പെടുന്നു ,എന്നാല്‍ ബ്ലോഗില്‍ അത് എന്നും നിലനില്‍ക്കുകയും ചെയ്യും ,അത് കൊണ്ട് ബ്ലോഗില്‍ കൂടുതല്‍ സജീവമാകുക .എല്ലാ ആശംസകളും !!!

  ReplyDelete
 45. കുഞ്ഞുവാവയെ അടിക്കണ കഥ എനിക്ക് ഇഷ്ടായില്ല........

  ReplyDelete
 46. ലളിതവും ഋജുവുമായ, നല്ലൊരു കഥ. വിര്‍ച്വല്‍ വേള്‍ഡിന്റെ നന്മയും തിന്മയും ഇന്നും ചര്‍ച്ചകളിലാണ്. അന്തിമചിത്രം ഇതുവരെയും തെളിഞ്ഞിട്ടില്ല. എങ്കിലും ആ വിഷയത്തിന്മേല്‍ ഇതൊരു വാദമുഖമാണ്. അതിലേയ്ക്കൊരു വാതില്‍ പിന്നെയും തുറന്നുവച്ചു.

  സസ്നേഹം..

  ReplyDelete
 47. ആദ്യ കാലത്ത് എഴുതിയ കഥയാണല്ലേ? ഒരു നല്ല കഥാകാരന്‍ ജനിക്കാന്‍ പോകുന്നു എന്ന് ഇത് വിളിച്ചോതുന്നുണ്ട്.ഇനിയും ധാരാളമായി എഴുതി ഞങ്ങളുടെ സമയം കൊല്ലുക.ഒരു മാസ്മരികത നിങ്ങളുടെ ആഖ്യാനത്തിനുണ്ട് എന്നതില്‍ തര്‍ക്കമില്ല കേട്ടോ.

  ReplyDelete
 48. പണ്ടും വായിച്ചിട്ടുണ്ട്... മനോഹാരിത ഒരിക്കലും മാറാത്ത കഥ...

  ReplyDelete
 49. ‘ടാബലറ്റു’വായനയിലൂടെ ഈ
  ‘അപരിചിതരടക്കം’അപ്പപ്പോൾ തന്നെ ബൂലോഗ
  വായനകൾ നടക്കുന്നുണ്ടെങ്കിലും സമയക്കുറവുകാരണം
  ഇന്നാണ് ഇവിടെ മുഖം കാണിക്കാൻ സാധിച്ചത് കേട്ടൊ ഭായ്

  ReplyDelete
 50. ithu ente flatil sthiram nadakkunna sambavam aanallo :)

  ReplyDelete
 51. എന്നാലും അടിക്കണ്ടായിരുന്നു ...പാവം ..എനിക്ക് സങ്കടമായി

  ReplyDelete
 52. വീണ്ടും പോസ്റ്റ്‌ ചെയ്തു അല്ലേ... നന്നായി

  ReplyDelete
 53. 'അവന്‍ മെല്ല്‌ മൂക്ക്‌ തുടച്ച്‌ കൊണ്ട്‌ അയാളിലേക്ക്‌ ഒട്ടിച്ചേര്‍ന്ന്‌ നിന്നു; കാരണം അവന്‌ വലുത്‌ അയാള്‍ മാത്രമാണ്‌. കൂടെ കളിക്കാനും കഥ പറഞ്ഞ്‌ തരാനും പാട്ട്‌ പാടിത്തരാനുമെല്ലാം അവന്‌ അയാള്‍ തന്നെ വേണം. അടച്ച്‌ പൂട്ടിയ മുറിയില്‍ അവന്‌റെ ലോകം അയാളാണ്‌. അയാളുമായി പിണങ്ങി നില്‍ക്കാന്‍ അവനാവില്ല...കുറച്ച്‌ നിമിഷങ്ങള്‍ പോലും.'

  ഞാനിത് പണ്ട് വായിച്ച് മനസ്സറിഞ്ഞ് നല്ലൊരഭിപ്രായമിട്ടതായിരുന്നു. അതും പോയി അല്ലേ ? അന്ന് മനസ്സു തുറന്ന് വായിച്ചിട്ട അഭിപ്രായം പിന്നേയും വായിച്ചപ്പോൾ വരുന്നില്ല.
  എന്തായാലും സ്നേഹത്തിന്റെ ആ ശക്തി തെളിയിക്കുന്ന തരത്തിലുള്ള ഈ കഥ എനിക്കെന്നും ഇഷ്ടമാണ്.
  ആശംസകൾ.

  ReplyDelete
 54. മനസ്സിനെ സ്പർശിക്കുന്ന, ചിന്തനീയമായ കഥ.

  ReplyDelete
 55. ഞാന്‍ ഇട്ട കമന്റ്‌ കാണനില്ലാല്ലോ മോഹി ...

  ReplyDelete
 56. അയാള്‍ ഞാനായിരുന്നോ....
  വളരെ സാമ്യം തോന്നുന്നു ..ഒരു പക്ഷെ തോന്നലായിരിക്കാം !
  അല്ലാതിരിക്കെട്ടെ !
  ഒരുപാട് ഇഷ്ടായി മോഹി
  ആശംസകളോടെ
  അസ്രുസ്

  ReplyDelete
 57. നേരത്തെ വായിച്ചതായിരുന്നു. നല്ല കഥയാണ്.

  ReplyDelete
 58. നന്നായി കഥ പറഞ്ഞു

  ആശംസകള്‍..

  ReplyDelete
 59. കുഞ്ഞിന്റെ ഭാഗം വായിച്ചപ്പൊ കണ്ണ് നിറഞ്ഞു. ഞാന്‍ വായിക്കുമ്പോള്‍ ,എഴുതുമ്പോള്‍ എല്ലാം എന്റെ ശ്രദ്ധക്ക് വേണ്ടി എന്നെ ഇട്യ്ക്കിടെ വന്ന് ഉമ്മ വെച്ചിട്ട് പോകുന്ന എന്റെ മകളെ ഓര്‍ത്തു.ഞാന്‍ നീട്ടി വിളിച്ചു അമ്മോളൂ.. ഓടി വന്നപ്പോള്‍ ഞാന്‍ തെരുതെരെ ഉമ്മ കൊടുത്തു. സ്പെഷ്യലായി എന്തെങ്കിലും ഉണ്ടാക്കിക്കൊടുക്കാന്‍ തീരുമാനിച്ചു. ഇതാണ് ചെറിയതെന്ന് തോന്നുന്ന ചില വിഷയങ്ങള്‍ ആഴത്തില്‍ ഹൃദയത്തെ സ്പര്‍ശിക്കും.

  ReplyDelete
 60. ഒരിക്കല്‍ പോലും നേരില്‍ കണ്‌ടിട്ടില്ലാത്ത അപരിചിതര്‍ക്ക്‌ വേണ്‌ടി സമയം കളയുന്നതിനേക്കാള്‍ നല്ലതല്ലെ സ്വന്തം മോന്‌റേ കുസൃതിയും കളികളും കണ്‌ടുകൊണ്‌ടിരിക്കുന്നത്‌........ishtaayi.... Aashamsakal...

  ReplyDelete
 61. ഫെസ് ബുക്ക് ഒന്ലൈന്‍, ചാറ്റ് എന്നൊക്കെ പറഞ്ഞു നമ്മുടെ പ്രിയപ്പെട്ടവരുടെ സന്തോഷം ഒരുപാട് കളയുന്നുണ്ട് നാം... ഒരു പുനര്‍ചിന്ത ആവശ്യം 
  മനസ്സിന്‍റെ മൃദുല തന്ത്രികളില്‍ മൃദുസ്പര്‍ശമുണര്‍ത്തുന്ന അനുഭവം!നന്നായിരിക്കുന്നു രചന.ആശംസകള്‍

  ReplyDelete