എന്റെ നേരത്തെയുണ്ടായിരുന്ന ബ്ലോഗ് നഷ്ടപ്പെട്ടതിനാൽ രചനകളെല്ലാം ഇതിലേക്ക് മാറ്റിയിരിക്കുന്നു. നിരവധി പോസ്റ്റുകളും കമെന്റുകളും വിലപ്പെട്ട എന്റെ 240 ഓളം ഫോളോവേഴ്സും നഷ്ടപ്പെട്ടു. നിങ്ങൾ ഏവരുടേയും പിന്തുണ തുടർന്നും ഉണ്ടാകുമല്ലോ? എന്റെ രചനകളിലെ തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണമെന്ന അഭ്യർത്ഥനയോടെ, മൊഹി.
Showing posts with label ചെറുകഥ. Show all posts
Showing posts with label ചെറുകഥ. Show all posts

Friday, March 15, 2013

ഉണ്ണിക്കുട്ടന്‌റെ ലോകം...


ഉണ്ണിക്കുട്ടന്‌റെ പഴയ കളിചിരികളില്ലാത്ത ആ ഫ്ളാറ്റിലേക്ക്‌ ഞാന്‍ പ്രവേശിച്ചു. ടൈയും ഷര്‍ട്ടും അലസമായി ഊരി സോഫയിലെറിഞ്ഞു. അവനെവിടെ എന്ന്‌ നോക്കി. ഈയിടെയായുള്ള അവന്‌റെ മൌനം എന്നെ ആഴത്തില്‍ വേദനിപ്പിക്കുന്നു. പതിവ്‌ പോലെ ഇന്നും ആരൊക്കെയോ അതിഥികളായുണ്‌ട്‌. അല്ലെങ്കിലും കുടുംബത്തിലേക്ക്‌ പുതിയ ഒരംഗമെത്തിയെന്നറിഞ്ഞാല്‍ ബന്ധുമിത്രാദികള്‍ സന്ദര്‍ശിക്കുക പതിവാണല്ലോ? ഈ മണലാരണ്യത്തും അതിനൊരു കുറവുമില്ല. കുറവുള്ളത്‌ പ്രസവാനന്തരമുള്ള അനാചാരങ്ങള്‍ക്ക്‌ മാത്രമാണ്‌. 

പുതുതായി ജനിച്ച കുഞ്ഞിന്‌ തന്‌റേയും ഭാര്യയുടേയും നിറം കിട്ടിയില്ല എന്ന്‌ ചിലര്‍ അലക്ഷ്യമായി ഞങ്ങള്‍ കേള്‍ക്കാന്‍ പാകത്തില്‍ പറഞ്ഞ്‌ കൊണ്‌ടിരുന്നു. ഉണ്ണിക്കുട്ടനെ ഗര്‍ഭം ചുമക്കുന്ന സമയം ഞാന്‍ അവളോട്‌ ധാരാളം കുങ്കുമപ്പൂ കഴിക്കാന്‍ പറഞ്ഞിരുന്നു. സ്പാനിഷ്‌ കുങ്കുമപ്പൂവും ബദാമും പാലില്‍ കലക്കി കുടിച്ചിട്ടാവണം ഉണ്ണിക്കുട്ടന്‍ ഇങ്ങനെ വെളുത്ത്‌ ചെമന്നത്‌. 

അച്ഛനമ്മമാര്‍ വെളുത്ത നിറമാണെങ്കില്‍ കുഞ്ഞിന്‌ പാരമ്പര്യമായി ആ നിറം കിട്ടുമെന്നെനിക്കറിയാം.. അത്‌ എത്ര കുങ്കുമപ്പൂ കഴിച്ചാലും ഇല്ലേലും കിട്ടുമെന്ന വിശ്വാസത്തിന്‍മേലാണ്‌ ഇപ്രാവശ്യം ഭാര്യ ഗര്‍ഭം ധരിച്ചപ്പോള്‍ ഒന്നും നല്‍കാതിരുന്നത്‌. മോളെ പ്രസവിച്ച സമയം അവള്‍ ചുമന്നിട്ടായിരുന്നു എന്നാല്‍ ദിവസം കൂടും തോറും തൊലിയുടെ നിറം മങ്ങിവന്നു. അവള്‍ എന്നെ ദേഷ്യത്തോടെ നോക്കി, നിങ്ങളോട്‌ അന്നേ ഞാന്‍ പറഞ്ഞതാ അല്‍പം കുങ്കുമപ്പൂവ്‌ വാങ്ങിത്തരാന്‍ എന്ന്‌ മുഖഭാവത്തില്‍ നിന്നും എനിക്ക്‌ വായിച്ചെടുക്കാം.... 

കുഞ്ഞിനെ കാണാന്‍ വന്നവര്‍ ഓരോരോ അഭിപ്രായങ്ങള്‍ ഉന്നയിച്ച്‌ കൊണ്‌ടിരുന്നു. കുഞ്ഞിന്‌റെ ചെവിയും കൈപ്പത്തിയും ജനനേന്ദ്രിയവും വെളുത്തിട്ടാണ്‌ അപ്പോള്‍ ഭാവിയില്‍ വെളുക്കാന്‍ സാധ്യതയുണ്‌ട്‌. നിങ്ങള്‍ കാത്തിരിക്കൂ... നിറമേതായാലും ആയുരാരോഗ്യം നല്‍കണേ എന്നാണ്‌ എന്‌റെ പ്രാര്‍ത്ഥന. അഭിപ്രായമുന്നയിക്കുന്നവരുടെ വായ അടപ്പിക്കാന്‍ എനിക്കാവില്ലല്ലോ? അല്ല!! പെണ്‍കുട്ടിയാണല്ലേ? എന്നാല്‍ ഇപ്പോഴേ തുടങ്ങിക്കോളൂ സമ്പാദിക്കാന്‍! ശരിക്കൊമൊന്ന്‌ കണ്ണ്‌ തുറന്ന്‌ നോക്കാന്‍ പോലും തുടങ്ങിയിട്ടില്ലാത്ത കുഞ്ഞിന്‌റെ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ബന്ധുമിത്രാദികളെ ഞാന്‍ നിസ്സംഗതയോടെ നോക്കി. ആണിനേയും പെണ്ണിനേയും തരുന്നവന്‍ സര്‍വ്വശക്തനായ അല്ലാഹുവാണ്‌... പ്രപഞ്ചത്തിന്‌റെ നിലനില്‍പിനും സന്തുലിതാവസ്ഥക്കും ആണും പെണ്ണും കൂടിയേ തീരൂ എന്ന്‌ അറിയാത്തവരാണോ ഇവര്‍. 

തിരക്കുകളില്‍ നിന്നെല്ലാം അകന്ന്‌ ഏകനായി ഒരാള്‍ അവിടെ ഒരു മൂലയില്‍ ഇരിക്കുന്നുണ്‌ട്‌. അവന്‌റെ സാമ്രാജ്യത്തിലേക്ക്‌ പുതിയ ഒരംഗം വന്നതിലുള്ള ഈര്‍ഷ്യ വാക്കിലും പെരുമാറ്റത്തിലുമുണ്‌ട്‌. മൂന്ന്‌ വയസേ ആയിട്ടുള്ളൂവെങ്കിലും കൊച്ചു കൊച്ചു വികാരവിചാരങ്ങള്‍ അവനെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. ഒറ്റപ്പെടുന്നു എന്നൊരു തോന്നല്‍ ഇപ്പോള്‍ അവനിലുണ്‌ട്‌. ഏത്‌ സമയവും അപരിചിതരുമായി ചാറ്റ്‌ ചെയ്യുന്ന ഒരു ഉപ്പയും കുഞ്ഞിന്‌റെ കാര്യം മാത്രം ശ്രദ്ധിക്കുന്ന ഉമ്മയില്‍ നിന്നും അവന്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. വെളുത്ത്‌ തുടുത്ത കവിളുകളെല്ലാം പോയി എല്ലൊട്ടിയിരിക്കുന്നു. വയറൊട്ടി നന്നായി മെലിഞ്ഞിരിക്കുന്നു. കണ്ണില്‍ വിഷാദ ഭാവവും. 

ഉറങ്ങിയെണീറ്റാല്‍ മുതല്‍ ദുര്‍വാശികളാണിപ്പോള്‍!!! കുട്ടിയെ കിടത്തുന്ന തൊട്ടിലില്‍ അവനും അതുപോലെ കിടന്നുറങ്ങണം, കുഞ്ഞിന്‌ പാല്‌ കൊടുക്കാന്‍ പാടില്ല, കാലിന്‍മേല്‍ കിടത്തി അവനേയും കുളിപ്പിക്കണം. ഡയപ്പര്‍ ധരിക്കണം.. കുട്ടിയെ പൊതിയുന്ന ടര്‍ക്കിത്തുണിയില്‍ അവനേയും പൊതിയണം. കുഞ്ഞിന്‌റെ ജെട്ടി അവനുമിടണം!.. കൊച്ചു കൊച്ചു വാശികള്‍ ആദ്യമൊക്കെ രസകരമായിരുന്നു പിന്നെ പിന്നെ ശല്യമായി തോന്നിത്തുടങ്ങി. അവന്‌റെ കുഞ്ഞു മനസ്സിന്‌റെ ആഗ്രഹങ്ങളല്ലേ എന്നോര്‍ത്ത്‌ ഞാന്‍ പലതിനും സമ്മതം മൂളി. 

ഇപ്പോള്‍ എന്തിനും ഏതിനും ശാസനകളും ശകാരങ്ങളുമാണ്‌. പഴയത്‌ പോലെ ഒച്ചയെടുത്താല്‍ കുഞ്ഞുണരുമെന്ന്‌ ഉമ്മയുടെ ശകാരം, ഭക്ഷണം കഴിക്കാന്‍ മടികാട്ടിയാല്‍ നിര്‍ബ്ബന്ധിച്ച്‌ തീറ്റിക്കാന്‍ പഴയത്‌ പോലെ അവള്‍ക്കും സമയമില്ല. താന്‍ എന്ത്‌ ചെയ്താലും തെറ്റായിപ്പോകുമോ എന്നുള്ള ഭയം അവന്‌റെ കണ്ണുകളില്‍ നിഴലിച്ച്‌ നില്‍ക്കുന്നു. എന്തിനും അരുത്‌ അരുത്‌ എന്നുള്ളത്‌ അവനെ ആശയക്കുഴപ്പത്തിലാക്കി. ചെട്ടുകം കൊണ്‌ടുള്ള അടിയും ശാസനകളും ഇപ്പോള്‍ ശീലമായിട്ടുണ്‌ട്‌. താനൊരു ശല്യമാവുന്നോ എന്നുള്ള ആധി അവനെ ദിനം പ്രതി തളര്‍ത്തി കൊണ്‌ടിരുന്നു. മുഖത്തെ വിഷാദ ഭാവം വെറുതെ ഉണ്‌ടായതല്ലെന്ന്‌ എനിക്കറിയാം. 

മുഖത്ത്‌ പുഞ്ചിരി വിടരണമെങ്കില്‍ ഞാന്‍ തന്നെ അവനെ കൊഞ്ചിക്കണം... ഇപ്പോള്‍ ഞാനാണവന്‌ പ്രിയങ്കരന്‍. ജോലിക്കിറങ്ങും നേരം വാതിലില്‍ വന്ന്‌ തടഞ്ഞ്‌ നിര്‍ത്തി "ഉപ്പ ഓഫീസിലേക്ക്‌ പോകേണ്‌ട" എന്ന്‌ പറഞ്ഞ്‌ സങ്കടം മുഴുവന്‍ ചുണ്‌ടിലേക്കാവാഹിച്ച്‌ വിതുമ്പി കരയുന്ന രംഗം ഹൃദയഭേദകമാണ്‌. ഉപ്പയില്ലെന്ന്‌ കരുതി അവന്‌ യാതൊരു കുറവുമുണ്‌ടാവില്ല പക്ഷെ പട്ടാളച്ചിട്ട അവനിഷ്ടമില്ല. കുഞ്ഞുനാളില്‍ ഞാനും അങ്ങനെയായിരുന്നത്രെ. ശിക്ഷണവും നിയന്ത്രണവും തീരെ ഇഷ്ടമില്ലാത്തവര്‍. 

ഉറങ്ങാനവന്‌ എന്‌റെ കൈത്തണ്‌ട എപ്പോഴും വേണം. വലതു കൈത്തണ്‌ട അവനുള്ളതായിരുന്നു, അതാണവന്‌റെ തലയിണ. ഞാന്‍ കിടക്കാന്‍ വൈകുന്നതിനനുസരിച്ച്‌ അവന്‌റെ ഉറക്കവും വൈകും. കോട്ടുവാ ഇട്ട്‌ എനിക്ക്‌ ചുറ്റും അലസമായി നടന്ന്‌ മടിയില്‍ കയറി ഇരുന്ന്‌ ഉറങ്ങിക്കളയും. കൊണ്‌ട്‌ പോയി കിടത്തിയാല്‍ ഉപ്പ അടുത്തില്ല എന്ന്‌ മനസ്സിലാക്കി എഴുന്നേറ്റ്‌ വന്ന്‌ കരയും.. ഉണ്ണിക്കുട്ടന്‌റെ ആ കരച്ചില്‍ എന്‌റെ കാതുകളില്‍ ചൂഴ്ന്നിറങ്ങിയപ്പോള്‍ ഞാന്‍ പാതിമയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന്‌ ചുറ്റുപാടും നോക്കി. 

ഫ്ളാറ്റില്‍ മടുപ്പിക്കുന്ന നിശ്ശബ്ദത മാത്രം... നിശ്ശബ്ദതയെ കീറി മുറിച്ച്‌ ടാപ്പില്‍ നിന്നും വെള്ളം ഇടക്കിടെ ഇറ്റിറ്റ്‌ വീഴുന്നു... അവന്‌റെ കുഞ്ഞു സൈക്കിള്‍ അലക്ഷ്യമായി മൂലയില്‍ കിടക്കുന്നു. കുട്ടിയായിരുന്നപ്പോള്‍ അണിഞ്ഞിരുന്ന പരുത്തി കുപ്പായവും ട്രൌസറും ഞാന്‍ മെല്ലെയെടുത്ത്‌ തലോടി അതില്‍ ഉമ്മവെച്ചു. കണ്ണുനീര്‍ തുള്ളികള്‍ അതിലേക്ക്‌ ഇറ്റിറ്റ്‌ വീണു. എന്‌റെ ഉണ്ണിക്കുട്ടന്‍ ഇപ്പോള്‍ അടുത്തില്ല. 

ഇനിയും ഈ നാല്‌ ചുമരുകള്‍ക്കിടയിലവനെ അടച്ചിട്ടാല്‍, ചെറിയ വാശികള്‍ക്ക്‌ കൂച്ചു വിലങ്ങിട്ടാല്‍ ആ പഴയ ഉണ്ണിക്കുട്ടനെ നഷ്ടപ്പെട്ടേക്കാം എന്ന ഡോക്ടറുടെ ഉപദേശം എന്നെ വളരെ ചിന്തിപ്പിച്ചു, അവനെ നോക്കാന്‍ ഞാന്‍ മാത്രം പോര. കിളികളും പറവകളും വൃക്ഷലതാതികളും അവനറിയണം അവനെ അറിയണം. അവന്‌ വല്ല്യുപ്പയും, വല്ലുമ്മയും മറ്റു ബന്ധു മിത്രാദികളും വേണം. അവന്‍ പ്രകൃതിയെ അറിയണം, ബന്ധങ്ങളെ അറിയണം സമൂഹത്തെ അറിയണം. സമ പ്രായത്തിലുള്ള കുട്ടികളുമായി ഓടിച്ചാടി കളിച്ച്‌ തിമിര്‍ത്ത്‌ വളരണം. കിളികളോട്‌ കിന്നാരം ചൊല്ലണം, മഴയുള്ള രാത്രികളില്‍ കിനാവ്‌ കാണണം, പുഴയിലെ പരല്‍മീനുകളോടോപ്പം നീന്തിത്തുടിക്കണം. പുതുമണ്ണിന്‌റെ മണമറിഞ്ഞ്‌ വളരണം. ഈ നാല്‌ ചുമരുകള്‍ക്കുള്ളില്‍ അവനാരോട്‌ കിന്നാരം ചൊല്ലും. മരുക്കാറ്റും എയര്‍കണ്‌ടീഷന്‌റെ മൂളലും അവനെ എന്ത്‌ പഠിപ്പിക്കാന്‍. 

കുഞ്ഞുവാവയുടെ കരച്ചിലും അവ്യക്ത ശബ്ദങ്ങളും ഭാര്യയുടെ ഉപദേശങ്ങളും ഫ്ളാറ്റില്‍ ഇപ്പോള്‍ മുഴങ്ങുന്നില്ല. അടുക്കളയില്‍ പാത്രങ്ങളുടെ കലപില ശബ്ദമില്ല. ഒരുമാസം മുമ്പ്‌ ഇവിടം ശബ്ദമുഖരിതമായിരുന്നു. ഇപ്പോള്‍ ശ്മശാന മൂകത... ഉപ്പയില്ലാത്ത പുതിയ ലോകത്ത്‌ അവന്‍ എങ്ങനെയെന്നാവോ? എന്‌റെ കൈത്തണ്‌ടയില്ലാതെ അവന്‍ ഉറങ്ങുന്നുണ്‌ടോ ആവോ!!? 

ആറേഴു വര്‍ഷക്കാലം ജീവിച്ച വാടക ഫ്ളാറ്റില്‍ പുതിയ താമസക്കാര്‍ എത്തി. അവര്‍ എല്ലാം വലിച്ച്‌ വാരിയിട്ട്‌ കുപ്പയില്‍ തള്ളിക്കൊണ്‌ടിരുന്നു. ഉണ്ണിക്കുട്ടന്‌റെ സൈക്കിളും അവന്‌റെ കുഞ്ഞുവസ്ത്രങ്ങളുമെടുത്ത്‌ ഞാന്‍ കാറിന്‌റെ ഡിക്കിയില്‍ വെച്ചു. ആ സൈക്കിളായിരുന്നു അവന്‌റെ ജീവന്‍, അതിലായിരുന്നു അവന്‌റെ ഇരുപ്പും സഞ്ചാരവും. അത്‌ ഞാനെങ്ങനെ ഉപേക്ഷിക്കാന്‍... അത്‌ കുപ്പയില്‍ തള്ളാന്‍ എനിക്ക്‌ മനസ്സ്‌ വന്നില്ല. അവരുടെ സാന്നിധ്യമനുഭവപ്പെടാന്‍ എനിക്കിത്‌ ധാരാളം. യാത്ര പറഞ്ഞ്‌ ഫ്ളാറ്റിന്‌റെ പടികളിറങ്ങുമ്പോള്‍ പിറകില്‍ നിന്നുമൊരു വിളി കേട്ടു... ഉപ്പാ.... ഉണ്ണിക്കുട്ടന്‌റെ പതിവ്‌ വിളി. കുസൃതിച്ചിരി കണ്ണുകളിലൊളിപ്പിച്ച്‌ അവന്‍ സ്റ്റെയര്‍കേസിറങ്ങിവരുന്നത്‌ പോലെ എനിക്ക്‌ തോന്നി. ഇല്ല... ഞാനിപ്പോള്‍ ഏകനാണ്‌!!!

 
അടുത്ത അവധിക്കാലം ഞാന്‍ നാട്ടിലെത്തുമ്പോള്‍ ഉണ്ണിക്കുട്ടന്‍ വളര്‍ന്ന്‌ വലുതായിട്ടുണ്‌ടാകും. ഉറങ്ങാന്‍ അപ്പോള്‍ എന്‌റെ കൈത്തണ്‌ടയുടെ ആവശ്യമുണ്‌ടാകില്ല. കൈകള്‍ നീട്ടിയാല്‍ എന്‌റെ ശരീരത്തിലേക്ക്‌ പടര്‍ന്ന്‌ കയറാന്‍ പഴയത്‌ പോലെ ഓടി വരില്ലായിരിക്കും. അവന്‌ ഞാന്‍ പഴയത്‌ പോലെ പ്രിയങ്കരനായിരിക്കില്ല. ഒരപരിചിതനാവാം.. അല്ലെങ്കില്‍ ഒരകന്ന ബന്ധു. അവന്‌റെ കുഞ്ഞുമനസ്സിന്‌റെ ഏതെങ്കിലുമൊരു കോണില്‍ മങ്ങിയ രൂപമായി ഈ ഉപ്പയുണ്‌ടാവുമായിരിക്കും... പ്രയാസങ്ങള്‍ അനുഭവിക്കുന്ന പ്രവാസിയായ ഒരുപ്പ. നെഞ്ചില്‍ വിരഹത്തിന്‌റെ നൊമ്പരം പേറി നീറിനീറിപ്പുകയുന്ന ഈ ഉപ്പ... ഞാന്‍... ഞാനൊരു പാവം പ്രവാസി...

Thursday, November 8, 2012

അപരിചിതര്‍



ജോലി കഴിഞ്ഞ്‌ റൂമില്‍ തിരിച്ചെത്തിയപ്പോഴേക്കും അയാള്‍ ആകെ ക്ഷീണിച്ചിരുന്നു, വന്ന പാടെ ഭാര്യ ഉണ്‌ടാക്കി കൊടുത്ത കാപ്പി ചൂടോടെ ഊതിയൂതി കുടിച്ചു. ടി വി ഓണ്‍ ചെയ്ത്‌ വാര്‍ത്തകള്‍ ശ്രദ്ദിച്ചു. ഓണ്‍ ലൈനിലൂടെ കുറച്ച്‌ മുമ്പ്‌ വായിച്ചതില്‍ നിന്നും വ്യത്യസ്ഥമായി ഒന്നും തന്നെയില്ല എന്ന്‌ മനസിലായപ്പോള്‍ അയാള്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. ഫേസ്‌ ബുക്കില്‍ നിന്നും ഗൂഗിളില്‍ നിന്നുമെല്ലാം പരിചയപ്പെട്ട അപരിചിത സൌഹൃദങ്ങള്‍ ഓണ്‍ ലൈനില്‍ വരി വരിയായി കിടക്കുന്നു.

ഈയിടയായി പരിചയപ്പെട്ട ഒരു അപരിചിത ഹായ്‌ എന്ന്‌ പറഞ്ഞ്‌ വന്നു. അതിന്‌ മറുപടി പറയും മുമ്പ്‌ ഭാര്യ എവിടെയെന്ന്‌ നോക്കി! അടുക്കളയില്‍ കര്‍മ്മനിരതയായിരിക്കുന്ന അവള്‍ ഇനി കുറച്ച്‌ നേരത്തേക്ക്‌ ഈ വഴി വരില്ല എന്ന്‌ മനസ്സിലാക്കി. മോന്‍ അടുക്കളയിലും ഹാളിലുമായി പന്തുരുട്ടി കളിക്കുന്നു. അവന്‍ അങ്ങനെയാണ്‌ ഒരിടത്ത്‌ ഒതുങ്ങിയിരിക്കുന്ന സ്വഭാവം ജനിച്ച മുതലേ ഇല്ല. കുസൃതിയാണെന്ന്‌ പറഞ്ഞാല്‍ അത്‌ അവനെ കുറിച്ചുള്ള വളരെ ചെറിയ ഉപമയേ ആകൂ.

ഹായ്‌ പറഞ്ഞ അപരിചിത മറുപടി കാണാഞ്ഞിട്ടാവണം "ഹലോ" എന്ന്‌ വീണ്‌ടും വിട്ടിരിക്കുന്നു; ചുമ്മാ ഒരു ഹായ്‌ അങ്ങോട്ടും പാസ്സാക്കി ആ ചാറ്റിംഗിന്‌ തുടക്കമിട്ടു.

മോന്‍ ഇടക്കിടെ വന്ന്‌ ബഹളമുണ്‌ടാക്കിയിട്ട്‌ പോകും.  കമ്പ്യൂട്ടറില്‍ നിന്ന്‌ കണ്ണെടുക്കാതെ തന്നെ അവനെ ഓരോന്നിനും ശാസിച്ച്‌ നിര്‍ത്തി, അവന്‌റെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരങ്ങള്‍ നല്‍കി.

അവനെ ശ്രദ്ദിക്കുന്നില്ല എന്ന്‌ മനസ്സിലായപ്പോള്‍ അടുത്ത്‌ വന്ന്‌ നിന്ന്‌ കൊഞ്ചിക്കൊണ്‌ട്‌ പറഞ്ഞു,

"ഉപ്പാ നോക്ക്‌"

"ങാ... ഞാന്‍ നോക്കി"

സ്ക്രീനില്‍ നിന്ന്‌ കണ്ണെടുക്കാതെ അയാള്‍ പറഞ്ഞു. അവനത്‌ കേള്‍ക്കേണ്ട താമസം വീണ്‌ടും കളി തുടങ്ങി. പന്ത്‌ മുകളിലേക്കിട്ടും കുഞ്ഞിക്കാലുകള്‍ കൊണ്ട്‌ തട്ടിത്തെറിപ്പിച്ചും അവന്‍ കളിച്ച്‌ കൊണ്‌ടിരുന്നു. അവനെ ആരും ശ്രദ്ദിക്കുന്നില്ല എന്ന്‌ കണ്‌ടാല്‍ അവന്‍ വീണ്‌ടും ചിണുങ്ങി കൊണ്‌ട്‌ പറയും.

"ഉപ്പ നോക്ക്‌... ഉമ്മ നോക്ക്‌"

ആരും അവനെ നോക്കിയില്ലേല്‍ അവന്‍ ഉച്ചത്തില്‍ ഒച്ച വെക്കും. വയസ്‌ രണ്‌ടരയാണെങ്കിലും അവന്റ കൂവലില്‍ ചെവി പോലും പൊട്ടി പോകും, അത്ര ശക്തിയില്‍ ഒച്ചയുണ്‌ടാക്കാന്‍ മിടുക്കനാണ്‌. ആ ഒച്ച വെക്കുന്നതിലൂടെ അവന്‌റെ ലക്ഷ്യം ഉപ്പയും ഉമ്മയും മുഴുകിയിരിക്കുന്ന ജോലിയില്‍ നിന്നും ശ്രദ്ധ തിരിച്ച്‌ അവനിലേക്ക്‌ മാത്രം ആക്കുക എന്നതാണ്‌. അങ്ങനെ ശ്രദ്ധ മുഴുവന്‍ അവനിലാണെന്ന്‌ മനസ്സിലായാല്‍ ആ അലറല്‍ നിര്‍ത്തും.

അടച്ചിട്ട മുറിയില്‍ അവന്‌ മുശിഞ്ഞ്‌ തുടങ്ങിയിട്ടുണ്‌ട്‌, ദിവസവും ഷോപ്പിംഗ്‌ മാളുകളിലോ അല്ലെങ്കില്‍ പുറത്ത്‌ പാര്‍ക്കിലോ പോയാലെ അവന്‌ അവന്‌റെ ഒരു ദിവസം കഴിഞ്ഞെന്ന്‌ തോന്നൂ. അയാള്‍ ജോലിക്കിറങ്ങാന്‍ നേരം അവന്‍ വാതില്‍ക്കല്‍ വന്ന്‌ നിന്ന്‌ മെല്ലെ പറയും

"ഉപ്പ വന്നിട്ട്‌ പാണ്‌ടയില്‍ പോണം, ജ്യൂസ്‌ വാങ്ങണം, ചോക്കലേറ്റ്‌ വാങ്ങണം"

"ങാ... ഉപ്പ വന്നിട്ട്‌ പോകാട്ടോ... "

"ങും.. "

"നല്ല കുട്ടി"

"ഉപ്പയും നല്ല കുട്ടിയാ.. " കുസൃതി നിറഞ്ഞ ചിരിയോടെ അവന്‍ പറഞ്ഞു.

വാതിലടച്ച്‌ പോകാന്‍ നേരം കൈകള്‍ വീശി ടാറ്റ എന്ന്‌ പറയും..അതെല്ലാം ഉമ്മ പഠിപ്പിച്ച്‌ കൊടുത്ത ശീലങ്ങളാണ്‌.

പതിവു പോലെ അയാള്‍ അന്നും കമ്പ്യൂട്ടറില്‍ മുഴുകിയിരിക്കുകയായിരുന്നു.. ഉപ്പയും ഉമ്മയും അവനെ ശ്രദ്ദിക്കുന്നില്ല എന്ന്‌ മനസ്സിലായപ്പോള്‍ അവന്‍ പതിവ്‌ പോലെ കൂവല്‍ അല്ലെങ്കില്‍ അലറിക്കരയാന്‍ തുടങ്ങി.. ഒരു തുള്ളി കണ്ണീര്‍ പോലും വരാതെയുള്ള ഒരു കള്ളക്കരച്ചിലാണത്‌ എന്ന്‌ അവര്‍ക്കറിയാം.

അയാളുടെ ചെവിയില്‍ വന്ന്‌ അവന്‍ ഉച്ചത്തില്‍ കാറി, ചെവി പൊത്തി കൊണ്‌ട്‌ അയാള്‍ അലറി

"എടാ നിന്നോട്‌ ഞാന്‍ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്‌ട്‌ ചെവിയില്‍ വന്ന്‌ കാറരുതെന്ന്‌"

ഉച്ചത്തില്‍ വീണ്‌ടും കാറിക്കഞ്ഞ്‌ കൊണ്‌ടായിരുന്നു ആ ചോദ്യത്തോടുള്ള അവന്റപ്രതികരണം. അയാളുടെ ചെവികള്‍ വേദനിച്ചു...ചാറ്റിംഗിണ്റ്റെ രസച്ചരട്‌ പൊട്ടിച്ചതിലും ചെവി വേദനിച്ചതിലും അയാള്‍ക്ക്‌ ദേഷ്യം വന്നു. മുഖം കോപത്താല്‍ ചുവന്നു, അവന്‍ ഉപ്പയുടെ മുഖം കണ്ട്‌ പേടിച്ച്‌ കരച്ചിലിന്റ  ശബ്ദം മെല്ലെ കുറച്ചു, അയാള്‍ അടുക്കളയില്‍ പോയി ചട്ടുകം എടുത്ത്‌ കൊണ്‌ട്‌ വന്നു. അവന്‌റെ ചന്തിയില്‍ ശക്തിയായി അടിച്ചു... ആദ്യത്തെ അടിയില്‍ അവന്‌റെ മുഖം മെല്ലെ ഒരു വശത്തേക്ക്‌ കോടുന്നത്‌ കണ്‌ടു. ഉപ്പ പിന്നേയും അടിക്കുകയാണെന്ന്‌ മനസ്സിലായപ്പോള്‍ അവന്‍ ഉച്ചത്തില്‍ കരഞ്ഞു,. പതിവ്‌ പോലെ അവന്‍ കൂവി കാറി കരഞ്ഞില്ല. വേദന കൊണ്‌ടുള്ള ദയനീയ വിലാപം! കണ്ണുനീര്‍ കവിളിലൂടെ ഒലിച്ചിറങ്ങി.

" ഇനി നീ ചകിടത്ത്‌ വന്ന്‌ കൂവുമെടാ"

"ഇല്ല...ഇനി കൂവൂല്ല"

"ഇനി കൂവിയാല്‍ ഞാന്‍ നിന്റതുട അടിച്ച്‌ പൊളിക്കും"

"ഇല്ല, ഇനി ഞാന്‍ കൂവൂല്ല  ഉപ്പാ.." കരച്ചിലിനിടെ പറഞ്ഞൊപ്പിച്ചു. തേങ്ങി കരഞ്ഞ്‌ കൊണ്‌ട്‌ ഓടിപ്പോയി ഉമ്മയുടെ മാക്സിക്കുള്ളിലൊളിച്ചു.

എന്തോ നഷ്ടപ്പെടുന്നുവെന്ന തിരിച്ചറിവില്‍ കമ്പ്യൂട്ടറിന്‌റെ മുന്നില്‍ അയാള്‍ വീണ്‌ടുമിരുന്നു. ചാറ്റ്‌ ചെയ്ത്‌ കൊണ്‌ടിരുന്ന അപരിചിത ഗുഡ്‌ ബൈ... സീ യു ടുമോറോ എന്ന്‌ മെസേജ്‌ വിട്ട്‌ ചാറ്റിംഗ്‌ അവസാനിപ്പിച്ചിട്ടുണ്‌ട്‌. ഓണ്‍ ലൈന്‍ ലിസ്റ്റില്‍ അവളെ പരതിയെങ്കിലും അവള്‍ സൈന്‍ ഔട്ടായിരുന്നു.

അയാളുടെ ശ്രദ്ധ വീണ്‌ടും മോനിലേക്ക്‌ തിരിഞ്ഞു,

"ങും.. നീ കാരണം നല്ല ഒരു ചാറ്റിംഗ്‌ നഷ്ടപ്പെട്ടു"

അവന്‍ മെല്ല്‌ മൂക്ക്‌ തുടച്ച്‌ കൊണ്ട്‌ അയാളിലേക്ക്‌ ഒട്ടിച്ചേര്‍ന്ന്‌ നിന്നു; കാരണം അവന്‌ വലുത്‌ അയാള്‍ മാത്രമാണ്‌. കൂടെ കളിക്കാനും കഥ പറഞ്ഞ്‌ തരാനും പാട്ട്‌ പാടിത്തരാനുമെല്ലാം അവന്‌ അയാള്‍ തന്നെ വേണം. അടച്ച്‌ പൂട്ടിയ മുറിയില്‍ അവന്‌റെ ലോകം അയാളാണ്‌. അയാളുമായി പിണങ്ങി നില്‍ക്കാന്‍ അവനാവില്ല...കുറച്ച്‌ നിമിഷങ്ങള്‍ പോലും.

അവന്‍ ചേര്‍ന്ന്‌ നില്‍ക്കുന്നത്‌ കണ്‌ടപ്പോള്‍ അയാള്‍ക്ക്‌ സഹതാപം തോന്നി. അവന്‌റെ കുഞ്ഞി കൈകള്‍ കൊണ്‌ട്‌ അയാളുടെ അരക്കെട്ടിലൂടെ വട്ടമിട്ട്‌ ചേര്‍ത്ത്‌ പിടിച്ചിട്ടുണ്‌ട്‌. കരഞ്ഞ്‌ കലങ്ങിയ കണ്ണുകളില്‍ ഇപ്പോഴും കണ്ണ്‌ നീര്‍ നിറഞ്ഞ്‌ നില്‍ക്കുന്നു, അവന്‍ ദയനീയമായി അയാളെ നോക്കി...

"ഉപ്പാന്‌റെ പൊന്നുമോന്‍ ഇവിടെ വന്നാ.. "

അത്‌ കേള്‍ക്കേണ്‌ട താമസം അവന്‍ അയാളുടെ മടിയില്‍ ചാടിക്കയറി. ആ വിളിക്ക്‌ വേണ്‌ടിയാണ്‌ അണഞ്ഞ്‌ കൂടി നില്‍ക്കുന്നതും. അയാള്‍ അവന്‌റെ തുടയും കാലുകളും നോക്കി. ചുവന്ന്‌ തണര്‍ത്ത്‌ നില്‍ക്കുന്ന കാലുകളില്‍ മെല്ലെ തലോടി. അയാള്‍ ആദ്യമായാണ്‌ അവനെ ഇത്ര ശക്തിയായി അടിക്കുന്നത്‌.

"മോന്‌ വേദനിച്ചോ"

"ങും..വേദനിച്ചു"

അവന്‍ മെല്ലെ തലായാട്ടി കൊണ്‌ട്‌ പറഞ്ഞു.

"എന്റ കുട്ടിയൊന്ന്‌ ചിരിച്ചാ..." അത്‌ കേട്ട്‌ അവന്‍ മെല്ലെ പുഞ്ചിരിച്ചു.

"അങ്ങനെയല്ല, ഒച്ചയുണ്‌ടാക്കി ചിരിക്ക്‌"

അവന്‍ ഒച്ചയുണ്‌ടാക്കി ചിരിച്ചു. അയാള്‍ക്കങ്ങനെയാണ്‌ മോന്‍ പ്രത്യേക ശബ്ദത്തില്‍ ഒച്ചയുണ്‌ടാക്കി ചിരിച്ചാലേ സന്തോഷമാകൂ. അവന്‍ കൊച്ച്‌ കുഞ്ഞായിരുന്നപ്പോള്‍ ഉണ്‌ടാക്കിയിരുന്ന ശബ്ദമാണത്രെ അത്‌..

"ഇനി ഒന്ന്‌ കൂവിക്കാ.... ഉപ്പയൊന്ന്‌ കേള്‍ക്കട്ടെ"

അവന്‍ കൂവിയില്ല. മെല്ലെ അയാളുടെ മുഖത്തേക്ക്‌ നോക്കി പറഞ്ഞു.

"ഉപ്പാടെ ചെവി വേദനിക്കൂലേ... ഞാന്‍ ഇനി കൂവില്ല, അലറിക്കരീല്ല.. "

അത്‌ കേട്ട്‌ അയാളുടെ കണ്ണുകള്‍ നിറഞ്ഞു...

"അത്‌ സാരമില്ല; മോന്‍ ഒന്ന്‌ കൂവിക്കേ.. "

അവന്‍ പതിവിന്‌ വിപരീതമായി മെല്ലെ കൂവി. ആ കൂവലിന്‌ പഴയ ശക്തിയില്ല....

"മോന്‍ ഉപ്പാക്കൊരു ഉമ്മ തന്നേ... " അവന്‍ ചുണ്‌ടുകള്‍ അയാളുടെ കവിളിലേക്ക്‌ നീട്ടി

"എന്‌റെ കുട്ടിക്ക്‌ എവിടെ വേദനിക്കുന്നേ" ചുവന്ന്‌ തണര്‍ത്ത്‌ കിടക്കുന്ന തുടയിലെ പാടിലേക്ക്‌ അവന്‌റെ കുഞ്ഞ്‌ വിരല്‍ നീട്ടി കൊണ്‌ട്‌ പറഞ്ഞു

"ഇബടെ"

അയാള്‍ അവിടെ മെല്ലെ തലോടി. അവന്‍ അയാളുടെ നെഞ്ചില്‍ ഒരു പൂച്ച കുഞ്ഞിനെ പോലെ ചേര്‍ന്നിരുന്നു. തുടയിലും കാലിലുമുള്ള ചുവന്ന തിണര്‍ത്തു കിടക്കുന്ന പാടുകളില്‍ അയാള്‍ മെല്ലെ തലോടിക്കൊണ്‌ടിരുന്നു.. ചാറ്റിംഗിനേയും ആ കമ്പ്യൂട്ടറിനേയും ആ നിമിഷം അയാള് ‍ വെറുത്തു. ഒരിക്കല്‍ പോലും നേരില്‍ കണ്‌ടിട്ടില്ലാത്ത അപരിചിതര്‍ക്ക്‌ വേണ്‌ടി സമയം കളയുന്നതിനേക്കാള്‍ നല്ലതല്ലെ സ്വന്തം മോന്‌റേ കുസൃതിയും കളികളും കണ്‌ടുകൊണ്‌ടിരിക്കുന്നത്‌. അവന്‌റെ വളര്‍ച്ച അനുഭവിച്ചറിയുന്നത്‌.

പണ്‌ടെങ്ങോ പരിചയപ്പെട്ട അപരിചിതന്‌റെ മെസേജ്‌ ചെറിയ വിന്‍ഡോയില്‍ പുതുതായി കിടക്കുന്നതയാളുടെ ശ്രദ്ദയില്‍ പെട്ടു. തന്‌റെ സ്റ്റാറ്റസ്‌ ഇന്‍വിസിബിള്‍ എന്നാക്കി മോനേയും കൊണ്‌ട്‌ ഡ്രസ്‌ മാറ്റി പുറത്തിറങ്ങി; വണ്‌ടിയില്‍ കയറി. മോന്‌ ഏറ്റവും ഇഷ്ടപ്പെട്ട പാര്‍ക്കായിരുന്നു അയാളുടെ ലക്ഷ്യം.
 

Thursday, September 6, 2012

പിണക്കം ഇണക്കം


നഷ്ടബോധത്തിന്‌റെ   ഒരു നേര്‍ത്ത നൊമ്പരത്തോടെ വീണ്ടും ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. വെറുതെ ഒരോന്നോര്‍ത്ത്‌ കിടന്നു. ഇല വന്ന്‌ വീണാലും മുള്ള്‌ വന്ന്‌ വീണാലും നഷ്ടം ഇലക്ക്‌ തന്നെ. ഞാന്‍ ഒരു പാവം പ്രവാസി !.   എന്തിനാണ്‌ ഭാര്യയോട്‌ പിണങ്ങിയത്‌ ?  വെറുതെ ...  പിണക്കത്തിലൂടെയുള്ള ഇണക്കങ്ങള്‍ക്ക്‌ ഒരു പ്രത്യേക സുഖമുണ്ട്‌ ! . പിണങ്ങി വീണ്ടും ഇണങ്ങുമ്പോഴുണ്ടാകുന്ന നൈമിഷിക സുഖം അതിന്‌ വേണ്ടിയുള്ള പിണക്കങ്ങള്‍ക്ക്‌ ഒരുപാട്‌ കാരണങ്ങള്‍ വേണ്ടിയിരുന്നു .  ദുര്‍വാശിയും കൂട്ടിക്കലര്‍ത്തിയാലേ പിണങ്ങാന്‍ പറ്റൂ. പിണങ്ങാന്‍ ഓരോരോ കാരണങ്ങള്‍ ഇണങ്ങാനോ ?  

സാധാരണ ഇത്ര ദീര്‍ഘമായി പിണങ്ങാറുള്ളതല്ല. എന്തൊക്കെയായാലും നഷ്ടം എനിക്ക്‌ തന്നെ. റൂമിലെ മുഷിപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്നും തല്‍ക്കാലത്തേക്കുള്ള സ്വാന്തനം ആ ഫോണ്‍ വിളികള്‍ മാത്രമായിരുന്നു. ചില ദുര്‍വാശികള്‍ മൂലം ഇപ്പോള്‍ അതും ഇല്ലാതായി . എന്നോട്‌ സംസാരിക്കാതെ അവള്‍ എങ്ങനെ പിടിച്ച്‌ നില്‍ക്കുന്നു. സമ്മതിക്കണം !  ഒരു ദിവസം വിളിച്ചില്ലെങ്കില്‍ പരാതികളുടെ ഒരു പ്രളയം തന്നെയായിരുന്നു. അവള്‍ക്കെങ്ങനെ മാറാന്‍ കഴിഞ്ഞു..

മൊബൈല്‍ മണിയടിക്കുന്ന  ശബ്ദം‌ കേട്ട്‌ പാതി മയക്കത്തില്‍ നിന്നും ചാടി എഴുന്നേറ്റ്‌ ആകാംക്ഷയോടെ എടുത്ത്‌ നോക്കി !.  അവളുടെ മിസ്സ്ഡ്‌ കോളാണോ?അല്ല ! . അത്‌ എന്നും അങ്ങനെയായിരുന്നല്ലോ ?  മണിക്കൂറില്‍ നാല്‌ പ്രാവശ്യം എന്ന തോതില്‍ മിസ്സ്ഡ്‌ കാള്‍ വിടാറുണ്ടായിരുന്നല്ലോ?. ഇപ്പോള്‍ അതും അന്യമായി. ശരിയാകുമായിരിക്കും ,  എന്നും ഒരുപോലെയാകില്ലല്ലോ?. എന്തിനാണ്‌ പിണങ്ങിയത്‌ ?  വെറുതെ. ഇനി ഉറങ്ങാന്‍ കഴിയില്ല, ചിന്തകള്‍ വേട്ടയാടാന്‍ തുടങ്ങി. ഇനി ഉറക്കം പിടിക്കണമെങ്കില്‍ പ്രയാസമാണ്‌.  


ജനലിലൂടെ പുറത്തേക്ക്‌ നോക്കി. നേരം വെളുക്കുന്നതെയുള്ളു. അതോ രാത്രിയാകുന്നതാണോ. പ്രഭാതത്തിനും പ്രദോഷത്തിനും ഒരേ നിറമാണ്‌ എന്നതെത്ര ശരി. തൊട്ടടുത്ത പള്ളിയിലേക്ക്‌ നോക്കി ആളുകള്‍ നിസ്കാരം കഴിഞ്ഞ്‌ മടങ്ങുന്നു. സുബഹിയാണോ അതോ മഗരിബോ. സംശയ നിവാരണത്തിന്‌ വാച്ചിലേക്ക്‌ നോക്കി. 6am.. രാവിലെ തന്നെ. പിണങ്ങിയതിന്‌ ശേഷം സ്വബോധവും നഷ്ടപ്പെട്ടിട്ടുണ്ട്‌. ഇപ്പോള്‍ ജീവിതം യാന്ത്രികമാണല്ലോ? ഇനി മുറപോലെ പ്രഭാത കൃത്യങ്ങള്‍. അടുത്തയാള്‍ വതിലില്‍ മുട്ടുന്നതിന്‌ മുമ്പേ ടോയിലറ്റില്‍ നിന്നിറങ്ങണം. ആ മുട്ടല്‍ അസഹനീയമാണ്‌. മനസിലെങ്കിലും ഒന്ന്‌ പ്രാകിയിട്ടില്ലെങ്കില്‍ സ്വസ്ഥത കിട്ടില്ല. ഞാന്‍ അങ്ങനെ മുട്ടാറില്ലല്ലോ? പിന്നെ അവരെന്തിന്‌ മുട്ടുന്നു. സംസ്കാരശൂന്യര്‍ എന്ന്‌ കരുതി സ്വയം ആശ്വസിച്ചു.

വേഷം മാറ്റി പുറത്തേക്കിറങ്ങി, തൊട്ടടുത്ത കടയില്‍ കയറി, പത്രവാര്‍ത്തകളിലൂടെ കണ്ണോടിച്ചു. മാതൃഭാഷയിലുള്ള പത്രങ്ങളൊന്നുമില്ല. സ്വല്‍പം ഇംഗ്ളീഷ്‌ അറിയുന്നത്‌ കൊണ്ട്‌ ആ പത്രത്തിലൂടെ ഒന്ന്‌ കണ്ണോടിച്ചു. അറബി പത്രങ്ങളെടുത്താല്‍ കടയുടമ അറബിയില്‍ എന്തൊക്കെയോ പുലമ്പും .  അര്‍ഥം അറിയാത്തത്‌ കൊണ്ട്‌ ചിരിച്ച്‌ കാണിച്ച്‌ കൊടുക്കും. ഇംഗ്ളീഷ്‌ പത്രം നോക്കിയാല്‍ അയാള്‍ക്ക്‌ പരിഭവമില്ല. ബഹുമാനമാണ്‌, സായിപ്പിന്‌റെ ഭാഷയോടുള്ള ഇഷ്ടമാകാം.

ഓഫീസിലെത്തി .  തടിമാടന്‍മാരായ മാനേജരും സൂപ്രവൈസറുമെല്ലാം നേരത്തെയെത്തിയിട്ടുണ്ട്‌. ആരൊക്കെ വൈകി വരുന്നു എന്ന്‌ നോക്കാനാകും.  " സലാം "  പറഞ്ഞെങ്കിലും മറുപടി കിട്ടിയില്ല .   ഉറക്കെ ഒന്നു കൂടി പറഞ്ഞു നോക്കി ;  ഒരുവന്‍ നിസ്സംഗതയോടെ സലാം മടക്കി .  ഒന്ന്‌ തുറിച്ച്‌ നോക്കി. വേണ്ടിയിരുന്നില്ല എന്ന്‌ തോന്നി. മുഖാമുഖമാണെങ്കില്‍ പറഞ്ഞാല്‍ മതിയായിരുന്നു അവരെ പ്രീതിപ്പെടുത്താന്‍ നോക്കി സ്വയം ഇളിഭ്യനായി. എന്താ എല്ലാവരും ഇങ്ങനെ. അതോ ഞാനാണോ പ്രശ്നക്കാരന്‍ ? എന്‌റെ ഭാഗത്ത്‌ തെറ്റുകള്‍ ഉണ്ടാകാം അതാണ്‌ എല്ലാവര്‍ക്കും ഈ ഭാവം. ഞാന്‍ തിരുത്താന്‍ തയ്യാറാണല്ലോ? ആണോ? അല്ല. അങ്ങനെയാണെങ്കില്‍ സ്വന്തം ഭാര്യയുമായുള്ള പിണക്കം തീര്‍ക്കാന്‍ കഴിമായിരുന്നല്ലോ? അപ്പോള്‍ അഭിനവ സാമ്രാട്ടാകാന്‍ കഴിയില്ല. പിന്നെ എന്തിന്‌ അവരെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചു ?. എന്നിട്ടെന്ത്‌ നേടാന്‍ !!!  .. അപ്പോള്‍ തിരുത്തേണ്ടത്ത്‌ മറ്റുള്ളവര്‍ തന്നെ.

ദിവസങ്ങള്‍ ഒരോന്നായി കൊഴിഞ്ഞ്‌ പോയി, പിണക്കത്തിന്‌റെ   ദൈര്‍ഘ്യം ഒരാഴ്ച കഴിഞ്ഞു. ഇനിയും അവളെന്താണ്‌ തോറ്റ്‌ തരാത്തത്‌. സ്വയം തോറ്റാലെന്താ, അത്‌ വേണ്ട പുരുഷന്‍മാര്‍ തോല്‍ക്കാന്‍ പാടില്ല. പക്ഷെ ഇനി എത്ര ദിവസം ഇങ്ങനെ പിടിച്ചിരിക്കും. ഇന്‌റെര്‍നെറ്റിലൂടെ ദിവസവും രണ്ട്‌ മണിക്കൂറുള്ള ആ സംഭാഷണമാണ്‌ ഈ പ്രാവാസ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തം. ആ നിമിഷത്തിന്‌ വേണ്ടി കാത്ത്‌ നില്‍ക്കാറുണ്ടായിരുന്നു. ആ നിമിഷമാണ്‌ നീണ്ട പ്രവാസ ജീവിതത്തിന്‌റെ ദൈര്‍ഘ്യം കുറച്ചിരുന്നത്‌. ഓരോന്നാലോചിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ റിംഗ്‌ ചെയ്യുന്നത്‌ കണ്ട്‌ ഫോണെടുത്തു. അവളുടെ നമ്പര്‍ !  അവള്‍ തോറ്റ്‌ തന്നോ !? ചെറു പുഞ്ചിരിയോടെയും കുറച്ച്‌ ഗൌരവത്തോടെയും പച്ച ബട്ടണ്‍ അമര്‍ത്തി. അങ്ങേ തലക്കല്‍ പ്രതീക്ഷിച്ച ശബ്ദമായിരുന്നില്ല. 

"ഹലോ" 

"ആ ആരിത്‌ സനുവോ" 

"അതെ, ഞങ്ങളെയൊക്കെ മറന്നുവല്ലേ" 

"ഏയ്‌ മറന്നിട്ടൊന്നുമില്ല, ഞാന്‍ ഇപ്പോഴും ഓര്‍ക്കാറുണ്ട്‌, എന്തൊക്കെയുണ്ട്‌ വേറെ വിശേഷങ്ങള്‍ ? " 

"ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ, താത്താക്കും സുഖം തന്നെ !! " 

"അറിഞ്ഞതില്‍ വളരെ അധികം സന്തോഷം ! " 

"എന്തിനാണ്‌ ആ പാവത്തിനെ ഇങ്ങനെ വിഷമിപ്പിക്കുന്നത്‌ ? " 

അത്‌ ശരി അവള്‍ കോമ്പ്രമൈസിന്‌ അനിയത്തിയെ കൊണ്ട്‌ വിളിപ്പിച്ചതാണല്ലേ ! ...

"ഞാന്‍ ആരേയും വിഷമിപ്പിച്ചിട്ടില്ല" 

"അവള്‍ ശരിക്കും ആര്‍ട്സ്ഡെ ദിവസം കോളേജില്‍ പോയിട്ടില്ല, സത്യാണ്‌ പറേണത്‌" 

"പിന്നെ അവള്‍ പറഞ്ഞതോ ? , പോയി എന്ന്‌  "

ആര്‍ട്സ്ഡെ ദിവസം കോളേജില്‍ പോകുന്നത്‌ കൊണ്ട്‌ പ്രത്യേകിച്ച്‌ കുഴപ്പമൊന്നുമില്ല. ഞാനിവിടെ കഷ്ടപ്പെടുമ്പോള്‍ സ്വന്തം ഭാര്യ കോളേജ്‌ കുമാരിയായി വിലസുന്നതിലെ അസഹ്യത, അതാണ്‌ സത്യത്തില്‍ എന്‌റെ രോഗം ! . പക്ഷെ പിണങ്ങി   ഇണങ്ങാന്‍ ഒരു കാരണം വേണമല്ലോ? അതിന്‌ വേണ്ടി കിട്ടിയ വള്ളിയില്‍ പിടിച്ചു തൂങ്ങി വിവാദമുണ്ടാക്കി, കോളേജില്‍ പോകരുതെന്ന്‌ ശക്തമായി വിലക്കി. അങ്ങനെ പിണങ്ങി.  

അവള്‍ വീണ്ടും സംസാരം തുടര്‍ന്നു ... 

"അത്‌ അവള്‍ കുഞ്ഞിക്കയെ കളിയാക്കാന്‍ വേണ്ടി പറഞ്ഞതാണ്‌, പക്ഷെ പടച്ചോനാണെ സത്യം !  അവള്‍ പോയിട്ടില്ല"

മേഘാവൃതമായ മനസ്സില്‍ ഇളം കാറ്റ്‌ മെല്ലെ വീശി, ആ നേര്‍ത്ത കുളിരില്‍ ശരീരം കോരിത്തരിച്ചു. മെല്ലെ മന്ദഹസിച്ചു, ഒന്നിരുത്തിമൂളി. വീണ്ടും അവള്‍ പരാജയപ്പെട്ടിരിക്കുന്നു, ഞാന്‍ വിജയിച്ചു.

"ശരി ശരി സമ്മതിച്ചു, എന്നിട്ടെന്താ അവള്‍ എന്നെ വിളിക്കാതിരുന്നത്‌, ഒരു മിസ്‌ കാള്‍ പോലും അടിച്ചില്ല" കുറച്ച്‌ ഗൌരവത്തോടെ ചോദിച്ചു.

" അത്‌ എന്താണെന്നറിയില്ല, ഞാന്‍ നിങ്ങള്‍ തമ്മിലുള്ള തെറ്റിദ്ധാരണകള്‍ തിരുത്താന്‍ വേണ്ടി വിളിച്ചതാണ്‌, ഇനി നിങ്ങളായി നിങ്ങളുടെ പാടായി" അവള്‍ നിസ്സംഗതയോടെ പറഞ്ഞു.

"ശരി ശരി എന്നെട്ടിവിടെയവള്‍ ? "
 
 "അവള്‍ ഇവിടെയുണ്ട്‌, കൊടുക്കണോ ? "
 
 "ശരി കൊടുക്കൂ !!! "..
 
അപ്പുറത്ത്‌ നിന്നും അവ്യക്തമായ ശബ്ദം കേട്ടു, ഫോണ്‍ കട്ടായി. പത്ത്‌ മിനിറ്റ്‌ കാത്തിരുന്നെങ്കിലും വിളി വന്നില്ല. എന്താണ്‌ സംഭവിച്ചതെന്ന്‌ അറിയാന്‍ തിരിച്ച്‌ വിളിക്കണോ, വിളിച്ചാല്‍ അതൊരു പരാജയമാണ്‌, ഈ പരാജയത്തിന്‌ ഒരു മധുരമുണ്ട്‌. നീണ്ട കളിചിരിയിലേക്കുള്ള ഒരു കവാടമാകും ഈ പരാജയം. റൂമിലെ മുഷിപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്നും രണ്ട്‌ മണിക്കൂറ്‍ സമയത്തേക്കുള്ള ഒരു ആശ്വാസം. അത്‌ നഷ്ടപ്പെടുത്താന്‍ ഇനിയും വയ്യ. ക്ഷമ കെട്ടു, വിളിച്ച്‌ നോക്കാം.

"ഹലോ"

അപ്പുറത്ത്‌ മങ്ങിയ ഒരു ശബ്ദം. ആ ശബ്ദത്തിന്‌റെ ഉടമ ആരാണെന്നറിയാന്‍ കൂടുതല്‍ അന്വേഷിക്കേണ്ടതില്ല. കുറച്ച്‌ നേരത്തെ മൌനം, മൌനം ഭഞ്ചിച്ച്‌ കൊണ്ട്‌ ഒരു തേങ്ങല്‍ കേട്ടു. അവള്‍ കരയാന്‍ തുടങ്ങി. വീണ്ടും പിണങ്ങാനുള്ള ഇണക്കത്തിന്‌റെ മറ്റൊരു തുടക്കം.