എന്റെ നേരത്തെയുണ്ടായിരുന്ന ബ്ലോഗ് നഷ്ടപ്പെട്ടതിനാൽ രചനകളെല്ലാം ഇതിലേക്ക് മാറ്റിയിരിക്കുന്നു. നിരവധി പോസ്റ്റുകളും കമെന്റുകളും വിലപ്പെട്ട എന്റെ 240 ഓളം ഫോളോവേഴ്സും നഷ്ടപ്പെട്ടു. നിങ്ങൾ ഏവരുടേയും പിന്തുണ തുടർന്നും ഉണ്ടാകുമല്ലോ? എന്റെ രചനകളിലെ തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണമെന്ന അഭ്യർത്ഥനയോടെ, മൊഹി.

Monday, October 28, 2013

വൃദ്ധന്‌റെ മകന്‍
ഉമ്മ മരിച്ചതിന്‌ മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ ഉപ്പയില്‍ ചില മാറ്റങ്ങള്‍ ശ്രദ്ധിച്ച്‌ തുടങ്ങിയത്‌. പേരമക്കളെ വീട്ടില്‍ കളിപ്പിച്ച്‌ ശിഷ്ടകാലം ജീവിക്കുമെന്നാണ്‌ ഞങ്ങൾ മക്കള്‍ എല്ലാവരും കരുതിയത്‌.

അകന്ന ബന്ധുവിനോടാണ്‌ ഉപ്പ ആദ്യമായി തന്‌റെ മനസ്സ്‌ തുറന്നത്‌. ഉപ്പക്ക്‌ വീണ്ടുമൊരു പെണ്ണ്‌ കെട്ടണം!

എതിര്‍ക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല ഞങ്ങള്‍ മക്കള്‍ക്ക്‌.

"വല്ല വേശ്യകളോടൊപ്പവും എന്നെ കണ്ടാല്‍ പിന്നെ അതും പറഞ്ഞ്‌ നാട്ടാരും വീട്ടാരും വരരുത്‌, ന്താച്ചാ മട്ടത്തില്‍ ഒരു തീരുമാനമെടുക്കണം"

ഇറങ്ങിപ്പോയ ഉപ്പ തിരിച്ച്‌ വീട്ടിലെത്തുമ്പോഴേക്കും ഉചിതമായ തീരുമാനമെടുത്തിരുന്നു കാരണവന്‍മാര്‍. എന്തിനേക്കാള്‍ വലുത്‌ കുടുംബത്തിന്‌റെ മാനമാണ്‌. ഇളയ പെങ്ങളുടെ വയസുപോലുമില്ലാത്ത ഒരു സ്ത്രീയെയാണ്‌ മണവാട്ടിയാക്കിയത്‌!. പയ്യെ പയ്യെ ഞങ്ങള്‍ എല്ലാം ഉപ്പയില്‍ നിന്നകന്നു. ആ അകല്‍ച്ച തറവാട്‌ വെട്ടി മുറിക്കുന്നതിലേക്കും പുതിയ പുതിയ വീടുകളിലേക്കുമെത്തിച്ചു.

തറവാട്ടിലെ വിശേഷങ്ങള്‍ അറിഞ്ഞ്‌ അകം പൊള്ളി. ഇനിയും ജീവന്‌റെ വിത്തുകള്‍ പാകാനുള്ള ശേഷി ഉപ്പയില്‍ അവശേഷിക്കുന്നു എന്നത്‌ അമ്പരപ്പോടെയാണ്‌ കേട്ടത്‌!!! മക്കളും പേരമക്കളുമുള്ള ഒരു വൃദ്ധന്‌റെ ശേഷിയില്‍ പലരും സംശയങ്ങളുയര്‍ത്തി. ആ സംശയം എനിക്കുമുണ്ടായിരുന്നു. പലരേയും എന്ന പോലെ സംശയങ്ങളുടെ ദൃഷ്ടികളുമായി ഞാനും പലരേയും സമീപിച്ചു.


ഉപ്പയല്ലേ എന്ന്‌ കരുതി ചില സഹായങ്ങളുമായി ഞാന്‍ ഇടക്കിടെ അവിടെ പോകാറുണ്ടായിരുന്നു. സംശയത്തിന്‌റെ നിഴലില്‍ നിന്ന്‌ എന്നേയും മോചിപ്പിച്ചില്ല സമൂഹം. ചിലരുടെ പരിഹാസച്ചിരികൾക്ക് മുന്നിൽ ഒരു ജാരൻ എന്നിൽ രൂപാന്തരപ്പെടുന്നത് ഞാനറിഞ്ഞില്ല.

ഉപ്പയുടെ രണ്ടാം ഭാര്യയുടെ വയറ്റിൽ വളരുന്ന ബീജത്തിന്റെ ഉടമ താനല്ല എന്ന് സമൂഹത്തിൽ സ്ഥാപിച്ചെടുക്കുന്നതിലെ നിസ്സാഹതയ എന്നെ തളർത്തി.  ഗത്യന്തരമില്ലാതെ ഒടുവിൽ വീടു വിട്ടു വേറെ നാട്ടിലേക്ക്‌ പാലായനം ചെയ്യേണ്ടി വന്നു.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഉപ്പയുടെ മരണ വാര്‍ത്തയറിഞ്ഞ്‌ ഞാനെത്തുമ്പോള്‍ ഇളയ മോന്‌റെ മുഖ സാദൃശ്യമുള്ള ഒരു പത്തുവയസുകാരനെ കണ്‌ടു. മയ്യിത്തിനടുത്തു നിന്നും മാറാതെ തേങ്ങി തേങ്ങിക്കരയുന്നവനാരാകുമെന്ന് കൂടുതല്‍ ചിന്തിക്കേണ്‌ടി വന്നില്ല. മറ്റുള്ളവര്‍ എന്നെ ശ്രദ്ധിച്ച്‌ തുടങ്ങി!! സംശയത്തിന്‌റെ ദൃഷ്ടികള്‍ എവിടെയൊക്കെയോ പതുങ്ങിയിരിപ്പുണ്‌ടെന്ന് തോന്നി.

സമൂഹത്തിനെന്തും പറയാം... പക്ഷേ... എനിക്ക്‌ ബോധ്യപ്പെട്ടു, ഇതെന്‌റെ ഉപ്പയുടെ മകനാണ്‌ - എന്‌റെ അനിയന്‍! ഞാനവനെ മാറോട്‌ ചേര്‍ത്ത്‌ പിടിച്ചു ദീര്‍ഘശ്വാസമെടുത്തു.
 

ഇതെല്ലാം കണ്ട്  അസ്വസ്ഥമായ മനസ്സോടെ വരാന്തയിലൂടെ ഒരു മദ്ധ്യവയസ്ക ഉലാത്തുന്നുണ്ടായിരുന്നു ! എന്റെ ഭാര്യ...

Thursday, October 17, 2013

ഒരു കള്ള ടാക്സിക്കാരനും വണ്ടിക്കച്ചവടക്കാരും


മൂട്ടയുടെ കടി കൊണ്ടും സഹ മുറിയന്‍മാരുടെ കൂര്‍ക്കം വലി സഹിച്ചും മൂന്ന് നാല് കൊല്ലത്തിനു ശേഷം കമ്പനിയില്‍ നിന്നും ലീവെടുത്ത് നാട്ടില്‍ പോയി. പെണ്ണ് കെട്ടി ആദ്യരാത്രിയും അവസാന രാത്രിയുമെല്ലാം രണ്ട് മാസത്തിനുള്ളില്‍ തന്നെ അനുഭവിച്ച് വീണ്ടും ജിദ്ദയിലെത്തി ഇരുമ്പ് കട്ടിലിലിട്ട കോസഡിയില്‍ ശവാസനമായി. വിരഹ വേദനയും മടുപ്പും എവിടെയോ കൊളുത്തി വലിക്കുന്നുണ്ട്. ഇനി അടുത്ത അവധിക്കാലത്തേക്ക് ദിവസങ്ങളെണ്ണിയുള്ള കാത്തിരിപ്പ്; അത് എത്ര അസഹ്യമാണ്.

കിട്ടുന്ന ശമ്പളത്തിനെ 12.50 കൊണ്ട് തലങ്ങും വിലങ്ങും കൂട്ടിയും ഗുണിച്ചും പ്രതിശീര്‍ഷ വരുമാനത്തെ പന്ത്രണ്ട് കൊണ്ട് ഹരിച്ചും ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ പാട് പെടുമ്പോഴാണ് കല്യാണത്തിന് ശേഷമുള്ള പുതിയ ചെലവിനങ്ങള്‍ !. കുപ്പിവളയും ചാന്തും കണ്‍മഷിയും മാത്രം പോര പോക്കറ്റ് മണിയും പ്രതിമാസം ‘ചോര്‍ച്ച തടയാനുള്ള’ സാമഗ്രി വാങ്ങാനുള്ള കാശും കൂടിയാവുമ്പോള്‍ നിലവിലെ മാസ ബജറ്റ് ആകെ താളം തെറ്റി മനുഷ്യനെ എടങ്ങാറാക്കുന്ന പരുവത്തിലാണ്.

വരുമാനം കൂട്ടുക എന്നല്ലാതെ ചെലവ് കുറക്കല്‍ പ്രായോഗികമല്ലാത്ത ഒരു കാലമാണല്ലോ ! എത്രയും പെട്ടെന്ന് മരുഭൂമിയിലെ സേവനം അവസാനിപ്പിച്ച് ശിഷ്ടകാലം വിലമതിക്കപ്പെട്ട ഈ തലച്ചോറും ശരീരവും സ്വന്തം രാഷ്ട്ര നിര്‍മ്മാണത്തിന് വിനിയോഗിക്കണമെന്ന ചിന്തയുമയാണ് ഇപ്രാവശ്യം വിമാനം കയറിയിട്ടുള്ളത്. ഇപ്പോഴുള്ള ജോലി രാജിവെച്ച് ‘കാഷ്യര്‍’ പൊസിഷനിലേക്ക് വല്ല പണിയും കിട്ടുമോ എന്ന് ചിന്തിച്ചു. അതാകുമ്പോള്‍ അമ്പതോ നൂറോ ആരും കാണാതെ അടിച്ച് മാറ്റി കീശ വീര്‍പ്പിച്ച് ആശ നിറവേറ്റാമല്ലോ? വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗവും മുന്നില്‍ കാണുന്നില്ലല്ലോ മമ്പറത്തെ തങ്ങളേ !.

വരുമാനം കൂട്ടാന്‍ എന്ത് ചെയ്യുമെന്ന് ചിന്തിച്ച് തല പുണ്ണാക്കി ശരീരമാസകലമുള്ള ബുദ്ധിയെല്ലാം തലച്ചോറിലേക്കാവാഹിച്ചപ്പാള്‍ തലമണ്ട പെരുത്ത് തലയില്‍ നിന്നും നാലഞ്ച് നരച്ച മുടികള്‍ പുറത്ത് ചാടി. അതോടൊപ്പം ഒരാശയവും പുറത്ത് വന്നു. വല്ലാത്തൊരാശയം!. ഒരു സെക്കന്‌റ് ഹാന്‌റ് കാറ് വാങ്ങുക, ഡ്യൂട്ടി കഴിഞ്ഞ് വന്നതിന് ശേഷം ‘സമൂഹ്യ സേവനത്തിനിറങ്ങുക’. ജിദ്ദ മഹാനഗരത്തില്‍ വാഹനം കിട്ടാതെ വിഷമിക്കുന്ന ‘അന്താരാഷ്ട്ര പ്രവാസികളെ’ ലക്ഷ്യ സ്ഥാനത്ത് എത്തിച്ച് അവര്‍ തരുന്ന പത്തോ ഇരുപതോ റിയാല്‍ വാങ്ങി വെച്ച് പോക്കറ്റിലിടുന്ന പരിപാവനവും എന്നാല്‍ മേത്ത് പൊടി തട്ടാത്തതുമായ ഉദാത്തമായ ജോലി. ‘കള്ള ടാക്‌സി !’

സൌദി ഡ്രൈവിംഗ് ലൈസന്‍സ് എടുത്ത് വെച്ചത് തലയിണക്കടിയില്‍ വിരിയിക്കാന്‍ വെച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. യൂനി ലിവറിന്‌റെ (ബിന്‍സാഗര്‍) കമ്പനിയില്‍ സെയിത്സ്മാന്‌റെ ജോലിയുണ്‌ടെന്ന് പറഞ്ഞ് ഷറഫിയ യൂനിവേഴ്‌സിറ്റിയില്‍ പോയി പെട്ടെന്നെടുത്ത ലൈസന്‍സാ. നോ ഡ്രൈവിംഗ് ടെസ്റ്റ്, നോ ഡോക്കുമെന്‌റ്‌സ്. അതാണ് ഷറഫിയ യൂനിവേഴ്‌സിറ്റിയുടെ പ്രത്യേകത. ഷറഫിയ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ കിരീടം വെക്കാത്ത എത്ര രാജാക്കന്‍മാരുണ്ട് ഇവിടെ. എനിക്ക് ആ ജോലി നഷ്ടപ്പെടുത്തിയത് മലയാളിയായ ഒരു കള്ളസുവറാണ്. 

ഓനും ഓന്‌റെ കുടുംബോം കുഷ്ഠ രോഗം വന്ന് നശിച്ച് നാറാണ കല്ല് എടുക്കട്ടെ എന്ന് ഞാന്‍ കുറെ പ്‌രാകി.


അങ്ങനെ എങ്ങനെയെങ്കിലും ഒരു കാറ് വാങ്ങി കള്ള ടാക്‌സിയോടി നാല് കാശുണ്ടാക്കാന്‍ തീരുമാനിച്ചു. കമ്പനിയില്‍ നിന്നും കിട്ടുന്ന ശമ്പളം വാങ്ങി നേരെ നാട്ടിലെ ബാങ്ക് അക്കൌണ്ടിലിടണമെന്നും മറ്റ് ചിലവുകള്‍ക്കുള്ള വക കാറോടിച്ച് ഉണ്ടാക്കണമെന്നും മനക്കോട്ട കെട്ടി. സോപ്പ് ചീപ്പ് കണ്ണാടി, ഫുഡ്, അല്‍ബൈക്ക്, ഫോണ്‍ വിളി, റൂം വാടക, സിനിമാ സിഡികള്‍, വീട്ടിലേക്ക് മാസാമാസം അയക്കുന്ന മാസബത്ത, കെട്ടിയോളുടെ വിഹിതം, ഇവയെല്ലാം കാര്‍ ഓടി കിട്ടുന്ന വകയില്‍ നിന്നെടുക്കണം. നദിയിലേക്ക് ഇറങ്ങും മുമ്പെ ഞാന്‍ കക്ക വാരാന്‍ തുടങ്ങി !. നല്ല മുഴുത്ത കക്കകള്‍, 

‘മൊയ്തീനെ അനക്കെന്താടാ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നെ’ എന്ന് ആരോ എന്‌റെ മനതാരില്‍ മന്ത്രിച്ചൂതി. പടച്ചോനേ കാത്തോളണേ. !!!


അഞ്ച് റിയാലിന് പെട്രോള്‍ അടിച്ചാല്‍ അമ്പത് റിയാലിന് സുഖമായി ഓടാം. ദിവസവും അമ്പത് റിയാല്‍ മിച്ചം വെച്ച് ഓടിയാല്‍ മാസം ആയിരത്തി അഞ്ഞൂറ്! റിയാല്‍. ആ ഹാ… മാസ ശമ്പളം അക്കൌണ്ടില്‍ കിടന്ന് പെരുകി രണ്ട് വര്‍ഷം കൊണ്ട് എന്‌റെ ബാങ്ക് അക്കൌണ്ടിന്‌റെ വയര്‍ കാശ് നിറഞ്ഞ് പൊട്ടും. ബാങ്കില്‍ പെരുകി കിടക്കുന്ന ഞാന്‍ സമ്പാദിച്ച എന്‌റെ സ്വന്തം പച്ച നോട്ടുകള്‍ എന്നെ കൊളിര്‍ മയിര്‍ കൊള്ളിച്ചു. അതാലോചിച്ച് എന്‌റെ മുഖം സന്തോഷം കൊണ്ട് ചുവന്നു.

അങ്ങനെ കയ്യിലുള്ള കാശെല്ലാം സ്വരൂപിച്ച് ഒരു സെക്കന്‌റ് ഹാന്‌റ് കാറ് വാങ്ങാനുള്ള അന്വേഷണത്തില്‍ വ്യാപൃതനായി. എല്ലാ ഹലാക്കും കിട്ടുന്ന എക്‌സ്പാട്രിയേറ്റിലും ഗ്രൂപ്പായ യാഹൂ ഗ്രൂപിലെല്ലാം കാര്‍ ആവശ്യമുണ്‌ടെന്ന് പരസ്യമിട്ടു. പരിചയമുള്ള ആളുകളോടും കാര്യം പറഞ്ഞേല്‍പ്പിച്ചു. ഒരു പരിചയക്കാരനാണ് റഫീഖ് എന്ന കാര്‍ കച്ചവടക്കാരന്‌റെ പക്കല്‍ എത്തിച്ചത്. എന്‌റെ ശനിദശ അവിടെ തുടങ്ങുന്നു.


‘എനിക്ക് നിസ്സാന്‍ സണ്ണിയോ അല്ലേല്‍, ടൊയോട്ട കൊറോളയോ വേണം’ ഞാനെന്‌റെ ആവശ്യമറിയിച്ചു. 

അതാണത്രെ മലയാളീസിനിടയില്‍ നല്ല മാര്‍ക്കറ്റുള്ള വാഹനം. സാക്ഷാല്‍ ജപ്പാന്‍ പ്രധാനമന്ത്രി ‘ബെഞ്ചമില്‍ നെതന്യാഹു’ പറഞ്ഞിട്ടുണ്ടത്രെ ഈ വണ്ടികള്‍ തന്നെ വാങ്ങണമെന്ന്. !

‘എത്രയാ ബഡ്ജറ്റ്’

ഹോ… പുള്ളിയുടെ ഈ ചോദ്യം എന്നെ ഒന്ന് കൊച്ചാക്കുന്നത് പോലെ തോന്നിയെങ്കിലും ഞാന്‍ വിടുമോ?

‘അതൊന്നും ഒരു പ്രശ്‌നമല്ല, വണ്ടി നല്ല കണ്ടീഷനാവണം’

‘എന്നാല്‍ ഈ വണ്ടി പറ്റുമോ എന്ന് നോക്ക്’

അടുത്ത് നിര്‍ത്തിയിട്ടിരുന്ന നിസ്സാന്‍ സണ്ണി ചൂണ്ടി കൊണ്ട് പറഞ്ഞു. സംഗതി കൊള്ളാം നല്ല ഭംഗിയുണ്ട്. ആ സമയം ആ വഴി പൊകുകയായിരുന്ന കോട്ടയം കാരി മേരി തിരിഞ്ഞ് അയാളെ തറപ്പിച്ചൊന്ന് നോക്കി.

‘മേരി തെറ്റിദ്ദരിക്കരുത് ! നിന്നെയല്ല, ഞാന്‍ ഈ വണ്ടീടെ കാര്യമാ പറഞ്ഞത് !’

‘നിങ്ങള്‍ ധൈര്യായിട്ടെടുത്തോ, നല്ല വണ്ടിയാ’ 

റഫീഖിന്‌റെ കൂട്ടുകാരും എന്നെ പ്രോത്സാഹിപ്പിച്ചു.


ഏതായാലും വണ്ടിയൊന്ന് ഓടിച്ച് നോക്കാമെന്ന തോന്നലുണ്ടായത് അപ്പോഴാണ്. വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് നോക്കിയപ്പോള്‍ ഉള്ളില്‍ നിന്നും നായ കുരക്കും പോലെ ഒരു ‘ഭൌ ഭൌ’ ശബ്ദം. ടയര്‍ തേഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ ചെരുപ്പ് പോലെയായിട്ടുണ്ട്, എ സിയിട്ട് നോക്കിയപ്പോള്‍ ചിന്ന കൊളന്തകള്‍ കുസുവിട്ടമാതിരി നേരിയ കാറ്റ്. പെയിന്‌റടിച്ച് കുട്ടപ്പനാക്കി നിര്‍ത്തിയിരിക്കുകയാണ് ശുജായിയെ. 

വണ്ടിയുടെ വില കേട്ടപ്പോളും ഞെട്ടി. കള്ള ഹിമാറീങ്ങള്‍ എന്‌റെ തലയില്‍ ആ വണ്ടി കുടുക്കാന്‍ നോക്കുകയാണെന്ന് കൂടെ വന്ന കൂട്ടുകാരന്‍ ഫിറോസ് പറഞ്ഞപ്പോളാണ് വണ്ടിയുടെ ഭംഗിയില്‍ നിന്നും ഞാന്‍ ഉണര്‍ന്നത്.


‘അതേയ് ഈ വണ്ടി വേണ്ട.. അത്രക്ക് കണ്ടീഷനില്ല, വേറെ വല്ലതും ഉണ്‌ടോ?’


‘നിങ്ങള്‍ നമ്പര്‍ തരൂ, നല്ല വണ്ടികള്‍ വരുമ്പോള്‍ വിളിക്കാം’ തലയില്‍ ചൊറിഞ്ഞ് കൊണ്ട് അയാള്‍ പറഞ്ഞു, എന്നിട്ട് ഫിറോസിനെ തറപ്പിച്ചൊന്ന് നോക്കി.


മൊബൈല്‍ നമ്പരുകള്‍ കൈമാറി മാളത്തിലേക്ക് മടങ്ങി. മധുവിധുവിന്‌റെ ഉറവകള്‍ വറ്റുന്നതിന് മുമ്പെ തിരിച്ചു പോന്നതിനാല്‍ മസാല ചേര്‍ത്ത വിഭവങ്ങളെല്ലാം കെട്ടിയോളോട് ഫോണിലൂടെ വിളമ്പി ‘ഹര്‍ഷ പുളകിതനായി’ അവിടെ തന്നെ തളര്‍ന്ന് കിടന്നുറങ്ങി.


രണ്ട് ദിവസത്തിന് ശേഷം പുതിയ ഒരു വണ്ടി എത്തിയിട്ടുണ്ട് എന്നറിയിച്ചപ്പോള്‍ ചെന്ന് നോക്കി. തൊട്ടപ്പുറത്തെ വര്‍ക്ക് ഷോപ്പില്‍ കാണിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് വാങ്ങി. 20,000 റിയാലിന് 2003 മോഡല്‍ നിസ്സാന്‍ സണ്ണി അഡ്വാന്‍സ് കൊടുത്ത് കച്ചവടമാക്കി. പിറ്റെ ദിവസം മുഴുവന്‍ സംഖ്യയും കൊടുത്ത് വണ്ടി സ്വന്തം പേരിലാക്കി. അങ്ങനെ ജീവിതത്തിലാദ്യമായി ഞാനൊരു കാര്‍ മൊതലാളിയായി !


ടാക്‌സിപ്പണിയെടുക്കണമെങ്കില്‍ റൂട്ടറിയണമല്ലോ? കിലോമീറ്ററുകളോളാം പരന്ന് കിടക്കുന്ന ജിദ്ദയുടെ തെരുവോരങ്ങളിലൂടെ വണ്ടിയും കൊണ്ട് മെല്ലെ സഞ്ചരിച്ചു. പ്രധാന വീഥികളിലൂടേയും ചെറിയ പോക്കറ്റ് റോഡുകളിലൂടേയും വണ്ടിയോടിച്ചു റൂട്ടെല്ലാം പതിയെ മനസ്സിലാക്കി. കൂട്ടുകാരുമൊത്ത് അബ്ഹുര്‍ കടപ്പുറത്തേക്കുള്ള ആദ്യത്തെ ട്രിപ്പിനിടെയാണ് വണ്ടിയുടെ എഞ്ചിന്‍ ഭാഗത്ത് നിന്ന് ഒരു ഏങ്ങല്‍ ശബ്ദം കേട്ടത്.


‘അല്ലാ എന്താപ്പോ ആ ശബ്ദം, വണ്ടിക്കും ആസ്ത്മയോ!? ‘ ഞാന്‍ സ്വയം ചോദിച്ചു.


‘ങും.. ഇജ്ജ് വണ്ടി വാങ്ങുമ്പോള്‍ നോക്കി തന്നെയല്ലേ എടുത്തത് മൊഹി?. വണ്ടിക്കച്ചവടക്കാരുടെ അടുത്ത് നിന്നും ആരെങ്കിലും വണ്ടി എടുക്കോ ?’ ഞാന്‍ വലിയ ഒരപരാധം ചെയ്തു എന്ന തരത്തിലുള്ള കൂട്ടുകാരുടെ കമെന്‌റ്‌സ് എന്നെ അലോസരപ്പെടുത്തി. പോസ്റ്റ് നന്നായില്ല എന്ന് പറഞ്ഞ് കമെന്‌റ്‌സ് കിട്ടിയ ബ്‌ളോഗറുടെ അവസ്ഥയിലായി ഞാന്‍.!


‘ ഇജ്ജ് പറഞ്ഞത് ശരിയാണ്, പക്ഷെ വണ്ടിയെടുക്കുമ്പോള്‍ പ്രത്യേകിച്ച് കുഴപ്പമൊന്നുമുണ്ടായിരുന്നില്ലല്ലോ ‘ ഞാന്‍ മെല്ലെ പറഞ്ഞു. ആരോടെന്നില്ലാതെ. 

അബ്ഹുര്‍ ട്രിപ്പ് കാന്‍സല്‍ ചെയ്ത് വണ്ടി നേരെ തൊട്ടടുത്ത വര്‍ക്ക് ഷോപ്പിലേക്ക് വിട്ടു. എഞ്ചിന്‍ ഓയില്‍ ഇല്ലയെന്ന് പറഞ്ഞ് പുതിയ ഓയില്‍ ഒഴിച്ചു. കുറച്ച് ഓടിച്ചപ്പോള്‍ വീണ്ടും അതേ ശബ്ദം. ഓയില്‍ അപ്രത്യക്ഷമാകുന്നു. എത്ര എഞ്ചിന്‍ ഓയില്‍ ഒഴിച്ചിട്ടും അത് എവിടേക്കാണ് പോകുന്നതെന്ന് കാണുന്നില്ല.


‘എഞ്ചിന്‍ പണിയെടുക്കണം, പിസ്റ്റണ്‍ തകരാറാണ്, ഏകദേശം രണ്ടായിരത്തി അഞ്ഞൂറ്! റിയാലാകും’ അരയില്‍ കൈ കൊടുത്ത് ചിറിയൊന്ന് കൂര്‍പ്പിച്ച് വര്‍ക്ക് ഷോപ്പ് മെക്കാനിക്ക് ഇത് പറഞ്ഞതും ഞാനെന്‌റെ നെഞ്ചില്‍ കയ്യ് വെച്ചു.


‘മമ്പറത്തെ തങ്ങളെ പറ്റിച്ചോ !’


എന്‌റെ തൊണ്ടയിലെ വെള്ളം വറ്റി. അടുത്ത് കണ്ട വാട്ടര്‍ കൂളറില്‍ നിന്ന് വെള്ളമെടുത്ത് തൊണ്ട നനച്ചു. ഹൃദയ സ്തംഭനം ഉണ്ടാകാതിരിക്കാന്‍ നെഞ്ചില്‍ ശക്തിയായി തടവി. നെഞ്ചില്‍ പകയുടെ വിത്തുകള്‍ പൊട്ടി. ആ കള്ള വണ്ടിക്കച്ചവടക്കാരുടെ കൂമ്പ് ഞാന്‍ ഇടിച്ച് വാട്ടും. റബ്ബേ എനിക്ക് കണ്ട്രോള്‍ തരൂ. അല്‍ക്വയിദയുടെ ഏതെങ്കിലും ഒരു മെമ്പറെ എങ്ങനെയെങ്കിലും കണ്ട് പിടിച്ച് ഒരു എ കെ47 തോക്ക് വാങ്ങി ആ പന്നികളെയെല്ലാം ഇന്ന് വെടിവെച്ച് കൊല്ലും. അവരേം കൊല്ലും ഞാനും ചാകും, അല്‍ക്വയിദക്കാരനെ കാണത്തതോണ്ട് മാത്രമാണ് അന്ന് അവര്‍ രക്ഷപ്പെട്ടത്.


ജീവിതത്തിലാദ്യമായി കബളിക്കപ്പെട്ടു എന്നൊരു തോന്നലുണ്ടായി. എന്നെ പറ്റിച്ച ആ കള്ള സുവറീങ്ങള്‍ക്ക് എന്ത് പണി കൊടുക്കുമെന്ന് ചിന്തിച്ച് ചിന്തിച്ച് വെന്ത എന്‌റെ തലച്ചോറിന്‌റെ മണം മൂക്കില്‍ അടിക്കാന്‍ തുടങ്ങിപ്പോഴേക്കും എന്‌റെ തലയില്‍ ആ ആശയം ഉദിച്ചു. 

കമ്പ്യൂട്ടര്‍ തുറന്ന് ഞാന്‍ ജോയിന്‍ ചെയ്തിട്ടുള്ള എല്ലാ യാഹൂ ഗ്രൂപ്പുകളും ഓപ്പണ്‍ ചെയ്ത് ആ വണ്ടി കച്ചവടക്കാര്‍ക്കെതിരെ ഒരു പരസ്യം കൊടുത്തു. 

‘താഴെയുള്ള വണ്ടി കച്ചവടക്കാരില്‍ നിന്നും വണ്ടി വേടിക്കരുത്, വേടിച്ചാല്‍ പിറ്റെ ദിവസം മുതല്‍ വര്‍ക്ക്‌ഷോപ്പ് തോറും കയറി ഇറങ്ങാനെ നേരം കിട്ടൂ. വാങ്ങുന്ന വണ്ടികള്‍ അവര്‍ക്ക് ചുറ്റുമുള്ള വര്‍ക്കുഷോപ്പുകളില്‍ നിന്നേ ചെക്ക് ചെയ്യാന്‍ സമ്മതിക്കൂ. വര്‍ക്ക് ഷോപ്പുകാരും അവരും തമ്മിലുള്ള അവിഹിത കൂട്ട് കെട്ട് ഞമ്മളെ പറ്റിക്കും. ശ്രദ്ധിച്ചാല്‍ ഇങ്ങക്ക് നന്നു. എന്ന് ഒരു അനുഭവസ്ഥന്‍ ! ‘


മെസേജ് ഗ്രൂപ്പുകളിലൂടെ കാട്ടു തീ പോലെ പടര്‍ന്നു. അവരുടെ കാര്‍ ബിസിനസ് ഞാന്‍ കുളം തോണ്ടി. എന്നിട്ടുമരിശം തീരാത്തതിനാല്‍ അവരുടെ മൊബൈല്‍ നമ്പറുകള്‍ ഞാന്‍ നഗരത്തിലെ പ്രശസ്ത ഷോപ്പിംഗ് മാളുകളിലെ പബ്‌ളിക് ടോയലറ്റുകളില്‍ എഴുതി വെച്ച് അവരുടെ സ്വസ്ഥത കെടുത്തി. 

നേതാവ് റാഫീഖിന്‌റെ മൊബൈല്‍ നമ്പറിന് നേരെ സെക്‌സി ഡയാനയെന്നും, ശിങ്കിടികളായ സലീമിന്‌റെ നമ്പറിന് നേരെ മല്ലു ഗേള്‍ റസിയ എന്നും, മറ്റുള്ളവരുടെ മൊബൈല്‍ നമ്പറുകള്‍ വേറെ സ്ത്രീ ജനങ്ങളുടെ പേരിലും എഴുതിവെച്ചു. 

ഇനി ബാക്കി കാര്യം ആ മെയിലുകള്‍ ലഭിച്ചവരും, പബ്‌ളിക് ടോയ്‌ളറ്റുകളില്‍ അപ്പിയിടാന്‍ വരുന്നവരും ഏറ്റെടുത്ത് കൊള്ളും എന്നോര്‍ത്ത് ഞാന്‍ ആശ്വസിച്ചു. ‘പൂശാന്‍ മുട്ടി’ നടക്കുന്ന ‘അന്താരാഷ്ട്ര പ്രവാസീ ബാച്ചിലേഴ്‌സിന്‌റെ’ കണ്ണില്‍ ഈ നമ്പരുകള്‍ പെട്ടാലുള്ള അവസ്ഥയാലോച്ചിച്ച് എനിക്ക് ചിരിപൊട്ടി. കക്കൂസില്‍ നിന്നും അവരുടെ മൊബൈലിലേക്കൊഴുകുന്ന കോളുകളുടെ പ്രവാഹത്തെ കുറിച്ചോര്‍ത്ത് ഞാന്‍ പൊട്ടിച്ചിരിച്ചു.


കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കാര്‍ വില്‍പനക്കാരുടെ അടുത്ത് ചെന്ന് കുശലം അന്വേഷിച്ചു. ഞാന്‍ കൊടുത്ത പണി ഏറ്റിട്ടുണ്‌ടോ എന്ന് നേരില്‍ അറിയുക തന്നെയായിരുന്നു ലക്ഷ്യം. 

‘എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?’

‘ങാ… അങ്ങനെ പോണു’ പുള്ളിയുടെ മുഖത്ത് ആകെ ഒരു വൈക്‌ളബ്യം.

‘ കച്ചവടമൊക്കെ ഉഷാറല്ലേ?’

‘എന്താന്നറീല്ല, ഇപ്പോ കുറച്ച് ഡിമ്മാ’ അത് കേട്ട് എനിക്ക് ഉള്ളില്‍ ചിരി പൊട്ടിയെങ്കിലും ഞാന്‍ നാവില്‍ കടിച്ച് ചിരിയടക്കി നിര്‍ത്തി. മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുന്നത് അയാള്‍ ഓഫാക്കി കൊണ്ടിരിക്കുന്നു. നിര്‍ത്താതെ അടിക്കുന്ന ഫോണെടുത്തു പച്ച ബട്ടണ്‍ അമര്‍ത്തി. മറുതലക്കല്‍ നിന്നും വന്ന ചോദ്യത്തിനുത്തരമായി അയാള്‍ പരിസരം മറന്ന് അലറി.

‘ഡയാനയല്ലെടാ അന്‌റെ ഉമ്മയാടാ പന്നീടെ മോനെ… കൊണ്ട് വാടാ അന്‌റെ ഉമ്മാനെ കള്ള നായിന്‌റെ മോനെ’ 

അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ടായിരുന്നു.

ങും.. അപ്പോള്‍ എന്‌റെ ‘കക്കൂസ് സാഹിത്യവും’ ഏറ്റിട്ടുണ്ട്. ഞാന്‍ ആത്മഗതം കൊണ്ടു. വിളിക്കുന്നവരെല്ലാം ‘മല്ലൂസ്’ ആണെന്ന് തോന്നുന്നു.

‘കള്ള പൂ.്ഷ്ട്രഷ്ട്രഗ്ഗക്ഷക്ഷ*്ഗ്ഗഷ്ട്രക്ഷഗ്ഗ മക്കള്‍… രാവിലെയായാല്‍ തുടങ്ങും ഡയാനയല്ലേ എന്ന് ചോദിച്ച്’

‘അതെന്താ’ ഞാന്‍ ഒന്നുമറിയാത്തത് പോലെ ചോദിച്ചു

‘എന്താന്നറീല്ല, ഇപ്പോ ഒരാഴ്ചയായി തുടങ്ങിയതാ… സലീമും, ഷംസൂം, അനസുമെല്ലാം നമ്പര്‍ തന്നെ മാറ്റി.. ! അവര്‍ക്ക് ഫോണ്‍ കോള്‍ രാത്രി ഉറങ്ങാന്‍ നേരത്താണത്രെ വരാറ്’

ഹഹഹ ശരിയാണ്, രാത്രി വിളിക്കണമെന്നാണ് ഞാന്‍ എഴുതി വെച്ചിരുന്നത്. യാത്ര പറഞ്ഞ് അവിടെ നിന്നുമിറങ്ങുമ്പോള്‍ മനസ്സാകെ കുളിര്‍മയണിഞ്ഞിരുന്നു. എന്നെ പറ്റിച്ച കള്ളസുവറുകള്‍ക്ക് കൊടുത്ത പണി വിജയിച്ചതില്‍ ഞാന്‍ അതിയായി സന്തോഷിച്ചു. വണ്ടിയില്‍ കയറി മെല്ലെ മുന്നോട്ട് കുതിക്കുമ്പോള്‍ ഒരു ‘അന്താരാഷ്ട്ര പ്രവാസി’ റോഡ് സൈഡില്‍ നില്‍ക്കുന്നത് കണ്ടു .ഹോണടിച്ച് അയാളുടെ ശ്രദ്ധ ക്ഷണിച്ചു, അയാള്‍ കൈ കാണിച്ചപ്പോള്‍ വണ്ടി നിറുത്തി. പോകേണ്ട സ്ഥലവും വാടകയും പറഞ്ഞുറപ്പിച്ച് ഹൈവെയിലൂടെ ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു.