എന്റെ നേരത്തെയുണ്ടായിരുന്ന ബ്ലോഗ് നഷ്ടപ്പെട്ടതിനാൽ രചനകളെല്ലാം ഇതിലേക്ക് മാറ്റിയിരിക്കുന്നു. നിരവധി പോസ്റ്റുകളും കമെന്റുകളും വിലപ്പെട്ട എന്റെ 240 ഓളം ഫോളോവേഴ്സും നഷ്ടപ്പെട്ടു. നിങ്ങൾ ഏവരുടേയും പിന്തുണ തുടർന്നും ഉണ്ടാകുമല്ലോ? എന്റെ രചനകളിലെ തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണമെന്ന അഭ്യർത്ഥനയോടെ, മൊഹി.
Showing posts with label മിനിക്കഥ. Show all posts
Showing posts with label മിനിക്കഥ. Show all posts

Monday, October 28, 2013

വൃദ്ധന്‌റെ മകന്‍




ഉമ്മ മരിച്ചതിന്‌ മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ ഉപ്പയില്‍ ചില മാറ്റങ്ങള്‍ ശ്രദ്ധിച്ച്‌ തുടങ്ങിയത്‌. പേരമക്കളെ വീട്ടില്‍ കളിപ്പിച്ച്‌ ശിഷ്ടകാലം ജീവിക്കുമെന്നാണ്‌ ഞങ്ങൾ മക്കള്‍ എല്ലാവരും കരുതിയത്‌.

അകന്ന ബന്ധുവിനോടാണ്‌ ഉപ്പ ആദ്യമായി തന്‌റെ മനസ്സ്‌ തുറന്നത്‌. ഉപ്പക്ക്‌ വീണ്ടുമൊരു പെണ്ണ്‌ കെട്ടണം!

എതിര്‍ക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല ഞങ്ങള്‍ മക്കള്‍ക്ക്‌.

"വല്ല വേശ്യകളോടൊപ്പവും എന്നെ കണ്ടാല്‍ പിന്നെ അതും പറഞ്ഞ്‌ നാട്ടാരും വീട്ടാരും വരരുത്‌, ന്താച്ചാ മട്ടത്തില്‍ ഒരു തീരുമാനമെടുക്കണം"

ഇറങ്ങിപ്പോയ ഉപ്പ തിരിച്ച്‌ വീട്ടിലെത്തുമ്പോഴേക്കും ഉചിതമായ തീരുമാനമെടുത്തിരുന്നു കാരണവന്‍മാര്‍. എന്തിനേക്കാള്‍ വലുത്‌ കുടുംബത്തിന്‌റെ മാനമാണ്‌. ഇളയ പെങ്ങളുടെ വയസുപോലുമില്ലാത്ത ഒരു സ്ത്രീയെയാണ്‌ മണവാട്ടിയാക്കിയത്‌!. പയ്യെ പയ്യെ ഞങ്ങള്‍ എല്ലാം ഉപ്പയില്‍ നിന്നകന്നു. ആ അകല്‍ച്ച തറവാട്‌ വെട്ടി മുറിക്കുന്നതിലേക്കും പുതിയ പുതിയ വീടുകളിലേക്കുമെത്തിച്ചു.

തറവാട്ടിലെ വിശേഷങ്ങള്‍ അറിഞ്ഞ്‌ അകം പൊള്ളി. ഇനിയും ജീവന്‌റെ വിത്തുകള്‍ പാകാനുള്ള ശേഷി ഉപ്പയില്‍ അവശേഷിക്കുന്നു എന്നത്‌ അമ്പരപ്പോടെയാണ്‌ കേട്ടത്‌!!! മക്കളും പേരമക്കളുമുള്ള ഒരു വൃദ്ധന്‌റെ ശേഷിയില്‍ പലരും സംശയങ്ങളുയര്‍ത്തി. ആ സംശയം എനിക്കുമുണ്ടായിരുന്നു. പലരേയും എന്ന പോലെ സംശയങ്ങളുടെ ദൃഷ്ടികളുമായി ഞാനും പലരേയും സമീപിച്ചു.


ഉപ്പയല്ലേ എന്ന്‌ കരുതി ചില സഹായങ്ങളുമായി ഞാന്‍ ഇടക്കിടെ അവിടെ പോകാറുണ്ടായിരുന്നു. സംശയത്തിന്‌റെ നിഴലില്‍ നിന്ന്‌ എന്നേയും മോചിപ്പിച്ചില്ല സമൂഹം. ചിലരുടെ പരിഹാസച്ചിരികൾക്ക് മുന്നിൽ ഒരു ജാരൻ എന്നിൽ രൂപാന്തരപ്പെടുന്നത് ഞാനറിഞ്ഞില്ല.

ഉപ്പയുടെ രണ്ടാം ഭാര്യയുടെ വയറ്റിൽ വളരുന്ന ബീജത്തിന്റെ ഉടമ താനല്ല എന്ന് സമൂഹത്തിൽ സ്ഥാപിച്ചെടുക്കുന്നതിലെ നിസ്സാഹതയ എന്നെ തളർത്തി.  ഗത്യന്തരമില്ലാതെ ഒടുവിൽ വീടു വിട്ടു വേറെ നാട്ടിലേക്ക്‌ പാലായനം ചെയ്യേണ്ടി വന്നു.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഉപ്പയുടെ മരണ വാര്‍ത്തയറിഞ്ഞ്‌ ഞാനെത്തുമ്പോള്‍ ഇളയ മോന്‌റെ മുഖ സാദൃശ്യമുള്ള ഒരു പത്തുവയസുകാരനെ കണ്‌ടു. മയ്യിത്തിനടുത്തു നിന്നും മാറാതെ തേങ്ങി തേങ്ങിക്കരയുന്നവനാരാകുമെന്ന് കൂടുതല്‍ ചിന്തിക്കേണ്‌ടി വന്നില്ല. മറ്റുള്ളവര്‍ എന്നെ ശ്രദ്ധിച്ച്‌ തുടങ്ങി!! സംശയത്തിന്‌റെ ദൃഷ്ടികള്‍ എവിടെയൊക്കെയോ പതുങ്ങിയിരിപ്പുണ്‌ടെന്ന് തോന്നി.

സമൂഹത്തിനെന്തും പറയാം... പക്ഷേ... എനിക്ക്‌ ബോധ്യപ്പെട്ടു, ഇതെന്‌റെ ഉപ്പയുടെ മകനാണ്‌ - എന്‌റെ അനിയന്‍! ഞാനവനെ മാറോട്‌ ചേര്‍ത്ത്‌ പിടിച്ചു ദീര്‍ഘശ്വാസമെടുത്തു.
 

ഇതെല്ലാം കണ്ട്  അസ്വസ്ഥമായ മനസ്സോടെ വരാന്തയിലൂടെ ഒരു മദ്ധ്യവയസ്ക ഉലാത്തുന്നുണ്ടായിരുന്നു ! എന്റെ ഭാര്യ...