എന്റെ നേരത്തെയുണ്ടായിരുന്ന ബ്ലോഗ് നഷ്ടപ്പെട്ടതിനാൽ രചനകളെല്ലാം ഇതിലേക്ക് മാറ്റിയിരിക്കുന്നു. നിരവധി പോസ്റ്റുകളും കമെന്റുകളും വിലപ്പെട്ട എന്റെ 240 ഓളം ഫോളോവേഴ്സും നഷ്ടപ്പെട്ടു. നിങ്ങൾ ഏവരുടേയും പിന്തുണ തുടർന്നും ഉണ്ടാകുമല്ലോ? എന്റെ രചനകളിലെ തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണമെന്ന അഭ്യർത്ഥനയോടെ, മൊഹി.

Friday, March 15, 2013

ഉണ്ണിക്കുട്ടന്‌റെ ലോകം...


ഉണ്ണിക്കുട്ടന്‌റെ പഴയ കളിചിരികളില്ലാത്ത ആ ഫ്ളാറ്റിലേക്ക്‌ ഞാന്‍ പ്രവേശിച്ചു. ടൈയും ഷര്‍ട്ടും അലസമായി ഊരി സോഫയിലെറിഞ്ഞു. അവനെവിടെ എന്ന്‌ നോക്കി. ഈയിടെയായുള്ള അവന്‌റെ മൌനം എന്നെ ആഴത്തില്‍ വേദനിപ്പിക്കുന്നു. പതിവ്‌ പോലെ ഇന്നും ആരൊക്കെയോ അതിഥികളായുണ്‌ട്‌. അല്ലെങ്കിലും കുടുംബത്തിലേക്ക്‌ പുതിയ ഒരംഗമെത്തിയെന്നറിഞ്ഞാല്‍ ബന്ധുമിത്രാദികള്‍ സന്ദര്‍ശിക്കുക പതിവാണല്ലോ? ഈ മണലാരണ്യത്തും അതിനൊരു കുറവുമില്ല. കുറവുള്ളത്‌ പ്രസവാനന്തരമുള്ള അനാചാരങ്ങള്‍ക്ക്‌ മാത്രമാണ്‌. 

പുതുതായി ജനിച്ച കുഞ്ഞിന്‌ തന്‌റേയും ഭാര്യയുടേയും നിറം കിട്ടിയില്ല എന്ന്‌ ചിലര്‍ അലക്ഷ്യമായി ഞങ്ങള്‍ കേള്‍ക്കാന്‍ പാകത്തില്‍ പറഞ്ഞ്‌ കൊണ്‌ടിരുന്നു. ഉണ്ണിക്കുട്ടനെ ഗര്‍ഭം ചുമക്കുന്ന സമയം ഞാന്‍ അവളോട്‌ ധാരാളം കുങ്കുമപ്പൂ കഴിക്കാന്‍ പറഞ്ഞിരുന്നു. സ്പാനിഷ്‌ കുങ്കുമപ്പൂവും ബദാമും പാലില്‍ കലക്കി കുടിച്ചിട്ടാവണം ഉണ്ണിക്കുട്ടന്‍ ഇങ്ങനെ വെളുത്ത്‌ ചെമന്നത്‌. 

അച്ഛനമ്മമാര്‍ വെളുത്ത നിറമാണെങ്കില്‍ കുഞ്ഞിന്‌ പാരമ്പര്യമായി ആ നിറം കിട്ടുമെന്നെനിക്കറിയാം.. അത്‌ എത്ര കുങ്കുമപ്പൂ കഴിച്ചാലും ഇല്ലേലും കിട്ടുമെന്ന വിശ്വാസത്തിന്‍മേലാണ്‌ ഇപ്രാവശ്യം ഭാര്യ ഗര്‍ഭം ധരിച്ചപ്പോള്‍ ഒന്നും നല്‍കാതിരുന്നത്‌. മോളെ പ്രസവിച്ച സമയം അവള്‍ ചുമന്നിട്ടായിരുന്നു എന്നാല്‍ ദിവസം കൂടും തോറും തൊലിയുടെ നിറം മങ്ങിവന്നു. അവള്‍ എന്നെ ദേഷ്യത്തോടെ നോക്കി, നിങ്ങളോട്‌ അന്നേ ഞാന്‍ പറഞ്ഞതാ അല്‍പം കുങ്കുമപ്പൂവ്‌ വാങ്ങിത്തരാന്‍ എന്ന്‌ മുഖഭാവത്തില്‍ നിന്നും എനിക്ക്‌ വായിച്ചെടുക്കാം.... 

കുഞ്ഞിനെ കാണാന്‍ വന്നവര്‍ ഓരോരോ അഭിപ്രായങ്ങള്‍ ഉന്നയിച്ച്‌ കൊണ്‌ടിരുന്നു. കുഞ്ഞിന്‌റെ ചെവിയും കൈപ്പത്തിയും ജനനേന്ദ്രിയവും വെളുത്തിട്ടാണ്‌ അപ്പോള്‍ ഭാവിയില്‍ വെളുക്കാന്‍ സാധ്യതയുണ്‌ട്‌. നിങ്ങള്‍ കാത്തിരിക്കൂ... നിറമേതായാലും ആയുരാരോഗ്യം നല്‍കണേ എന്നാണ്‌ എന്‌റെ പ്രാര്‍ത്ഥന. അഭിപ്രായമുന്നയിക്കുന്നവരുടെ വായ അടപ്പിക്കാന്‍ എനിക്കാവില്ലല്ലോ? അല്ല!! പെണ്‍കുട്ടിയാണല്ലേ? എന്നാല്‍ ഇപ്പോഴേ തുടങ്ങിക്കോളൂ സമ്പാദിക്കാന്‍! ശരിക്കൊമൊന്ന്‌ കണ്ണ്‌ തുറന്ന്‌ നോക്കാന്‍ പോലും തുടങ്ങിയിട്ടില്ലാത്ത കുഞ്ഞിന്‌റെ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ബന്ധുമിത്രാദികളെ ഞാന്‍ നിസ്സംഗതയോടെ നോക്കി. ആണിനേയും പെണ്ണിനേയും തരുന്നവന്‍ സര്‍വ്വശക്തനായ അല്ലാഹുവാണ്‌... പ്രപഞ്ചത്തിന്‌റെ നിലനില്‍പിനും സന്തുലിതാവസ്ഥക്കും ആണും പെണ്ണും കൂടിയേ തീരൂ എന്ന്‌ അറിയാത്തവരാണോ ഇവര്‍. 

തിരക്കുകളില്‍ നിന്നെല്ലാം അകന്ന്‌ ഏകനായി ഒരാള്‍ അവിടെ ഒരു മൂലയില്‍ ഇരിക്കുന്നുണ്‌ട്‌. അവന്‌റെ സാമ്രാജ്യത്തിലേക്ക്‌ പുതിയ ഒരംഗം വന്നതിലുള്ള ഈര്‍ഷ്യ വാക്കിലും പെരുമാറ്റത്തിലുമുണ്‌ട്‌. മൂന്ന്‌ വയസേ ആയിട്ടുള്ളൂവെങ്കിലും കൊച്ചു കൊച്ചു വികാരവിചാരങ്ങള്‍ അവനെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. ഒറ്റപ്പെടുന്നു എന്നൊരു തോന്നല്‍ ഇപ്പോള്‍ അവനിലുണ്‌ട്‌. ഏത്‌ സമയവും അപരിചിതരുമായി ചാറ്റ്‌ ചെയ്യുന്ന ഒരു ഉപ്പയും കുഞ്ഞിന്‌റെ കാര്യം മാത്രം ശ്രദ്ധിക്കുന്ന ഉമ്മയില്‍ നിന്നും അവന്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. വെളുത്ത്‌ തുടുത്ത കവിളുകളെല്ലാം പോയി എല്ലൊട്ടിയിരിക്കുന്നു. വയറൊട്ടി നന്നായി മെലിഞ്ഞിരിക്കുന്നു. കണ്ണില്‍ വിഷാദ ഭാവവും. 

ഉറങ്ങിയെണീറ്റാല്‍ മുതല്‍ ദുര്‍വാശികളാണിപ്പോള്‍!!! കുട്ടിയെ കിടത്തുന്ന തൊട്ടിലില്‍ അവനും അതുപോലെ കിടന്നുറങ്ങണം, കുഞ്ഞിന്‌ പാല്‌ കൊടുക്കാന്‍ പാടില്ല, കാലിന്‍മേല്‍ കിടത്തി അവനേയും കുളിപ്പിക്കണം. ഡയപ്പര്‍ ധരിക്കണം.. കുട്ടിയെ പൊതിയുന്ന ടര്‍ക്കിത്തുണിയില്‍ അവനേയും പൊതിയണം. കുഞ്ഞിന്‌റെ ജെട്ടി അവനുമിടണം!.. കൊച്ചു കൊച്ചു വാശികള്‍ ആദ്യമൊക്കെ രസകരമായിരുന്നു പിന്നെ പിന്നെ ശല്യമായി തോന്നിത്തുടങ്ങി. അവന്‌റെ കുഞ്ഞു മനസ്സിന്‌റെ ആഗ്രഹങ്ങളല്ലേ എന്നോര്‍ത്ത്‌ ഞാന്‍ പലതിനും സമ്മതം മൂളി. 

ഇപ്പോള്‍ എന്തിനും ഏതിനും ശാസനകളും ശകാരങ്ങളുമാണ്‌. പഴയത്‌ പോലെ ഒച്ചയെടുത്താല്‍ കുഞ്ഞുണരുമെന്ന്‌ ഉമ്മയുടെ ശകാരം, ഭക്ഷണം കഴിക്കാന്‍ മടികാട്ടിയാല്‍ നിര്‍ബ്ബന്ധിച്ച്‌ തീറ്റിക്കാന്‍ പഴയത്‌ പോലെ അവള്‍ക്കും സമയമില്ല. താന്‍ എന്ത്‌ ചെയ്താലും തെറ്റായിപ്പോകുമോ എന്നുള്ള ഭയം അവന്‌റെ കണ്ണുകളില്‍ നിഴലിച്ച്‌ നില്‍ക്കുന്നു. എന്തിനും അരുത്‌ അരുത്‌ എന്നുള്ളത്‌ അവനെ ആശയക്കുഴപ്പത്തിലാക്കി. ചെട്ടുകം കൊണ്‌ടുള്ള അടിയും ശാസനകളും ഇപ്പോള്‍ ശീലമായിട്ടുണ്‌ട്‌. താനൊരു ശല്യമാവുന്നോ എന്നുള്ള ആധി അവനെ ദിനം പ്രതി തളര്‍ത്തി കൊണ്‌ടിരുന്നു. മുഖത്തെ വിഷാദ ഭാവം വെറുതെ ഉണ്‌ടായതല്ലെന്ന്‌ എനിക്കറിയാം. 

മുഖത്ത്‌ പുഞ്ചിരി വിടരണമെങ്കില്‍ ഞാന്‍ തന്നെ അവനെ കൊഞ്ചിക്കണം... ഇപ്പോള്‍ ഞാനാണവന്‌ പ്രിയങ്കരന്‍. ജോലിക്കിറങ്ങും നേരം വാതിലില്‍ വന്ന്‌ തടഞ്ഞ്‌ നിര്‍ത്തി "ഉപ്പ ഓഫീസിലേക്ക്‌ പോകേണ്‌ട" എന്ന്‌ പറഞ്ഞ്‌ സങ്കടം മുഴുവന്‍ ചുണ്‌ടിലേക്കാവാഹിച്ച്‌ വിതുമ്പി കരയുന്ന രംഗം ഹൃദയഭേദകമാണ്‌. ഉപ്പയില്ലെന്ന്‌ കരുതി അവന്‌ യാതൊരു കുറവുമുണ്‌ടാവില്ല പക്ഷെ പട്ടാളച്ചിട്ട അവനിഷ്ടമില്ല. കുഞ്ഞുനാളില്‍ ഞാനും അങ്ങനെയായിരുന്നത്രെ. ശിക്ഷണവും നിയന്ത്രണവും തീരെ ഇഷ്ടമില്ലാത്തവര്‍. 

ഉറങ്ങാനവന്‌ എന്‌റെ കൈത്തണ്‌ട എപ്പോഴും വേണം. വലതു കൈത്തണ്‌ട അവനുള്ളതായിരുന്നു, അതാണവന്‌റെ തലയിണ. ഞാന്‍ കിടക്കാന്‍ വൈകുന്നതിനനുസരിച്ച്‌ അവന്‌റെ ഉറക്കവും വൈകും. കോട്ടുവാ ഇട്ട്‌ എനിക്ക്‌ ചുറ്റും അലസമായി നടന്ന്‌ മടിയില്‍ കയറി ഇരുന്ന്‌ ഉറങ്ങിക്കളയും. കൊണ്‌ട്‌ പോയി കിടത്തിയാല്‍ ഉപ്പ അടുത്തില്ല എന്ന്‌ മനസ്സിലാക്കി എഴുന്നേറ്റ്‌ വന്ന്‌ കരയും.. ഉണ്ണിക്കുട്ടന്‌റെ ആ കരച്ചില്‍ എന്‌റെ കാതുകളില്‍ ചൂഴ്ന്നിറങ്ങിയപ്പോള്‍ ഞാന്‍ പാതിമയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന്‌ ചുറ്റുപാടും നോക്കി. 

ഫ്ളാറ്റില്‍ മടുപ്പിക്കുന്ന നിശ്ശബ്ദത മാത്രം... നിശ്ശബ്ദതയെ കീറി മുറിച്ച്‌ ടാപ്പില്‍ നിന്നും വെള്ളം ഇടക്കിടെ ഇറ്റിറ്റ്‌ വീഴുന്നു... അവന്‌റെ കുഞ്ഞു സൈക്കിള്‍ അലക്ഷ്യമായി മൂലയില്‍ കിടക്കുന്നു. കുട്ടിയായിരുന്നപ്പോള്‍ അണിഞ്ഞിരുന്ന പരുത്തി കുപ്പായവും ട്രൌസറും ഞാന്‍ മെല്ലെയെടുത്ത്‌ തലോടി അതില്‍ ഉമ്മവെച്ചു. കണ്ണുനീര്‍ തുള്ളികള്‍ അതിലേക്ക്‌ ഇറ്റിറ്റ്‌ വീണു. എന്‌റെ ഉണ്ണിക്കുട്ടന്‍ ഇപ്പോള്‍ അടുത്തില്ല. 

ഇനിയും ഈ നാല്‌ ചുമരുകള്‍ക്കിടയിലവനെ അടച്ചിട്ടാല്‍, ചെറിയ വാശികള്‍ക്ക്‌ കൂച്ചു വിലങ്ങിട്ടാല്‍ ആ പഴയ ഉണ്ണിക്കുട്ടനെ നഷ്ടപ്പെട്ടേക്കാം എന്ന ഡോക്ടറുടെ ഉപദേശം എന്നെ വളരെ ചിന്തിപ്പിച്ചു, അവനെ നോക്കാന്‍ ഞാന്‍ മാത്രം പോര. കിളികളും പറവകളും വൃക്ഷലതാതികളും അവനറിയണം അവനെ അറിയണം. അവന്‌ വല്ല്യുപ്പയും, വല്ലുമ്മയും മറ്റു ബന്ധു മിത്രാദികളും വേണം. അവന്‍ പ്രകൃതിയെ അറിയണം, ബന്ധങ്ങളെ അറിയണം സമൂഹത്തെ അറിയണം. സമ പ്രായത്തിലുള്ള കുട്ടികളുമായി ഓടിച്ചാടി കളിച്ച്‌ തിമിര്‍ത്ത്‌ വളരണം. കിളികളോട്‌ കിന്നാരം ചൊല്ലണം, മഴയുള്ള രാത്രികളില്‍ കിനാവ്‌ കാണണം, പുഴയിലെ പരല്‍മീനുകളോടോപ്പം നീന്തിത്തുടിക്കണം. പുതുമണ്ണിന്‌റെ മണമറിഞ്ഞ്‌ വളരണം. ഈ നാല്‌ ചുമരുകള്‍ക്കുള്ളില്‍ അവനാരോട്‌ കിന്നാരം ചൊല്ലും. മരുക്കാറ്റും എയര്‍കണ്‌ടീഷന്‌റെ മൂളലും അവനെ എന്ത്‌ പഠിപ്പിക്കാന്‍. 

കുഞ്ഞുവാവയുടെ കരച്ചിലും അവ്യക്ത ശബ്ദങ്ങളും ഭാര്യയുടെ ഉപദേശങ്ങളും ഫ്ളാറ്റില്‍ ഇപ്പോള്‍ മുഴങ്ങുന്നില്ല. അടുക്കളയില്‍ പാത്രങ്ങളുടെ കലപില ശബ്ദമില്ല. ഒരുമാസം മുമ്പ്‌ ഇവിടം ശബ്ദമുഖരിതമായിരുന്നു. ഇപ്പോള്‍ ശ്മശാന മൂകത... ഉപ്പയില്ലാത്ത പുതിയ ലോകത്ത്‌ അവന്‍ എങ്ങനെയെന്നാവോ? എന്‌റെ കൈത്തണ്‌ടയില്ലാതെ അവന്‍ ഉറങ്ങുന്നുണ്‌ടോ ആവോ!!? 

ആറേഴു വര്‍ഷക്കാലം ജീവിച്ച വാടക ഫ്ളാറ്റില്‍ പുതിയ താമസക്കാര്‍ എത്തി. അവര്‍ എല്ലാം വലിച്ച്‌ വാരിയിട്ട്‌ കുപ്പയില്‍ തള്ളിക്കൊണ്‌ടിരുന്നു. ഉണ്ണിക്കുട്ടന്‌റെ സൈക്കിളും അവന്‌റെ കുഞ്ഞുവസ്ത്രങ്ങളുമെടുത്ത്‌ ഞാന്‍ കാറിന്‌റെ ഡിക്കിയില്‍ വെച്ചു. ആ സൈക്കിളായിരുന്നു അവന്‌റെ ജീവന്‍, അതിലായിരുന്നു അവന്‌റെ ഇരുപ്പും സഞ്ചാരവും. അത്‌ ഞാനെങ്ങനെ ഉപേക്ഷിക്കാന്‍... അത്‌ കുപ്പയില്‍ തള്ളാന്‍ എനിക്ക്‌ മനസ്സ്‌ വന്നില്ല. അവരുടെ സാന്നിധ്യമനുഭവപ്പെടാന്‍ എനിക്കിത്‌ ധാരാളം. യാത്ര പറഞ്ഞ്‌ ഫ്ളാറ്റിന്‌റെ പടികളിറങ്ങുമ്പോള്‍ പിറകില്‍ നിന്നുമൊരു വിളി കേട്ടു... ഉപ്പാ.... ഉണ്ണിക്കുട്ടന്‌റെ പതിവ്‌ വിളി. കുസൃതിച്ചിരി കണ്ണുകളിലൊളിപ്പിച്ച്‌ അവന്‍ സ്റ്റെയര്‍കേസിറങ്ങിവരുന്നത്‌ പോലെ എനിക്ക്‌ തോന്നി. ഇല്ല... ഞാനിപ്പോള്‍ ഏകനാണ്‌!!!

 
അടുത്ത അവധിക്കാലം ഞാന്‍ നാട്ടിലെത്തുമ്പോള്‍ ഉണ്ണിക്കുട്ടന്‍ വളര്‍ന്ന്‌ വലുതായിട്ടുണ്‌ടാകും. ഉറങ്ങാന്‍ അപ്പോള്‍ എന്‌റെ കൈത്തണ്‌ടയുടെ ആവശ്യമുണ്‌ടാകില്ല. കൈകള്‍ നീട്ടിയാല്‍ എന്‌റെ ശരീരത്തിലേക്ക്‌ പടര്‍ന്ന്‌ കയറാന്‍ പഴയത്‌ പോലെ ഓടി വരില്ലായിരിക്കും. അവന്‌ ഞാന്‍ പഴയത്‌ പോലെ പ്രിയങ്കരനായിരിക്കില്ല. ഒരപരിചിതനാവാം.. അല്ലെങ്കില്‍ ഒരകന്ന ബന്ധു. അവന്‌റെ കുഞ്ഞുമനസ്സിന്‌റെ ഏതെങ്കിലുമൊരു കോണില്‍ മങ്ങിയ രൂപമായി ഈ ഉപ്പയുണ്‌ടാവുമായിരിക്കും... പ്രയാസങ്ങള്‍ അനുഭവിക്കുന്ന പ്രവാസിയായ ഒരുപ്പ. നെഞ്ചില്‍ വിരഹത്തിന്‌റെ നൊമ്പരം പേറി നീറിനീറിപ്പുകയുന്ന ഈ ഉപ്പ... ഞാന്‍... ഞാനൊരു പാവം പ്രവാസി...

Friday, December 21, 2012

ഞാന്‍ ആദ്യമായി കണ്‌ട തലവെട്ട്‌ !

 
സൌദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ അതിപുരാതന പട്ടണമാണ്‌ ദീര.  മണ്ണ്‌ കൊണ്‌ടും ഈത്തപ്പനയുടെ തടിയിലും പണിതീര്‍ത്തിട്ടുള്ള പഴയ കൊട്ടാരങ്ങള്‍ ,  ഗതകാല സ്മരണകള്‍ നിലനിര്‍ത്തിക്കൊണ്‌ട്‌ തന്നെ കച്ചവടത്തില്‍ വ്യാപൃതരായിരിക്കുന്ന പരമ്പരാകൃത വ്യാപാരികള്‍ കരകൌശല വസ്തുക്കളുടേയും, വ്യത്യസ്ഥ രാജ്യങ്ങളില്‍ നിന്നുള്ള പരവതാനികളുടേയും അതിവിപുലമായ ശേഖരമുള്ള വിപണന കേന്ദ്രം, കെട്ടിലും മട്ടിലും പഴമയുടെ ഭംഗി നില നിര്‍ത്തി കൊണ്‌ട്‌ തന്നെ നഗരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആധുനിക കെട്ടിടങ്ങള്‍;  ഇവയാണ്‌ ദീരയുടെ ഉള്ളറകളിലേക്ക്‌ ഇറങ്ങി ചെന്നാല്‍ നമുക്ക്‌ കാണാന്‍ കഴിയുക.
 
തൊട്ടടുത്ത്‌ ഇവയെ എല്ലാം വെല്ല്‌ വിളിച്ച്‌ നില്‍ക്കുന്ന റിയാദ്‌ ഗവര്‍ണറുടെ ഓഫീസ്‌, രാജ്യത്തെ പരമോന്നത നീതിന്യായ ശരീഅത്ത്‌ കോടതി, ഭൂഗര്‍ഭ അറകളുള്ള ജയില്‍, ലോക മുസ്ളിംങ്ങളുടെ ഇമാമായ ശൈഖ്‌ അബ്ദുല്‍ അസീസ്‌ പ്രാര്‍ത്ഥനകള്‍ക്ക്‌ നേതൃത്വം നല്‍കുന്ന ദീര പള്ളി. പള്ളിയുടെ അതേ കെട്ടിടത്തില്‍ തന്നെ സദാചാര പോലീസിന്‌റെ ഓഫീസ്‌ (മുതവ്വ) എന്നിവ കാണാം. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു ഒരു ചങ്ങല പോലെ.
 
ഇവയുടെയെല്ലാം മധ്യത്തില്‍ മാര്‍ബിള്‍ പതിച്ച വിശാലമായ ഒരു മൈതാനമുണ്‌ട്‌. ആ മൈതാനത്താണ്‌ കുറ്റവാളികള്‍ക്ക്‌ ശരീഅത്ത്‌ നിയമപ്രകാരമുള്ള ശിക്ഷകള്‍ നടപ്പാക്കാറുള്ളത്‌. ആ സ്ഥലത്തെ പ്രത്യേകമായി മതില്‍ കെട്ടി സംരക്ഷിക്കുകയോ സുരക്ഷാ ഭടന്‍മാരുടെ നിരീക്ഷണത്തിലാക്കുകയോ ചെയ്തിട്ടില്ല. അറബി സ്ത്രീകളും കുട്ടികളും ഒഴിവ്‌ സായാഹ്നങ്ങളില്‍ സമയം ചിലവഴിക്കുന്നതിവിടെയാണ്‌.  ഞാന്‍ താമസിച്ചിരുന്ന മുറി ഈ ഗ്രൌണ്‌ടിന്‌റെ അതിര്‍ത്തി പങ്കിടുന്ന ക്ളോക്ക്‌ ടവറിന്‌റെ പിറക്‌ വശത്തുള്ള ബില്‍ഡിംഗിലായിരുന്നു. അവിടെ നിന്ന്‌ നോക്കിയാല്‍ ഗ്രൌണ്‌ടില്‍ നടക്കുന്നതെല്ലാം അവ്യക്തമായി കാണാം.
 
അന്നൊരുദിവസം, സമയം രാവിലെ ആറ്‌ മണിയായിട്ടുണ്‌ടാകും. ദീരയെ പ്രകമ്പനം കൊള്ളിക്കുന്ന രീതിയില്‍ പോലീസ്‌ വാഹങ്ങളുടേയും, ആംബുലെന്‍സിന്‌റേയും കാതടപ്പിക്കുന്ന ശബ്ദം. ഫ്രീ വിസയില്‍ വന്നതിനാലും പ്രവാസത്തിലേക്ക്‌ കാലെടുത്ത്‌ വെച്ചിട്ടുള്ളൂ എന്നതിനാലും ഒരു ജോലി തരപ്പെട്ടിരുന്നില്ല. അത്‌ കൊണ്‌ട്‌ തന്നെ രാവിലെ എഴുന്നേല്‍ക്കാന്‍ കുറച്ച്‌ വൈകും. എന്‌റെ ഉറക്കത്തെ ശല്യപ്പെടുത്തുന്ന ഈ ശബ്ദകോലാഹലങ്ങള്‍ക്കുള്ള കാരണമെന്താണെന്ന്‌ മൂടിപ്പുതച്ചുറങ്ങുന്ന റഷീദിക്കയോട്‌ ആരാഞ്ഞു.
 
"ഓ അത്‌ കാര്യമാക്കേണ്‌ട, ആരുടെയെങ്കിലും തലവെട്ടുന്നുണ്‌ടാകും"
 
 "തല വെട്ടോ?!"
 
 "അതെ !"
 
"നമുക്ക്‌ കാണാന്‍ പറ്റുമോ?"
 
"ഇപ്പൊ അങ്ങോട്ട്‌ ചെന്നാല്‍ കാണാം ! "
 
എന്ന്‌ പറഞ്ഞ്‌ തലക്ക്‌ മുകളിലൂടെ കമ്പിളി  പുതപ്പ്‌ വലിച്ചിട്ട്‌ റഷീദിക്ക മിണ്‌ടാതെ കിടന്നു. അയാള്‍ക്ക്‌ ഇതൊന്നും ആദ്യ അനുഭവമല്ല. തല വെട്ടലിലൂടെ വധ ശിക്ഷ നടപ്പാക്കല്‍ എന്നുള്ളത്‌ കേട്ടിട്ടേയുള്ളൂ. ഇതൊന്ന്‌ കാണണമല്ലോ എന്ന ചിന്തയോടെ എഴുന്നേറ്റ്‌ വസ്ത്രം മാറി പുറത്തിറങ്ങി.
 
പോലീസുകാര്‍ മൈതാനത്തിന്‌റെ നാനാ ഭാഗങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്‌ട്‌. ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നു അവരിലൊരാളായി എല്ലാം കൌതുകത്തോടെ നോക്കി നില്‍ക്കെ പോലീസ്‌ സേനയുടെ വാഹന വ്യൂഹം അങ്ങോട്ട്‌ കടന്ന്‌ വന്നു, കൂടെ ഒരു ആംബുലന്‍സും. വാഹന വ്യൂഹത്തില്‍ നിന്ന്‌ ഒരു വാഹനം മൈതാനത്തിന്‌റെ കിഴക്കെ ഭാഗത്ത്‌ പോയി നിര്‍ത്തി, അതിലാണ്‌ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട വ്യക്തിയുള്ളത്‌.
 
ആയുധ ധാരികളായ പോലീസുകാരും സൈറണ്‍ മുഴക്കി നില്‍ക്കുന്ന പോലീസ്‌ വാഹനങ്ങളും മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ഭീതി പരത്തി. പോലീസുകാര്‍ ആരേയോ പ്രതീക്ഷിച്ച്‌ നില്‍ക്കുന്നു. അല്‍പ സമയത്തിനകം പഴയ ഒരു ടൊയോട്ട ക്രസ്സിഡ കാര്‍ പാഞ്ഞു വന്നു മൈതാനത്തിന്‌റെ ഒരു വശത്ത്‌ നിര്‍ത്തി. ആറ്‌ ആറരടി പൊക്കമുള്ള കാഴചയില്‍ മുപ്പത്‌ വയസ്സ്‌ തോന്നിക്കുന്ന ആരോഗ്യ ദൃഢഗാത്രനായ ഒരു യുവാവ്‌ പുറത്തിറങ്ങി !. കറുത്ത ശരീരം!,  പരമ്പരാത ശുഭ്ര വസ്ത്രമാണ്‌ വേഷം. ശിരോവസ്ത്രം നേരെയാക്കി കാറിന്‌റെ പിന്‍ വാതില്‍ തുറന്ന്‌ നീളമുള്ള എന്തോ എടുത്തു വാഹന വ്യൂഹത്തെ നോക്കി !. 
 
ആയുധ ധാരികളായ രണ്‌ട്‌ പോലീസുകാര്‍ പിറകിലേക്ക്‌ കൈ കൂട്ടി കെട്ടിയ നിലയില്‍ ഒരു ചെറുപ്പക്കാരനെ പോലീസ്‌ വാഹനത്തില്‍ നിന്നുമിറക്കി മൈതാനത്തിന്‌റെ മധ്യ ഭാഗത്തേക്ക്‌ ആനയിച്ചു. വേഷവിധാനത്തില്‍ നിന്ന്‌ സ്വദേശിയാണെന്ന്‌ മനസ്സിലായി. യാതൊരു വിധ എതിര്‍പ്പുമില്ലാതെ നിര്‍വികാരനായി ആ യുവാവ്‌ മെല്ലെ അടിവെച്ചടിവെച്ച്‌ കൊണ്‌ട്‌ വധശിക്ഷ നടപ്പാക്കുന്ന മധ്യ ഭാഗത്തെത്തി തല കുനിച്ച്‌ നിന്നു. ഈ ലോകത്തെ നിമിഷങ്ങള്‍ എണ്ണപ്പെട്ടു ഇനി വിരലിലെണ്ണാവുന്ന ശ്വാസോച്ഛ്വസങ്ങള്‍ മാത്രം എന്ന്‌ മനസ്സിലാക്കിയതിനാലാവാം, അറവുകാളയുടെ മുഖത്ത്‌ നിഴലിച്ച്‌ കാണാറുള്ള ഒരു ദൈന്യത അയാളുടെ മുഖത്തും വ്യക്തമായി കാണാന്‍ കഴിഞ്ഞു.
 
ആരാച്ചാരായ സൌദി തന്‌റെ കയ്യിലുള്ള നീളമുള്ള ഉറയില്‍ നിന്നും എന്തോ ഒരു സാധനം ഊരിയെടുത്തു. കണ്ണിമ വെട്ടാതെ എല്ലാം നോക്കി കാണുകയായിരുന്ന ഞാന്‍ അയാളുടെ കയ്യില്‍ വെട്ടിത്തിളങ്ങുന്ന ഒരു വാള്‍ കണ്‌ടു. വധശിക്ഷക്ക്‌ വിധേയനാക്കുന്ന ആളിനടുത്തേക്ക്‌ അയാള്‍ നടന്നടുത്തു. പിന്നീടെല്ലാം ധ്രുതഗതിയിലായിരുന്നു. പടിഞ്ഞാറെ ഭാഗത്തേക്ക്‌ തിരിച്ച്‌ നിര്‍ത്തി കുനിഞ്ഞിരിക്കാന്‍ ആവശ്യപ്പെട്ടു. അനുസരണയുള്ള ഒരു കുട്ടിയെ പോലെ അയാള്‍ മുട്ടുകുത്തി കുനിഞ്ഞിരുന്നു. വാളിന്‌റെ മൂര്‍ച്ചയുള്ള മുന കൊണ്‌ട്‌ പിന്‍ കഴുത്തില്‍ ഒരു കുത്ത്‌ കൊടുത്തപ്പോള്‍ അയാള്‍ വേദന കൊണ്‌ട്‌ തലയൊന്ന്‌ വെട്ടിച്ചു. ആരാച്ചാര്‍ ആ നിമിഷം നോക്കി ആഞ്ഞുവീശി. ആ കാഴ്ച കാണാന്‍ ശക്തിയില്ലാതെ ഞാന്‍ എന്‌റെ തല ഇടത്‌ വശത്തേക്ക്‌ വെട്ടിച്ചു ,  കൂടെ മറ്റുള്ളവരും.
 
പിന്നീട്‌ നോക്കിയപ്പോള്‍ തല വേര്‍പ്പെട്ട രീതിയില്‍ ചോരയില്‍ കുതിര്‍ന്ന ഒരു ശരീരം അവിടെ കിടക്കുന്നത്‌ കണ്‌ടു. കാലുകള്‍ മെല്ലെ മടക്കുകയും നിവര്‍ത്തുകയും ചെറുതായി പിടക്കുകയും ചെയ്യുന്നുണ്‌ട്‌. അതും ഇല്ലാതായി. ആരാച്ചാര്‍ കര്‍മ്മം നിര്‍വ്വഹിച്ച്‌ തന്‌റെ വാഹനത്തിന്‌റെ അടുത്തേക്ക്‌ നടന്ന്‌ വരുന്നു. ആംബുലന്‍സിലുണ്‌ടായിരുന്ന ഡോക്ടര്‍ മരണം ഉറപ്പ്‌ വരുത്തി മൃത ശരീരം എടുത്ത്‌ ആംബുലന്‍സിലേക്ക്‌ മാറ്റുമ്പോള്‍ കുറച്ചാളുകള്‍ അപ്പുറത്ത്‌ നിന്ന്‌ അലമുറയിടുന്നുണ്‌ടായിരുന്നു. പാവം ഒരു യുവാവ്‌ അകാല ചരമം പ്രാപിച്ചു. അയാള്‍ക്കിനിയും എത്രയോ ജീവിതം ബാക്കിയുണ്‌ടായിരുന്നു.
 
മൃതദേഹം ആംബുലന്‍സിലേക്ക്‌ മാറ്റപ്പെടുന്ന സമയം വധിക്കപ്പെട്ടയാള്‍ക്കെതിരെയുള്ള കുറ്റപത്രം ജഡ്ജിയുടെ പ്രതിനിധി ഉറക്കെ എല്ലാവരേയും വായിച്ചു കേള്‍പ്പിച്ചു. അറബി ഭാഷ വശമില്ലാത്തതിനാല്‍ ഞാന്‍ കൂട്ടത്തിലുള്ളവരോട്‌ ചോദിച്ചു. എന്താണ്‌ വായിക്കുന്നതെന്ന്‌? എന്താണ്‌ ഇയാള്‍ ചെയ്ത കുറ്റം?.
 
പത്ത്‌   വയസ്സുകാരിയായ ഒരു സിറിയന്‍ പെണ്‍കുട്ടിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്ത്‌ മരുഭൂമിയില്‍ കൊണ്‌ട്‌ പോയി കൊന്ന്‌ കുഴിച്ച്‌ മൂടിയതിനുള്ള ശിക്ഷയാണെന്നും കൂട്ടു പ്രതികളുടേത്‌ വൈകാതെ നടപ്പാക്കുമെന്നുമാണത്രെ അറിയിച്ചത്‌. അത്‌ കേട്ട്‌ ഞാന്‍ ഒന്ന്‌ നെടുവീര്‍പ്പിട്ടു. പാവപ്പെട്ട ഒരു പൈതലിനെ മൃഗീയമായി കൊന്നതിനുള്ള ശിക്ഷയോ? ഇവര്‍ക്കെങ്ങനെ ഇത്ര പൈശാചികമായി ഈ കുറ്റ കൃത്യം ചെയ്യാന്‍ കഴിഞ്ഞു എന്ന്‌ ചിന്തിച്ച്‌ നില്‍ക്കുന്നതിനിടെ ആംബുലന്‍സ്‌ പേടിപ്പെടുത്തുന്ന ശബ്ദത്തോടെ ദീരയെ വിറപ്പിച്ച്‌ കൊണ്‌ട്‌ കുതിച്ച്‌ പാഞ്ഞു. കൂടെ സായുധരായ പോലീസ്‌ വാഹന വ്യൂഹവും.

ചുറ്റും കൂടിയവര്‍ പിരിഞ്ഞ്‌ പോയി, ഞാന്‍ ചിന്താവിഷ്ടനായി അവിടെ കണ്‌ട ഒരു സ്തൂപത്തിലിരുന്നു. ആ കാപാലികരുടെ ക്രൂരതയില്‍ പിടഞ്ഞിലാതായ പെണ്‍കുട്ടിയുടെ ദീനാരോദനം എന്‌റെ കാതില്‍ കേട്ടു, നിഷ്ക്കളങ്കയായ ഒരു ബാലികയെ കൂട്ട മാനഭംഗം ചെയ്ത്‌ ജീവന്‍ തന്നെ ഇല്ലാതാക്കിവര്‍ക്ക്‌ ഇതല്ലെങ്കില്‍ വേറെ എന്ത്‌ ശിക്ഷയാണ്‌ ഈ ഭൂലോകത്ത്‌ കൊടുക്കാന്‍ സാധിക്കുക?. അയാള്‍ അതര്‍ഹിക്കുന്നു. മരണ ശിക്ഷ !.

തലവെട്ടല്‍ കാണാനുള്ള സ്വാഭാവിക ആകാംക്ഷയിലാണ്‌ ഞാന്‍ അന്ന്‌ അങ്ങോട്ട്‌ പോയത്‌. പിന്നീടും നിരവധി വധശിക്ഷകള്‍ അവിടെ നടപ്പാക്കിയിരുന്നു, പക്ഷെ മനപ്പൂര്‍വ്വം അങ്ങോട്ട്‌ പോകുന്നതൊഴിവാക്കി. ഒരു സ്ത്രീയുടെ തലവെട്ടല്‍ ഉണ്‌ടെന്നറിഞ്ഞ്‌ ഒരു ദിവസം കൂടി പോയി. കരഞ്ഞ്‌ വിലപിച്ച്‌ മരണത്തിന്‌ കീഴ്പെട്ട ഒരു വനിത. വധിക്കപ്പെടുന്ന ദിവസം കരഞ്ഞ്‌ വിലപിക്കുന്ന അപൂര്‍വ്വം ചിലരിലൊരാളായിരുന്നത്രെ ആ സ്ത്രീ. സാധാരണയായി എല്ലാവരും മരണത്തെ പുല്‍കാന്‍ വെമ്പല്‍ കൊണ്‌ട്‌ വരുന്നവരാണെങ്കില്‍ ആ സ്ത്രീ അവരില്‍ നിന്നും വ്യത്യസ്ഥയായിരുന്നു. ഈ ഗ്രൌണ്‌ടില്‍ മയക്ക്‌ മരുന്ന്‌ കടത്തിയ കുറ്റത്തിന്‌ എന്‌റെ ഒരു നാട്ടുകാരനേയും വധശിക്ഷക്ക്‌ വിധേയമാക്കിയിട്ടുണ്‌ട്‌ എന്ന്‌ പറഞ്ഞാലെ ഈ അനുഭവക്കുറിപ്പ്‌ പൂര്‍ണ്ണമാകൂ.

Thursday, November 8, 2012

അപരിചിതര്‍



ജോലി കഴിഞ്ഞ്‌ റൂമില്‍ തിരിച്ചെത്തിയപ്പോഴേക്കും അയാള്‍ ആകെ ക്ഷീണിച്ചിരുന്നു, വന്ന പാടെ ഭാര്യ ഉണ്‌ടാക്കി കൊടുത്ത കാപ്പി ചൂടോടെ ഊതിയൂതി കുടിച്ചു. ടി വി ഓണ്‍ ചെയ്ത്‌ വാര്‍ത്തകള്‍ ശ്രദ്ദിച്ചു. ഓണ്‍ ലൈനിലൂടെ കുറച്ച്‌ മുമ്പ്‌ വായിച്ചതില്‍ നിന്നും വ്യത്യസ്ഥമായി ഒന്നും തന്നെയില്ല എന്ന്‌ മനസിലായപ്പോള്‍ അയാള്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. ഫേസ്‌ ബുക്കില്‍ നിന്നും ഗൂഗിളില്‍ നിന്നുമെല്ലാം പരിചയപ്പെട്ട അപരിചിത സൌഹൃദങ്ങള്‍ ഓണ്‍ ലൈനില്‍ വരി വരിയായി കിടക്കുന്നു.

ഈയിടയായി പരിചയപ്പെട്ട ഒരു അപരിചിത ഹായ്‌ എന്ന്‌ പറഞ്ഞ്‌ വന്നു. അതിന്‌ മറുപടി പറയും മുമ്പ്‌ ഭാര്യ എവിടെയെന്ന്‌ നോക്കി! അടുക്കളയില്‍ കര്‍മ്മനിരതയായിരിക്കുന്ന അവള്‍ ഇനി കുറച്ച്‌ നേരത്തേക്ക്‌ ഈ വഴി വരില്ല എന്ന്‌ മനസ്സിലാക്കി. മോന്‍ അടുക്കളയിലും ഹാളിലുമായി പന്തുരുട്ടി കളിക്കുന്നു. അവന്‍ അങ്ങനെയാണ്‌ ഒരിടത്ത്‌ ഒതുങ്ങിയിരിക്കുന്ന സ്വഭാവം ജനിച്ച മുതലേ ഇല്ല. കുസൃതിയാണെന്ന്‌ പറഞ്ഞാല്‍ അത്‌ അവനെ കുറിച്ചുള്ള വളരെ ചെറിയ ഉപമയേ ആകൂ.

ഹായ്‌ പറഞ്ഞ അപരിചിത മറുപടി കാണാഞ്ഞിട്ടാവണം "ഹലോ" എന്ന്‌ വീണ്‌ടും വിട്ടിരിക്കുന്നു; ചുമ്മാ ഒരു ഹായ്‌ അങ്ങോട്ടും പാസ്സാക്കി ആ ചാറ്റിംഗിന്‌ തുടക്കമിട്ടു.

മോന്‍ ഇടക്കിടെ വന്ന്‌ ബഹളമുണ്‌ടാക്കിയിട്ട്‌ പോകും.  കമ്പ്യൂട്ടറില്‍ നിന്ന്‌ കണ്ണെടുക്കാതെ തന്നെ അവനെ ഓരോന്നിനും ശാസിച്ച്‌ നിര്‍ത്തി, അവന്‌റെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരങ്ങള്‍ നല്‍കി.

അവനെ ശ്രദ്ദിക്കുന്നില്ല എന്ന്‌ മനസ്സിലായപ്പോള്‍ അടുത്ത്‌ വന്ന്‌ നിന്ന്‌ കൊഞ്ചിക്കൊണ്‌ട്‌ പറഞ്ഞു,

"ഉപ്പാ നോക്ക്‌"

"ങാ... ഞാന്‍ നോക്കി"

സ്ക്രീനില്‍ നിന്ന്‌ കണ്ണെടുക്കാതെ അയാള്‍ പറഞ്ഞു. അവനത്‌ കേള്‍ക്കേണ്ട താമസം വീണ്‌ടും കളി തുടങ്ങി. പന്ത്‌ മുകളിലേക്കിട്ടും കുഞ്ഞിക്കാലുകള്‍ കൊണ്ട്‌ തട്ടിത്തെറിപ്പിച്ചും അവന്‍ കളിച്ച്‌ കൊണ്‌ടിരുന്നു. അവനെ ആരും ശ്രദ്ദിക്കുന്നില്ല എന്ന്‌ കണ്‌ടാല്‍ അവന്‍ വീണ്‌ടും ചിണുങ്ങി കൊണ്‌ട്‌ പറയും.

"ഉപ്പ നോക്ക്‌... ഉമ്മ നോക്ക്‌"

ആരും അവനെ നോക്കിയില്ലേല്‍ അവന്‍ ഉച്ചത്തില്‍ ഒച്ച വെക്കും. വയസ്‌ രണ്‌ടരയാണെങ്കിലും അവന്റ കൂവലില്‍ ചെവി പോലും പൊട്ടി പോകും, അത്ര ശക്തിയില്‍ ഒച്ചയുണ്‌ടാക്കാന്‍ മിടുക്കനാണ്‌. ആ ഒച്ച വെക്കുന്നതിലൂടെ അവന്‌റെ ലക്ഷ്യം ഉപ്പയും ഉമ്മയും മുഴുകിയിരിക്കുന്ന ജോലിയില്‍ നിന്നും ശ്രദ്ധ തിരിച്ച്‌ അവനിലേക്ക്‌ മാത്രം ആക്കുക എന്നതാണ്‌. അങ്ങനെ ശ്രദ്ധ മുഴുവന്‍ അവനിലാണെന്ന്‌ മനസ്സിലായാല്‍ ആ അലറല്‍ നിര്‍ത്തും.

അടച്ചിട്ട മുറിയില്‍ അവന്‌ മുശിഞ്ഞ്‌ തുടങ്ങിയിട്ടുണ്‌ട്‌, ദിവസവും ഷോപ്പിംഗ്‌ മാളുകളിലോ അല്ലെങ്കില്‍ പുറത്ത്‌ പാര്‍ക്കിലോ പോയാലെ അവന്‌ അവന്‌റെ ഒരു ദിവസം കഴിഞ്ഞെന്ന്‌ തോന്നൂ. അയാള്‍ ജോലിക്കിറങ്ങാന്‍ നേരം അവന്‍ വാതില്‍ക്കല്‍ വന്ന്‌ നിന്ന്‌ മെല്ലെ പറയും

"ഉപ്പ വന്നിട്ട്‌ പാണ്‌ടയില്‍ പോണം, ജ്യൂസ്‌ വാങ്ങണം, ചോക്കലേറ്റ്‌ വാങ്ങണം"

"ങാ... ഉപ്പ വന്നിട്ട്‌ പോകാട്ടോ... "

"ങും.. "

"നല്ല കുട്ടി"

"ഉപ്പയും നല്ല കുട്ടിയാ.. " കുസൃതി നിറഞ്ഞ ചിരിയോടെ അവന്‍ പറഞ്ഞു.

വാതിലടച്ച്‌ പോകാന്‍ നേരം കൈകള്‍ വീശി ടാറ്റ എന്ന്‌ പറയും..അതെല്ലാം ഉമ്മ പഠിപ്പിച്ച്‌ കൊടുത്ത ശീലങ്ങളാണ്‌.

പതിവു പോലെ അയാള്‍ അന്നും കമ്പ്യൂട്ടറില്‍ മുഴുകിയിരിക്കുകയായിരുന്നു.. ഉപ്പയും ഉമ്മയും അവനെ ശ്രദ്ദിക്കുന്നില്ല എന്ന്‌ മനസ്സിലായപ്പോള്‍ അവന്‍ പതിവ്‌ പോലെ കൂവല്‍ അല്ലെങ്കില്‍ അലറിക്കരയാന്‍ തുടങ്ങി.. ഒരു തുള്ളി കണ്ണീര്‍ പോലും വരാതെയുള്ള ഒരു കള്ളക്കരച്ചിലാണത്‌ എന്ന്‌ അവര്‍ക്കറിയാം.

അയാളുടെ ചെവിയില്‍ വന്ന്‌ അവന്‍ ഉച്ചത്തില്‍ കാറി, ചെവി പൊത്തി കൊണ്‌ട്‌ അയാള്‍ അലറി

"എടാ നിന്നോട്‌ ഞാന്‍ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്‌ട്‌ ചെവിയില്‍ വന്ന്‌ കാറരുതെന്ന്‌"

ഉച്ചത്തില്‍ വീണ്‌ടും കാറിക്കഞ്ഞ്‌ കൊണ്‌ടായിരുന്നു ആ ചോദ്യത്തോടുള്ള അവന്റപ്രതികരണം. അയാളുടെ ചെവികള്‍ വേദനിച്ചു...ചാറ്റിംഗിണ്റ്റെ രസച്ചരട്‌ പൊട്ടിച്ചതിലും ചെവി വേദനിച്ചതിലും അയാള്‍ക്ക്‌ ദേഷ്യം വന്നു. മുഖം കോപത്താല്‍ ചുവന്നു, അവന്‍ ഉപ്പയുടെ മുഖം കണ്ട്‌ പേടിച്ച്‌ കരച്ചിലിന്റ  ശബ്ദം മെല്ലെ കുറച്ചു, അയാള്‍ അടുക്കളയില്‍ പോയി ചട്ടുകം എടുത്ത്‌ കൊണ്‌ട്‌ വന്നു. അവന്‌റെ ചന്തിയില്‍ ശക്തിയായി അടിച്ചു... ആദ്യത്തെ അടിയില്‍ അവന്‌റെ മുഖം മെല്ലെ ഒരു വശത്തേക്ക്‌ കോടുന്നത്‌ കണ്‌ടു. ഉപ്പ പിന്നേയും അടിക്കുകയാണെന്ന്‌ മനസ്സിലായപ്പോള്‍ അവന്‍ ഉച്ചത്തില്‍ കരഞ്ഞു,. പതിവ്‌ പോലെ അവന്‍ കൂവി കാറി കരഞ്ഞില്ല. വേദന കൊണ്‌ടുള്ള ദയനീയ വിലാപം! കണ്ണുനീര്‍ കവിളിലൂടെ ഒലിച്ചിറങ്ങി.

" ഇനി നീ ചകിടത്ത്‌ വന്ന്‌ കൂവുമെടാ"

"ഇല്ല...ഇനി കൂവൂല്ല"

"ഇനി കൂവിയാല്‍ ഞാന്‍ നിന്റതുട അടിച്ച്‌ പൊളിക്കും"

"ഇല്ല, ഇനി ഞാന്‍ കൂവൂല്ല  ഉപ്പാ.." കരച്ചിലിനിടെ പറഞ്ഞൊപ്പിച്ചു. തേങ്ങി കരഞ്ഞ്‌ കൊണ്‌ട്‌ ഓടിപ്പോയി ഉമ്മയുടെ മാക്സിക്കുള്ളിലൊളിച്ചു.

എന്തോ നഷ്ടപ്പെടുന്നുവെന്ന തിരിച്ചറിവില്‍ കമ്പ്യൂട്ടറിന്‌റെ മുന്നില്‍ അയാള്‍ വീണ്‌ടുമിരുന്നു. ചാറ്റ്‌ ചെയ്ത്‌ കൊണ്‌ടിരുന്ന അപരിചിത ഗുഡ്‌ ബൈ... സീ യു ടുമോറോ എന്ന്‌ മെസേജ്‌ വിട്ട്‌ ചാറ്റിംഗ്‌ അവസാനിപ്പിച്ചിട്ടുണ്‌ട്‌. ഓണ്‍ ലൈന്‍ ലിസ്റ്റില്‍ അവളെ പരതിയെങ്കിലും അവള്‍ സൈന്‍ ഔട്ടായിരുന്നു.

അയാളുടെ ശ്രദ്ധ വീണ്‌ടും മോനിലേക്ക്‌ തിരിഞ്ഞു,

"ങും.. നീ കാരണം നല്ല ഒരു ചാറ്റിംഗ്‌ നഷ്ടപ്പെട്ടു"

അവന്‍ മെല്ല്‌ മൂക്ക്‌ തുടച്ച്‌ കൊണ്ട്‌ അയാളിലേക്ക്‌ ഒട്ടിച്ചേര്‍ന്ന്‌ നിന്നു; കാരണം അവന്‌ വലുത്‌ അയാള്‍ മാത്രമാണ്‌. കൂടെ കളിക്കാനും കഥ പറഞ്ഞ്‌ തരാനും പാട്ട്‌ പാടിത്തരാനുമെല്ലാം അവന്‌ അയാള്‍ തന്നെ വേണം. അടച്ച്‌ പൂട്ടിയ മുറിയില്‍ അവന്‌റെ ലോകം അയാളാണ്‌. അയാളുമായി പിണങ്ങി നില്‍ക്കാന്‍ അവനാവില്ല...കുറച്ച്‌ നിമിഷങ്ങള്‍ പോലും.

അവന്‍ ചേര്‍ന്ന്‌ നില്‍ക്കുന്നത്‌ കണ്‌ടപ്പോള്‍ അയാള്‍ക്ക്‌ സഹതാപം തോന്നി. അവന്‌റെ കുഞ്ഞി കൈകള്‍ കൊണ്‌ട്‌ അയാളുടെ അരക്കെട്ടിലൂടെ വട്ടമിട്ട്‌ ചേര്‍ത്ത്‌ പിടിച്ചിട്ടുണ്‌ട്‌. കരഞ്ഞ്‌ കലങ്ങിയ കണ്ണുകളില്‍ ഇപ്പോഴും കണ്ണ്‌ നീര്‍ നിറഞ്ഞ്‌ നില്‍ക്കുന്നു, അവന്‍ ദയനീയമായി അയാളെ നോക്കി...

"ഉപ്പാന്‌റെ പൊന്നുമോന്‍ ഇവിടെ വന്നാ.. "

അത്‌ കേള്‍ക്കേണ്‌ട താമസം അവന്‍ അയാളുടെ മടിയില്‍ ചാടിക്കയറി. ആ വിളിക്ക്‌ വേണ്‌ടിയാണ്‌ അണഞ്ഞ്‌ കൂടി നില്‍ക്കുന്നതും. അയാള്‍ അവന്‌റെ തുടയും കാലുകളും നോക്കി. ചുവന്ന്‌ തണര്‍ത്ത്‌ നില്‍ക്കുന്ന കാലുകളില്‍ മെല്ലെ തലോടി. അയാള്‍ ആദ്യമായാണ്‌ അവനെ ഇത്ര ശക്തിയായി അടിക്കുന്നത്‌.

"മോന്‌ വേദനിച്ചോ"

"ങും..വേദനിച്ചു"

അവന്‍ മെല്ലെ തലായാട്ടി കൊണ്‌ട്‌ പറഞ്ഞു.

"എന്റ കുട്ടിയൊന്ന്‌ ചിരിച്ചാ..." അത്‌ കേട്ട്‌ അവന്‍ മെല്ലെ പുഞ്ചിരിച്ചു.

"അങ്ങനെയല്ല, ഒച്ചയുണ്‌ടാക്കി ചിരിക്ക്‌"

അവന്‍ ഒച്ചയുണ്‌ടാക്കി ചിരിച്ചു. അയാള്‍ക്കങ്ങനെയാണ്‌ മോന്‍ പ്രത്യേക ശബ്ദത്തില്‍ ഒച്ചയുണ്‌ടാക്കി ചിരിച്ചാലേ സന്തോഷമാകൂ. അവന്‍ കൊച്ച്‌ കുഞ്ഞായിരുന്നപ്പോള്‍ ഉണ്‌ടാക്കിയിരുന്ന ശബ്ദമാണത്രെ അത്‌..

"ഇനി ഒന്ന്‌ കൂവിക്കാ.... ഉപ്പയൊന്ന്‌ കേള്‍ക്കട്ടെ"

അവന്‍ കൂവിയില്ല. മെല്ലെ അയാളുടെ മുഖത്തേക്ക്‌ നോക്കി പറഞ്ഞു.

"ഉപ്പാടെ ചെവി വേദനിക്കൂലേ... ഞാന്‍ ഇനി കൂവില്ല, അലറിക്കരീല്ല.. "

അത്‌ കേട്ട്‌ അയാളുടെ കണ്ണുകള്‍ നിറഞ്ഞു...

"അത്‌ സാരമില്ല; മോന്‍ ഒന്ന്‌ കൂവിക്കേ.. "

അവന്‍ പതിവിന്‌ വിപരീതമായി മെല്ലെ കൂവി. ആ കൂവലിന്‌ പഴയ ശക്തിയില്ല....

"മോന്‍ ഉപ്പാക്കൊരു ഉമ്മ തന്നേ... " അവന്‍ ചുണ്‌ടുകള്‍ അയാളുടെ കവിളിലേക്ക്‌ നീട്ടി

"എന്‌റെ കുട്ടിക്ക്‌ എവിടെ വേദനിക്കുന്നേ" ചുവന്ന്‌ തണര്‍ത്ത്‌ കിടക്കുന്ന തുടയിലെ പാടിലേക്ക്‌ അവന്‌റെ കുഞ്ഞ്‌ വിരല്‍ നീട്ടി കൊണ്‌ട്‌ പറഞ്ഞു

"ഇബടെ"

അയാള്‍ അവിടെ മെല്ലെ തലോടി. അവന്‍ അയാളുടെ നെഞ്ചില്‍ ഒരു പൂച്ച കുഞ്ഞിനെ പോലെ ചേര്‍ന്നിരുന്നു. തുടയിലും കാലിലുമുള്ള ചുവന്ന തിണര്‍ത്തു കിടക്കുന്ന പാടുകളില്‍ അയാള്‍ മെല്ലെ തലോടിക്കൊണ്‌ടിരുന്നു.. ചാറ്റിംഗിനേയും ആ കമ്പ്യൂട്ടറിനേയും ആ നിമിഷം അയാള് ‍ വെറുത്തു. ഒരിക്കല്‍ പോലും നേരില്‍ കണ്‌ടിട്ടില്ലാത്ത അപരിചിതര്‍ക്ക്‌ വേണ്‌ടി സമയം കളയുന്നതിനേക്കാള്‍ നല്ലതല്ലെ സ്വന്തം മോന്‌റേ കുസൃതിയും കളികളും കണ്‌ടുകൊണ്‌ടിരിക്കുന്നത്‌. അവന്‌റെ വളര്‍ച്ച അനുഭവിച്ചറിയുന്നത്‌.

പണ്‌ടെങ്ങോ പരിചയപ്പെട്ട അപരിചിതന്‌റെ മെസേജ്‌ ചെറിയ വിന്‍ഡോയില്‍ പുതുതായി കിടക്കുന്നതയാളുടെ ശ്രദ്ദയില്‍ പെട്ടു. തന്‌റെ സ്റ്റാറ്റസ്‌ ഇന്‍വിസിബിള്‍ എന്നാക്കി മോനേയും കൊണ്‌ട്‌ ഡ്രസ്‌ മാറ്റി പുറത്തിറങ്ങി; വണ്‌ടിയില്‍ കയറി. മോന്‌ ഏറ്റവും ഇഷ്ടപ്പെട്ട പാര്‍ക്കായിരുന്നു അയാളുടെ ലക്ഷ്യം.