എന്റെ നേരത്തെയുണ്ടായിരുന്ന ബ്ലോഗ് നഷ്ടപ്പെട്ടതിനാൽ രചനകളെല്ലാം ഇതിലേക്ക് മാറ്റിയിരിക്കുന്നു. നിരവധി പോസ്റ്റുകളും കമെന്റുകളും വിലപ്പെട്ട എന്റെ 240 ഓളം ഫോളോവേഴ്സും നഷ്ടപ്പെട്ടു. നിങ്ങൾ ഏവരുടേയും പിന്തുണ തുടർന്നും ഉണ്ടാകുമല്ലോ? എന്റെ രചനകളിലെ തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണമെന്ന അഭ്യർത്ഥനയോടെ, മൊഹി.

Friday, December 21, 2012

ഞാന്‍ ആദ്യമായി കണ്‌ട തലവെട്ട്‌ !

 
സൌദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ അതിപുരാതന പട്ടണമാണ്‌ ദീര.  മണ്ണ്‌ കൊണ്‌ടും ഈത്തപ്പനയുടെ തടിയിലും പണിതീര്‍ത്തിട്ടുള്ള പഴയ കൊട്ടാരങ്ങള്‍ ,  ഗതകാല സ്മരണകള്‍ നിലനിര്‍ത്തിക്കൊണ്‌ട്‌ തന്നെ കച്ചവടത്തില്‍ വ്യാപൃതരായിരിക്കുന്ന പരമ്പരാകൃത വ്യാപാരികള്‍ കരകൌശല വസ്തുക്കളുടേയും, വ്യത്യസ്ഥ രാജ്യങ്ങളില്‍ നിന്നുള്ള പരവതാനികളുടേയും അതിവിപുലമായ ശേഖരമുള്ള വിപണന കേന്ദ്രം, കെട്ടിലും മട്ടിലും പഴമയുടെ ഭംഗി നില നിര്‍ത്തി കൊണ്‌ട്‌ തന്നെ നഗരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആധുനിക കെട്ടിടങ്ങള്‍;  ഇവയാണ്‌ ദീരയുടെ ഉള്ളറകളിലേക്ക്‌ ഇറങ്ങി ചെന്നാല്‍ നമുക്ക്‌ കാണാന്‍ കഴിയുക.
 
തൊട്ടടുത്ത്‌ ഇവയെ എല്ലാം വെല്ല്‌ വിളിച്ച്‌ നില്‍ക്കുന്ന റിയാദ്‌ ഗവര്‍ണറുടെ ഓഫീസ്‌, രാജ്യത്തെ പരമോന്നത നീതിന്യായ ശരീഅത്ത്‌ കോടതി, ഭൂഗര്‍ഭ അറകളുള്ള ജയില്‍, ലോക മുസ്ളിംങ്ങളുടെ ഇമാമായ ശൈഖ്‌ അബ്ദുല്‍ അസീസ്‌ പ്രാര്‍ത്ഥനകള്‍ക്ക്‌ നേതൃത്വം നല്‍കുന്ന ദീര പള്ളി. പള്ളിയുടെ അതേ കെട്ടിടത്തില്‍ തന്നെ സദാചാര പോലീസിന്‌റെ ഓഫീസ്‌ (മുതവ്വ) എന്നിവ കാണാം. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു ഒരു ചങ്ങല പോലെ.
 
ഇവയുടെയെല്ലാം മധ്യത്തില്‍ മാര്‍ബിള്‍ പതിച്ച വിശാലമായ ഒരു മൈതാനമുണ്‌ട്‌. ആ മൈതാനത്താണ്‌ കുറ്റവാളികള്‍ക്ക്‌ ശരീഅത്ത്‌ നിയമപ്രകാരമുള്ള ശിക്ഷകള്‍ നടപ്പാക്കാറുള്ളത്‌. ആ സ്ഥലത്തെ പ്രത്യേകമായി മതില്‍ കെട്ടി സംരക്ഷിക്കുകയോ സുരക്ഷാ ഭടന്‍മാരുടെ നിരീക്ഷണത്തിലാക്കുകയോ ചെയ്തിട്ടില്ല. അറബി സ്ത്രീകളും കുട്ടികളും ഒഴിവ്‌ സായാഹ്നങ്ങളില്‍ സമയം ചിലവഴിക്കുന്നതിവിടെയാണ്‌.  ഞാന്‍ താമസിച്ചിരുന്ന മുറി ഈ ഗ്രൌണ്‌ടിന്‌റെ അതിര്‍ത്തി പങ്കിടുന്ന ക്ളോക്ക്‌ ടവറിന്‌റെ പിറക്‌ വശത്തുള്ള ബില്‍ഡിംഗിലായിരുന്നു. അവിടെ നിന്ന്‌ നോക്കിയാല്‍ ഗ്രൌണ്‌ടില്‍ നടക്കുന്നതെല്ലാം അവ്യക്തമായി കാണാം.
 
അന്നൊരുദിവസം, സമയം രാവിലെ ആറ്‌ മണിയായിട്ടുണ്‌ടാകും. ദീരയെ പ്രകമ്പനം കൊള്ളിക്കുന്ന രീതിയില്‍ പോലീസ്‌ വാഹങ്ങളുടേയും, ആംബുലെന്‍സിന്‌റേയും കാതടപ്പിക്കുന്ന ശബ്ദം. ഫ്രീ വിസയില്‍ വന്നതിനാലും പ്രവാസത്തിലേക്ക്‌ കാലെടുത്ത്‌ വെച്ചിട്ടുള്ളൂ എന്നതിനാലും ഒരു ജോലി തരപ്പെട്ടിരുന്നില്ല. അത്‌ കൊണ്‌ട്‌ തന്നെ രാവിലെ എഴുന്നേല്‍ക്കാന്‍ കുറച്ച്‌ വൈകും. എന്‌റെ ഉറക്കത്തെ ശല്യപ്പെടുത്തുന്ന ഈ ശബ്ദകോലാഹലങ്ങള്‍ക്കുള്ള കാരണമെന്താണെന്ന്‌ മൂടിപ്പുതച്ചുറങ്ങുന്ന റഷീദിക്കയോട്‌ ആരാഞ്ഞു.
 
"ഓ അത്‌ കാര്യമാക്കേണ്‌ട, ആരുടെയെങ്കിലും തലവെട്ടുന്നുണ്‌ടാകും"
 
 "തല വെട്ടോ?!"
 
 "അതെ !"
 
"നമുക്ക്‌ കാണാന്‍ പറ്റുമോ?"
 
"ഇപ്പൊ അങ്ങോട്ട്‌ ചെന്നാല്‍ കാണാം ! "
 
എന്ന്‌ പറഞ്ഞ്‌ തലക്ക്‌ മുകളിലൂടെ കമ്പിളി  പുതപ്പ്‌ വലിച്ചിട്ട്‌ റഷീദിക്ക മിണ്‌ടാതെ കിടന്നു. അയാള്‍ക്ക്‌ ഇതൊന്നും ആദ്യ അനുഭവമല്ല. തല വെട്ടലിലൂടെ വധ ശിക്ഷ നടപ്പാക്കല്‍ എന്നുള്ളത്‌ കേട്ടിട്ടേയുള്ളൂ. ഇതൊന്ന്‌ കാണണമല്ലോ എന്ന ചിന്തയോടെ എഴുന്നേറ്റ്‌ വസ്ത്രം മാറി പുറത്തിറങ്ങി.
 
പോലീസുകാര്‍ മൈതാനത്തിന്‌റെ നാനാ ഭാഗങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്‌ട്‌. ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നു അവരിലൊരാളായി എല്ലാം കൌതുകത്തോടെ നോക്കി നില്‍ക്കെ പോലീസ്‌ സേനയുടെ വാഹന വ്യൂഹം അങ്ങോട്ട്‌ കടന്ന്‌ വന്നു, കൂടെ ഒരു ആംബുലന്‍സും. വാഹന വ്യൂഹത്തില്‍ നിന്ന്‌ ഒരു വാഹനം മൈതാനത്തിന്‌റെ കിഴക്കെ ഭാഗത്ത്‌ പോയി നിര്‍ത്തി, അതിലാണ്‌ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട വ്യക്തിയുള്ളത്‌.
 
ആയുധ ധാരികളായ പോലീസുകാരും സൈറണ്‍ മുഴക്കി നില്‍ക്കുന്ന പോലീസ്‌ വാഹനങ്ങളും മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ഭീതി പരത്തി. പോലീസുകാര്‍ ആരേയോ പ്രതീക്ഷിച്ച്‌ നില്‍ക്കുന്നു. അല്‍പ സമയത്തിനകം പഴയ ഒരു ടൊയോട്ട ക്രസ്സിഡ കാര്‍ പാഞ്ഞു വന്നു മൈതാനത്തിന്‌റെ ഒരു വശത്ത്‌ നിര്‍ത്തി. ആറ്‌ ആറരടി പൊക്കമുള്ള കാഴചയില്‍ മുപ്പത്‌ വയസ്സ്‌ തോന്നിക്കുന്ന ആരോഗ്യ ദൃഢഗാത്രനായ ഒരു യുവാവ്‌ പുറത്തിറങ്ങി !. കറുത്ത ശരീരം!,  പരമ്പരാത ശുഭ്ര വസ്ത്രമാണ്‌ വേഷം. ശിരോവസ്ത്രം നേരെയാക്കി കാറിന്‌റെ പിന്‍ വാതില്‍ തുറന്ന്‌ നീളമുള്ള എന്തോ എടുത്തു വാഹന വ്യൂഹത്തെ നോക്കി !. 
 
ആയുധ ധാരികളായ രണ്‌ട്‌ പോലീസുകാര്‍ പിറകിലേക്ക്‌ കൈ കൂട്ടി കെട്ടിയ നിലയില്‍ ഒരു ചെറുപ്പക്കാരനെ പോലീസ്‌ വാഹനത്തില്‍ നിന്നുമിറക്കി മൈതാനത്തിന്‌റെ മധ്യ ഭാഗത്തേക്ക്‌ ആനയിച്ചു. വേഷവിധാനത്തില്‍ നിന്ന്‌ സ്വദേശിയാണെന്ന്‌ മനസ്സിലായി. യാതൊരു വിധ എതിര്‍പ്പുമില്ലാതെ നിര്‍വികാരനായി ആ യുവാവ്‌ മെല്ലെ അടിവെച്ചടിവെച്ച്‌ കൊണ്‌ട്‌ വധശിക്ഷ നടപ്പാക്കുന്ന മധ്യ ഭാഗത്തെത്തി തല കുനിച്ച്‌ നിന്നു. ഈ ലോകത്തെ നിമിഷങ്ങള്‍ എണ്ണപ്പെട്ടു ഇനി വിരലിലെണ്ണാവുന്ന ശ്വാസോച്ഛ്വസങ്ങള്‍ മാത്രം എന്ന്‌ മനസ്സിലാക്കിയതിനാലാവാം, അറവുകാളയുടെ മുഖത്ത്‌ നിഴലിച്ച്‌ കാണാറുള്ള ഒരു ദൈന്യത അയാളുടെ മുഖത്തും വ്യക്തമായി കാണാന്‍ കഴിഞ്ഞു.
 
ആരാച്ചാരായ സൌദി തന്‌റെ കയ്യിലുള്ള നീളമുള്ള ഉറയില്‍ നിന്നും എന്തോ ഒരു സാധനം ഊരിയെടുത്തു. കണ്ണിമ വെട്ടാതെ എല്ലാം നോക്കി കാണുകയായിരുന്ന ഞാന്‍ അയാളുടെ കയ്യില്‍ വെട്ടിത്തിളങ്ങുന്ന ഒരു വാള്‍ കണ്‌ടു. വധശിക്ഷക്ക്‌ വിധേയനാക്കുന്ന ആളിനടുത്തേക്ക്‌ അയാള്‍ നടന്നടുത്തു. പിന്നീടെല്ലാം ധ്രുതഗതിയിലായിരുന്നു. പടിഞ്ഞാറെ ഭാഗത്തേക്ക്‌ തിരിച്ച്‌ നിര്‍ത്തി കുനിഞ്ഞിരിക്കാന്‍ ആവശ്യപ്പെട്ടു. അനുസരണയുള്ള ഒരു കുട്ടിയെ പോലെ അയാള്‍ മുട്ടുകുത്തി കുനിഞ്ഞിരുന്നു. വാളിന്‌റെ മൂര്‍ച്ചയുള്ള മുന കൊണ്‌ട്‌ പിന്‍ കഴുത്തില്‍ ഒരു കുത്ത്‌ കൊടുത്തപ്പോള്‍ അയാള്‍ വേദന കൊണ്‌ട്‌ തലയൊന്ന്‌ വെട്ടിച്ചു. ആരാച്ചാര്‍ ആ നിമിഷം നോക്കി ആഞ്ഞുവീശി. ആ കാഴ്ച കാണാന്‍ ശക്തിയില്ലാതെ ഞാന്‍ എന്‌റെ തല ഇടത്‌ വശത്തേക്ക്‌ വെട്ടിച്ചു ,  കൂടെ മറ്റുള്ളവരും.
 
പിന്നീട്‌ നോക്കിയപ്പോള്‍ തല വേര്‍പ്പെട്ട രീതിയില്‍ ചോരയില്‍ കുതിര്‍ന്ന ഒരു ശരീരം അവിടെ കിടക്കുന്നത്‌ കണ്‌ടു. കാലുകള്‍ മെല്ലെ മടക്കുകയും നിവര്‍ത്തുകയും ചെറുതായി പിടക്കുകയും ചെയ്യുന്നുണ്‌ട്‌. അതും ഇല്ലാതായി. ആരാച്ചാര്‍ കര്‍മ്മം നിര്‍വ്വഹിച്ച്‌ തന്‌റെ വാഹനത്തിന്‌റെ അടുത്തേക്ക്‌ നടന്ന്‌ വരുന്നു. ആംബുലന്‍സിലുണ്‌ടായിരുന്ന ഡോക്ടര്‍ മരണം ഉറപ്പ്‌ വരുത്തി മൃത ശരീരം എടുത്ത്‌ ആംബുലന്‍സിലേക്ക്‌ മാറ്റുമ്പോള്‍ കുറച്ചാളുകള്‍ അപ്പുറത്ത്‌ നിന്ന്‌ അലമുറയിടുന്നുണ്‌ടായിരുന്നു. പാവം ഒരു യുവാവ്‌ അകാല ചരമം പ്രാപിച്ചു. അയാള്‍ക്കിനിയും എത്രയോ ജീവിതം ബാക്കിയുണ്‌ടായിരുന്നു.
 
മൃതദേഹം ആംബുലന്‍സിലേക്ക്‌ മാറ്റപ്പെടുന്ന സമയം വധിക്കപ്പെട്ടയാള്‍ക്കെതിരെയുള്ള കുറ്റപത്രം ജഡ്ജിയുടെ പ്രതിനിധി ഉറക്കെ എല്ലാവരേയും വായിച്ചു കേള്‍പ്പിച്ചു. അറബി ഭാഷ വശമില്ലാത്തതിനാല്‍ ഞാന്‍ കൂട്ടത്തിലുള്ളവരോട്‌ ചോദിച്ചു. എന്താണ്‌ വായിക്കുന്നതെന്ന്‌? എന്താണ്‌ ഇയാള്‍ ചെയ്ത കുറ്റം?.
 
പത്ത്‌   വയസ്സുകാരിയായ ഒരു സിറിയന്‍ പെണ്‍കുട്ടിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്ത്‌ മരുഭൂമിയില്‍ കൊണ്‌ട്‌ പോയി കൊന്ന്‌ കുഴിച്ച്‌ മൂടിയതിനുള്ള ശിക്ഷയാണെന്നും കൂട്ടു പ്രതികളുടേത്‌ വൈകാതെ നടപ്പാക്കുമെന്നുമാണത്രെ അറിയിച്ചത്‌. അത്‌ കേട്ട്‌ ഞാന്‍ ഒന്ന്‌ നെടുവീര്‍പ്പിട്ടു. പാവപ്പെട്ട ഒരു പൈതലിനെ മൃഗീയമായി കൊന്നതിനുള്ള ശിക്ഷയോ? ഇവര്‍ക്കെങ്ങനെ ഇത്ര പൈശാചികമായി ഈ കുറ്റ കൃത്യം ചെയ്യാന്‍ കഴിഞ്ഞു എന്ന്‌ ചിന്തിച്ച്‌ നില്‍ക്കുന്നതിനിടെ ആംബുലന്‍സ്‌ പേടിപ്പെടുത്തുന്ന ശബ്ദത്തോടെ ദീരയെ വിറപ്പിച്ച്‌ കൊണ്‌ട്‌ കുതിച്ച്‌ പാഞ്ഞു. കൂടെ സായുധരായ പോലീസ്‌ വാഹന വ്യൂഹവും.

ചുറ്റും കൂടിയവര്‍ പിരിഞ്ഞ്‌ പോയി, ഞാന്‍ ചിന്താവിഷ്ടനായി അവിടെ കണ്‌ട ഒരു സ്തൂപത്തിലിരുന്നു. ആ കാപാലികരുടെ ക്രൂരതയില്‍ പിടഞ്ഞിലാതായ പെണ്‍കുട്ടിയുടെ ദീനാരോദനം എന്‌റെ കാതില്‍ കേട്ടു, നിഷ്ക്കളങ്കയായ ഒരു ബാലികയെ കൂട്ട മാനഭംഗം ചെയ്ത്‌ ജീവന്‍ തന്നെ ഇല്ലാതാക്കിവര്‍ക്ക്‌ ഇതല്ലെങ്കില്‍ വേറെ എന്ത്‌ ശിക്ഷയാണ്‌ ഈ ഭൂലോകത്ത്‌ കൊടുക്കാന്‍ സാധിക്കുക?. അയാള്‍ അതര്‍ഹിക്കുന്നു. മരണ ശിക്ഷ !.

തലവെട്ടല്‍ കാണാനുള്ള സ്വാഭാവിക ആകാംക്ഷയിലാണ്‌ ഞാന്‍ അന്ന്‌ അങ്ങോട്ട്‌ പോയത്‌. പിന്നീടും നിരവധി വധശിക്ഷകള്‍ അവിടെ നടപ്പാക്കിയിരുന്നു, പക്ഷെ മനപ്പൂര്‍വ്വം അങ്ങോട്ട്‌ പോകുന്നതൊഴിവാക്കി. ഒരു സ്ത്രീയുടെ തലവെട്ടല്‍ ഉണ്‌ടെന്നറിഞ്ഞ്‌ ഒരു ദിവസം കൂടി പോയി. കരഞ്ഞ്‌ വിലപിച്ച്‌ മരണത്തിന്‌ കീഴ്പെട്ട ഒരു വനിത. വധിക്കപ്പെടുന്ന ദിവസം കരഞ്ഞ്‌ വിലപിക്കുന്ന അപൂര്‍വ്വം ചിലരിലൊരാളായിരുന്നത്രെ ആ സ്ത്രീ. സാധാരണയായി എല്ലാവരും മരണത്തെ പുല്‍കാന്‍ വെമ്പല്‍ കൊണ്‌ട്‌ വരുന്നവരാണെങ്കില്‍ ആ സ്ത്രീ അവരില്‍ നിന്നും വ്യത്യസ്ഥയായിരുന്നു. ഈ ഗ്രൌണ്‌ടില്‍ മയക്ക്‌ മരുന്ന്‌ കടത്തിയ കുറ്റത്തിന്‌ എന്‌റെ ഒരു നാട്ടുകാരനേയും വധശിക്ഷക്ക്‌ വിധേയമാക്കിയിട്ടുണ്‌ട്‌ എന്ന്‌ പറഞ്ഞാലെ ഈ അനുഭവക്കുറിപ്പ്‌ പൂര്‍ണ്ണമാകൂ.

66 comments:

  1. ഇതാ‍ണ് കുറ്റവാളികൾ അർഹിക്കുന്ന ശിക്ഷ. ഗോവിന്ദ ചാമിയെ പോലെയുള്ളവരെ നിയന്ത്രിക്കാൻ, ഡൽഹി സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ഒരു പരിധിവരെ കടുത്ത ശിക്ഷാ രീതികൾ കൊണ്ട് കഴിയും.

    കുറിപ്പ് : എന്റെ പഴയ ബ്ലോഗിലെ പോസ്റ്റുകൾ പുതിയതിലേക്ക് കയറ്റുന്നത്. വായിക്കാത്തവർ വായിച്ഛ് അഭിപ്രായമറിയിക്കുമല്ലോ?

    ReplyDelete
  2. നല്ലൊരു ഓര്‍മ്മക്കുറിപ്പ്... കലീക പ്രസക്തം...

    ReplyDelete
  3. വേദനിക്കുന്ന ഓര്‍മ്മ കുറിപ്പ് .മൃഗീയ മായ പ്രവര്‍ത്തികള്‍ക്ക് ഇത്തരം ശിക്ഷ നടപടി അനിവാര്യ മാണന്ന് തോന്നാം നമ്മുക്ക് .അതൊരിക്കലും ഒരു ജീവന്‍ ഹോമിക്കുമ്പോള്‍ കിട്ടുന്ന നിര്‍വ്രതിയല്ല മറിച്ച് ക്രൂരതക്ക് നല്‍കുന്ന പാരിതോഷികമാണ് ...........

    ReplyDelete
  4. മരണം ഒരു കുറ്റവാളിക്കു കിട്ടുന്ന മോചനമല്ലേ ഒരര്‍ത്ഥത്തില്‍ ? ചെയ്ത ക്രുരതയ്ക്ക് സമാനമായ പീഢനങ്ങളാവും ശിക്ഷയായി കുറ്റവാളിക്ക് നല്കാന്‍ കഴിയുന്നത് !

    ReplyDelete
  5. ഭയപ്പെടുത്തുന്ന ഒരു കാഴ്ച തന്നെയായിരുന്നു മൊഹിയുടെ വിവരണത്തിലൂടെ ഞാന്‍ കണ്ടത് ......
    കടുത്ത ശിക്ഷ തന്നെ വേണം പക്ഷെ ശിക്ഷകള്‍ കൊണ്ട് മാത്രം എല്ലാം അവസാനിപ്പിക്കാന്‍ ആവുമോ
    സ്നേഹാശംസകള്‍ @ PUNYAVAALAN

    ReplyDelete
  6. വായിച്ചു, നന്നായെന്നു തോന്നി, സങ്കടവും തോന്നി,

    ReplyDelete
  7. nalla lekhanam...samakaalika prasakthiyulla onnu...

    ReplyDelete
  8. വിവരണം തന്നെ ഭയാനകം... പക്ഷെ എന്തിനായിരുന്നു ഈ ശിക്ഷ എന്ന് കേട്ടപ്പോള്‍ സമാധാമായി.. ഒരു തെറ്റും ചെയ്യാത്ത ആ കുരുന്നിന്റെ ആത്മാവിനു വേറെ എന്താണ് കൊടുക്കാന്‍ കഴിയുക.


    നമ്മുടെ നാട്ടിലും ഇങ്ങനെ വന്നിരുന്നെങ്കില്‍ .. കുറ്റവാളികളെ പരസ്യമായി തൂക്കിയെങ്കിലും കൊന്നിരുന്നെങ്കില്‍, ആരെ കൊന്ന്നാലും എന്ത് ചെയ്താലും ഒന്നും സംഭവിക്കില്ല എന്നാ അഹങ്കാരത്തില്‍ നടക്കുന്ന കുറെ പേരെങ്കിലും പേടിച്ചു ഇതൊക്കെ നിര്‍ത്തിയേനെ.. ശിക്ഷകള്‍ എത്ര കഠി നമാകുന്നോ അത്രയും നല്ലത് .

    ഉറക്കത്തില്‍ നിന്ന് എടുതുകൊടുപോയി നാല് വയസ്സുകാരിയെ കൊന്ന സെബാസ്റ്റ്യനു ഞാന്‍ എന്റെ മനസ്സില്‍ ഈ ശിക്ഷ എന്നെ കൊടുത്തു കഴിഞ്ഞു . ഒരിക്കല്‍ ഒരു കുട്ടിയെ റേപ് ചെയ്തു കൊന്നു ശിക്ഷ കഴിഞ്ഞു ഇറങ്ങിയ അയാള്‍ വീണ്ടും ചെയ്തതില്‍ നമ്മുടെ നീതിന്യായ വ്യവസ്ഥക്ക് പങ്കുണ്ട് ഏഴോ എട്ടോ വര്ഷം കഴിഞ്ഞു അയാള്‍ ഇനിയും ഇറങ്ങും ..ഇനിയും ഇത് ആവര്തിചാലോ .ഇതില്‍ കുറഞ്ഞു എന്താണ് അയാള്‍ക്ക്‌ കൊടുക്കേണ്ടത് ?

    വധശിക്ഷയെ എതിര്‍ക്കുന്ന സാറു മാര്‍ക്ക് കൂടി ഇതൊക്കെ ആരെങ്കിലും അയച്ചു കൊടുത്തിരുന്നു എങ്കില്‍ നന്നായിരുന്നു.

    ReplyDelete
  9. എത്ര പാപികള്‍ ആണെന്കിലും തല വെട്ടുക എന്നുള്ളത് വലിയൊരു ശിക്ഷയാണ് . കണ്ടു നില്‍ക്കാന്‍ കഴിയാത്ത ശിക്ഷ . പക്ഷെ ഒന്നുമറിയാത്ത മാലാഖമാരെ പോലുള്ള കുഞ്ഞുങ്ങളെ ഉപ്രദ്രവിക്കുന്നവ്ര്‍ അതില്‍ കുറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ല . :(

    ReplyDelete
  10. 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ..'എന്ന ബൈബിള്‍ വചനമാണ് ഇതിനുള്ള എന്റെ പ്രതികരണം.കള്ളന്മാരുടെ നാട്ടില്‍ കളവു നിശ്ശേഷം ഇല്ലായ്മ ചെയ്യാതെ കട്ടവനെ ശിക്ഷിക്കാമോ?ഇസ് ലാമിക ശരീഅത്തില്‍ അവസാനം മാത്രം നടപ്പില്‍ വരുന്ന ഒന്നാണ് ശിക്ഷാനടപടികള്‍.
    മനസ്സില്‍ നമയുടെ വിപ്ലവം നടക്കട്ടെ...

    ReplyDelete
    Replies
    1. ഇടത്തുകരണത്തടിച്ചവന് വലത് കരണവും എന്നതാണ് എന്റെ ഒരു ഇത്

      Delete
  11. ഇത്ര വര്‍ഷവും ഇവിടെ നിന്നിട്ട് നേരിട്ടു കണ്ടിട്ടില്ല. ധീര എന്ന് പറയുന്നത് ദൂരെയല്ല എങ്കിലും പോയി കാണാന്‍ ഒരു മടി.
    മരണശിക്ഷ കൊണ്ട് മറ്റുള്ളവരെ അത്തരം കുറ്റങ്ങള്‍ ചെയ്യുന്നതില്‍ നിന്നും അകറ്റിനിര്‍ത്താന്‍ അല്പമെങ്കിലും കഴിയും എന്നത് ശരിയാണെങ്കിലും കുറ്റവാളി ചെയ്ത കുറ്റത്തിനുള്ള ശിക്ഷ അനുഭവിക്കുന്നില്ല എന്നാണ് എനിക്കും തോന്നുന്നത്. മരണത്തോടെ ആ കുറ്റവാളി രക്ഷപ്പെടുകയാണ്. ശിക്ഷ മരണശിക്ഷ ആകുക എന്നതല്ല ശിക്ഷ നടപ്പാക്കുന്നതില്‍ നിന്ന് ഒന്നിന്റെ പേരിലും ആര്‍ക്കും ഇളവ് കിട്ടാതിരിക്കുകയും കര്‍ശനമായി ശിക്ഷ എല്ലാരിലും ഒരുപോലെ നടപ്പാക്കാനും കഴിവുള്ള ഭരണാധികാരികളാണ് ഉണ്ടാവേണ്ടത്. സാധാരണക്കാര്‍ മാത്രം ശിക്ഷ അനുഭവിക്കേണ്ടി വരികയും ഒരു വിഭാഗം ശിക്ഷയില്‍ നിന്നൊഴിഞ്ഞ് ശിക്ഷ വിധിക്കാനും നടപ്പാക്കാനും നടക്കുന്ന നമ്മുടെ രാജ്യത്ത് ഇത്തരം ശിക്ഷകള്‍ ഉണ്ടായാല്‍ അത് എതിരാളികളെ നശിപ്പിക്കാനുള്ള ഒന്നു മാത്രമായി തീരും.

    ReplyDelete
  12. എല്ലാം ശരിയാണ്.. ഇങ്ങനെയുള്ളവര്‍ ഇതിലും ചെറിയ ശിക്ഷ അര്‍ഹിക്കുന്നില്ല.. പക്ഷെ ഇന്ത്യയെ പോലെ ഒരു രാജ്യത്ത് ഇത് പ്രായോഗികമല്ല എന്നതും ഒര്കണം.. അവിടെ ഇത്രയും വലിയ ശിക്ഷകള്‍ ഉണ്ടായിട്ടും കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്നും ഓര്‍ക്കണം..ഇന്ത്യയില്‍ അതൊക്കെ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യത ഏറെ ആണ്..
    നിയമതിനൊക്കെ ചെയ്യാന്‍ കഴിയുന്നതിനു ഒരു പരിധി ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.. ആദ്യം ഉണരേണ്ടത് നമ്മള്‍ ആണുങ്ങള്‍ തന്നെയാണ്..

    കുറച്ചു കാലം മുമ്പ് വരെ തന്നോട് മോശമായി പെരുമാറുന്ന ആണിനോട് പെണ്ണുങ്ങള്‍ അല്പം അഹങ്കാരത്തോടെ തന്നെ ചോദിച്ചിരുന്ന ഒരു ചോദ്യം ഉണ്ട്-" നിനക്കും ഇല്ലെടാ അമ്മേം പെങ്ങന്മാരും" എന്ന്.. ഇന്നൊരു പെണ്ണും അങ്ങനെ ചോദിയ്ക്കാന്‍ മുതിരില്ല.. കാരണം സ്വന്തം അമ്മയും പെങ്ങളും ഒന്നും ഇന്നത്തെ ആണുങ്ങള്‍ക്ക് അവന്റെ കാമതൃഷ്ണയെക്കാള്‍ വലുതല്ല എന്ന് അവള്‍ക്ക് അറിയാം...

    നാട്ടില്‍ വേശ്യാലയങ്ങളുടെ അഭാവമോ ലൈംഗിക വിദ്യാഭ്യാസം നല്കാതതിന്റെയോ കുറവാണു ഇത്തരം അതിക്രമങ്ങള്‍ക്ക് കാരണം എന്ന് തോന്നുന്നില്ല.. ഏതൊരു പെണ്ണും തന്റെ ഇന്ദ്രിയങ്ങള്‍ക്ക് ഭോഗവസ്തു മാത്രമാണെന്നുള്ള നികൃഷ്ട ചിന്താഗതിയും (അത് ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവല്ല.. മനോഭാവത്തിലെ വൈകല്യമാണ്) സ്ത്രീത്വം എന്നത് ബഹുമാനിക്കപ്പെടെണ്ട ഒന്ന് ആണെന്ന വിവരം ഇല്ലായ്മയും അല്ലെങ്കില്‍ അങ്ങനെ ഒന്ന് ഉണ്ട് എന്ന അറിവില്ലായ്മയോ ഒക്കെ ആണ് ഇതിനു കാരണം..

    പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും (ആണായാലും പെണ്ണായാലും ) ഉള്ളതാണ് ലൈംഗിക വികാരങ്ങള്‍..,. അത് എനിക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും ഉണ്ട്, അവരുടെ വികാരങ്ങളെയും അഭിമാനത്തെയും മാനിക്കണം, ഒരു പെണ്ണിനെ നിന്റെ സഹോദരിയായി കണ്ടില്ലെങ്കിലും അവളൊരു മനുഷ്യജീവി ആണ് എന്ന വിചാരിക്കണം , എന്നൊക്കെ എങ്കിലും ചിന്തിക്കാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ താനൊരു ആണാണ് എന്നും നമ്മള്‍ വിചാരിക്കരുത്..

    നിയമ വ്യവസ്ഥയോ സര്‍ക്കാരോ അല്ല ആദ്യം ഉണരേണ്ടത്..

    ഞാന്‍ ഒരു ആണാണ്, എന്റെ പുരുഷത്വത്തെ ഞാന്‍ ബഹുമാനിക്കുന്നു എങ്കില്‍ സ്ത്രീത്വത്തെയും ഞാന്‍ ബഹുമാനിക്കും.. ഞാന്‍ കാരണം ഒരു പെണ്ണിനും ഒരിക്കലും ഇങ്ങനെ ഒരു ഗതി വരില്ല.. എന്ന് ഓരോ ആണും അവനവന്റെ മനസക്ഷിയോടെങ്കിലും പറഞ്ഞു പഠിപ്പിക്കാനുള്ള ആണത്തം കാണിച്ചാല്‍ തന്നെ നമ്മുടെ കുടുംബംഗങ്ങള്‍ ഉള്‍പെടെയുള്ള സ്ത്രീ സമൂഹത്തിനു സ്വൈരമായി പുറത്തിറങ്ങി നടക്കാം..

    എന്നിലെ പുരുഷത്വത്തെ ഞാന്‍ ബഹുമാനിക്കുന്നു.. അവളിലെ സ്ത്രീത്വത്തെയും... നിങ്ങളോ....?

    ഇന്ത്യയില്‍ തലവെട്ടു വരണം എന്നല്ല.. ഒരു പെണ്ണിന് മുന്നിലും തലകുനിച്ചു നില്‍കേണ്ട ഗതികേട് ഞാന്‍ ഉണ്ടാക്കില്ല എന്നാണ് ഓരോ ആണുങ്ങളും മനസ്സിലുരപ്പിക്കെണ്ടത്..

    (പഴയ പോസ്റ്റ്‌ ആയിരിക്കാം.. പക്ഷെ ഇന്നത്തെ പശ്ചാത്തലത്തില്‍ ഇങ്ങനെ പ്രതികരിക്കാനാണ് തോന്നുന്നത്)

    ReplyDelete
    Replies
    1. " ഞാന്‍ ഒരു ആണാണ്, എന്റെ പുരുഷത്വത്തെ ഞാന്‍ ബഹുമാനിക്കുന്നു എങ്കില്‍ സ്ത്രീത്വത്തെയും ഞാന്‍ ബഹുമാനിക്കും.. ഞാന്‍ കാരണം ഒരു പെണ്ണിനും ഒരിക്കലും ഇങ്ങനെ ഒരു ഗതി വരില്ല.." >> 100 LIKES....

      Delete
    2. മനോജ് വിശദമായ വായനക്കും അഭിപ്രായത്തിന്നും നന്ദി.

      പ്രതിക്ക് അർഹിച്ച ശിക്ഷ ലഭിക്കാതെ പോവുന്നത് ഇരയോടും കുടുംബത്തിനോടും കാണിക്കുന്ന നീതി കേടാണ്.

      ഇത്തരം വിഷയങ്ങളിൽ നാം ഇരയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുക .. ഇര നമ്മുടെ സ്വന്തക്കാർ ആരെങ്കിലും ആയിരുന്നെങ്കിൽ നാം എന്താകും ചിന്തിക്കുക. എന്ത് ശിക്ഷയാണ് നാം ശുപാർശ ചെയ്യുക....

      Delete
    3. നമ്മുടെ ആരെങ്കിലും അല്ല ഇരയാക്കപ്പെട്ടതെങ്കില്‍ നമുക്ക് ഒരു കുഴപ്പവുമില്ല. ആദര്‍ശം പ്രസംഗിക്കാം, മനുഷ്യാവകാശം പൊക്കിപ്പിടിയ്ക്കാം, ശിക്ഷയുള്ള നാട്ടിലും കുറ്റങ്ങളില്ലേ എന്ന് ഉഡായ്പ് ചോദ്യം ചോദിയ്ക്കാം. പക്ഷെ ഇങ്ങനെ ചോദിക്കുന്നോരുടെയും വാദിക്കുന്നോരുടെയും അമ്മയോ സഹോദരിയോ മകളോ പിച്ചിച്ചീന്തപ്പെട്ട് കണ്മുന്നില്‍ കിടക്കുമ്പോള്‍ ഈ ന്യായവാദങ്ങളൊന്നും കാണുകയില്ല. അപ്പോള്‍ മനസ്സില്‍ നിന്ന് വരുന്നത് “അവനെ കൊല്ലണം” എന്ന് തന്നെയായിരിയ്ക്കും. അപ്പോള്‍ വൈകാരികതയാണ് അതിവൈകാരികതയാണ് എന്നൊന്നും ആര്‍ക്കും തോന്നുകയുമില്ല.

      Delete
  13. നമ്മുടെ നാട്ടിലും ഇങ്ങനെ വന്നെങ്കില്‍.............,,നല്ല ലേഘനം സമകാലിക പ്രസക്തി യുള്ള ഒന്ന്.എന്‍റെ എല്ലാ ആശംസകളും നേരുന്നു..

    ReplyDelete
  14. വല്ലാത്തൊരു വിഷമത്തോടേയും ചങ്കിടിപ്പോടെയുമാണ് വായിച്ചുവന്നത്. തലവെട്ടുന്ന ഭാഗമെത്തിയപ്പോള്‍ ശരിക്കും വേദനയും സഹതാപവും തോന്നി. പക്ഷേ ശിക്ഷലഭിച്ച കൃത്യം കേട്ടപ്പോള്‍ എല്ലാവികാരങ്ങള്‍ക്കും പകരം വെറുപ്പും ദേഷ്യവും മാത്രമായി അയാളോട്.. ആ കുഞ്ഞിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മരിച്ചവനോട് തോന്നേണ്ട സഹതാപം പോലും അയാളോട് തോന്നുന്നില്ല. നന്നായെഴുതി..

    ReplyDelete
  15. ഇത്പോലെ ചെയ്താല്‍ കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ ഇവരുടെ ആത്മാവ് വികാരങ്ങളില്ലാത്ത ഒരു ലോകത്തിലേക്ക് യാത്രയാകും. തെറ്റ് ചെയ്യാന്‍ ഉപയോഗിച്ച അവയവം മാത്രം ഛേദിക്കുക.

    ReplyDelete
  16. മയക്ക് മരുന്നു കടത്തിയ കൂട്ടുകാരന്റെ വധശിക്ഷ മനസിനൊരു വേദനയുണ്ടാക്കി, എന്നാൽ പത്തുകാരിയെ മാനഭംഗം ചെയ്ത് കൊന്നവന് കിട്ടിയ തലവെട്ട് വളരെ വളരെ കുറഞ്ഞ ശിക്ഷയാണെന്നും തോന്നി...

    കാലികപ്രസക്തിയുണ്ട് ഇന്നിപ്പോൾ ഈ ലേഖനത്തിന് ആശംസകള്

    ReplyDelete
  17. ശിക്ഷ നടപ്പാക്കുന്നതിനു മുൻപല്ലെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുക. എന്നാലല്ലെ കുറ്റവാളിക്കും പൊതു ജനത്തിനും ഈ ശിക്ഷ നടപ്പാക്കുന്നത് എന്തിനെന്നു ബോദ്ധ്യപ്പെടു...?
    ഇത്തരം ശിക്ഷകൾ നമ്മുടെ നാട്ടിലും വേണമെന്ന് പറയാമെങ്കിലും, ‘തല പോയാലും വേണ്ടില്ല.. അവളെ ഒന്നു....’എന്നു ചിന്തിക്കുന്ന തല തെറിച്ചവന്മാരുള്ള നമ്മുടെ നാട്ടിൽ ഈ ശിക്ഷക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാവില്ല...!!

    ReplyDelete
    Replies
    1. കുറ്റപത്രം ശിക്ഷ നടപ്പാക്കുന്നതിന് മുമ്പും പിമ്പും വായിക്കുന്നുണ്ടെന്ന് തോന്നുന്നു. ഈ കാഴ്ച ഞാൻ പ്രവാസം തുടങ്ങിയ ആ കാലത്ത് കണ്ടതാണ്, ഓർമ്മയിൽ നിന്നെടുത്തെഴുതിയതിൽ പിഴവ് പറ്റിയോ?

      നന്ദി വികെ

      Delete
  18. സുപ്രഭാതം മൊഹീ..
    ഏവരുടേയും മനസ്സിൽ ഉണർന്നിരിക്കുന്ന വികാരം തന്നെ ഞാനും അനുഭവിക്കുന്നൂ..
    നന്മകൾ നിലനിർത്താൻ ഇത്തരം കൃത്യങ്ങൾ അനിവാര്യമാണെങ്കിൽ നടപ്പിലാക്കുക തന്നെ ഉചിതം..
    നമ്മുടെ നാടിന്റെ അവസ്ഥ കണ്ടില്ലേ..

    നന്നായെഴുതി..ആശംസകൾ ട്ടൊ..!

    ReplyDelete
  19. വേദനിക്കുന്ന ഓര്‍മ്മ കുറിപ്പ്

    ReplyDelete
  20. നിയമം വേണം , അത് നടപ്പാക്കുകയും ചെയ്യണം എന്നാലെ നാട് നന്നാവൂ

    ReplyDelete
  21. ഇതു പോലെ ഉള്ള ശിക്ഷ ഇവിടെയും വേണം. എന്നാലെ ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടിയെ പീടിപിച്ച കാപാലികന്‍ മാരെ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ.

    ReplyDelete
  22. എന്ത് തന്നെ ആയാലും അത് കണ്ടു നില്‍ക്കാന്‍ ധൈര്യം കൂടിയേ തീരൂ ...ശോ ...എങ്ങനെ മനുഷ്യര്‍ക്കിത് കഴിയുന്നു

    ReplyDelete
  23. മുൻപ് വായിച്ചിരുന്നു. എന്തൊക്കെയാണേലും എനിക്ക് കാണാൻ വയ്യ തലവെട്ട്.

    ReplyDelete
  24. അര്‍ഹിക്കുന്നത് ശിക്ഷ അര്‍ഹിക്കുന്നവര്‍ക്ക് കിട്ടുകതന്നെ വേണം !
    ഓര്‍മ്മകുറിപ്പ് മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി ..
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  25. ഞാന് കുറെ നാളായി ഈ തലവെട്ട് ലൈവായി കാണണെമെന്ന് വിചാരിച്ചിട്ട്...ഇപ്പോള് ലൈവായി വായിച്ചതുകൊണ്ട് അത് കാണാനുള്ള മനക്കരുത്ത് ചോര്ന്നൊ എന്നൊരു സംശയം....

    ReplyDelete
  26. ഇത് നമ്മുടെ നാട്ടിലായിരുന്നെങ്കിലൊന്നാലോചിച്ച് നോക്ക്യേ... പാർലമെന്റിലും നിയമസഭകളിമെല്ലാം തലയില്ലാത്ത കുറേ ജനപ്രതിനിധികൾ!! നമ്മുടെ ജനസംഖ്യ ഒരു പക്ഷേ 10%മെങ്കിലും കുറഞ്ഞിരിക്കുകയും ചെയ്യും!

    കഠിനമായ ശിക്ഷകൾ ഒരു പരിധി വരേ കുറ്റകൃത്യങ്ങളെ തടയുമെങ്കിലും മനസ്സുകളെ സംസ്കരിക്കലാണെറ്റവും അവശ്യം വേണ്ടത്. നല്ല പോസ്റ്റ്.

    ReplyDelete
  27. നെഞ്ചിടിപ്പോടെ വായിച്ചു തീര്‍ത്തു..മോഹി ഇങ്ങനെ വ്യത്ത്യസ്തന്‍..മോഹിപ്പിക്കുന്ന മാത്രം എഴുതാതെ, ചിന്തിപ്പിക്കുന്നതും എഴുതുന്നു ..

    ReplyDelete
  28. ഇത്രയ്ക്കും ഭീകരമായ ഒരു ശിക്ഷ,തലവെട്ട്.!
    ഹോ...ആലോചിക്കാനേ വയ്യ,അപ്പൊ അത് നേരിൽ കാണുന്നതിനെ കുറിച്ച്.....ഭയങ്കരം മൊഹീ.
    സംഗതി ഞാൻ മുൻപ് വായിച്ചിരുന്നു. അപ്പഴത്തെ മനസ്സിന്റെ അവസ്ഥ വേറെയായിരുന്നു.
    അതിനനുസരിച്ച് പഴയ കമന്റും മാറിയിട്ടുണ്ടാകും.
    പക്ഷെ,ഈ തലവെട്ട് നിയമത്ത് നമ്മുടെ രാജ്യത്ത് നടപ്പിലാക്കാൻ കഴിയുന്നതിന്റെ പ്രായോഗികതയെ കുറിച്ചൊന്നും ഞാൻ പറയുന്നില്ല. മരണമെത്ര ഭയാനകം,അത് തലയങ്ങ് വെട്ടിയാകുമ്പോൾ.!
    നല്ല വിവരണം.
    നല്ലതല്ല,മനസ്സിനെ ആർദ്രവും ഭയാനകവുമാക്കുന്നത്.
    ആശംസകൾ.

    ReplyDelete
  29. ഇതൊക്കെ മുന്നേ വായിച്ചു വിശദമായി കമെന്റ് ഒക്കെ എഴുതിയതായിരുന്നു ...ഇപ്പോള്‍ വീണ്ടും കമെന്റ് ചെയ്യാന്‍ മടിയായ്തു കൊണ്ടാ ട്ടോ വിശദമായി ഒന്നും എഴുതാത്തത്....

    ശ്ശൊ...എന്നാലും ആ ബ്ലോഗ്‌ തിരിച്ചു കിട്ടിയിരുന്നെങ്കില്‍ ഈ ബോറടി ഒഴിവാക്കാമായിരുന്നു ...ആശംസകളോടെ

    ReplyDelete
  30. 1984-86 കാലത്ത്‌ ഞാൻ ദമ്മാമിൽ ഉണ്ടായിരുന്ന സമയത്ത്‌ ഒരിക്കൽ ഈ തലവെട്ട്‌ രംഗം കണ്ടിട്ടുണ്ട്‌. ഒരാഴ്ച പിന്നെ ഭക്ഷണം കഴിക്കാൻ സാധിച്ചിട്ടില്ല. വിവരണം ഗംഭീരമായി. ഇന്ത്യയിൽ തലവെട്ടുന്നതിനു പകരം ലിംഗം വെട്ടിമാറ്റുന്നതാവും നല്ലത്‌

    ReplyDelete
    Replies
    1. ലിംഗ ഛേദനം ചെയ്‌താൽ ദിവസേന ഓർക്കുമല്ലോ സ്വന്തം തെറ്റിനെകുറിച്, അല്ലെങ്കിൽ ചാട്ടവാറടി ....മുറിവുണങ്ങിയാൽ വീണ്ടും തുടരുക ......മരണം വരെ

      Delete
  31. താലിബാന്‍ പോരാളികള്‍ ഒരു പത്രപ്രവര്‍ത്തകന്റെ തല വെട്ടുന്ന വീഡിയോ ദൃശ്യം മുമ്പൊരിക്കല്‍ മൊബൈല്‍ ഫോണില്‍ കണ്ടത് ഓര്‍ക്കുന്നു. ഈ പോസ്റ്റ് വളരെ ഹൃദയമിടിപ്പോടെയാണ് വായിച്ചുതീര്‍ത്തത്. ആ സ്ത്രീ ചെയ്ത കുറ്റമെന്തായിരുന്നു എന്നറിയാന്‍ ആകാംക്ഷ തോന്നി. അത് ഒരു കഥയാക്കാനുള്ള സാദ്ധ്യതയുണ്ടല്ലോ.
    പിന്നെ മൊഹീ... ആരോഗ്യ ദൃഢഗാത്രന്‍ ആണോ, 'അരോഗദൃഢഗാത്രന്‍' അല്ലേ ശരി? പരമ്പരാകൃത ശുഭ്ര വസ്ത്രമല്ല, പരമ്പരാഗത ശുഭ്രവസ്ത്രം ആണു ശരി. ശ്വാസോശ്വാസങ്ങള്‍ എന്നതിനു പകരം ശ്വാസോച്ഛ്വാസങ്ങള്‍ എന്നാക്കുക. കണ്‍ ഇമ വെട്ടാതെ എന്നതിന്റെ സ്ഥാനത്ത് കണ്ണിമ വെട്ടാതെ എന്നു ചേര്‍ത്തെഴുതുക. ഇതൊക്കെ അശ്രദ്ധ കൊണ്ടു സംഭവിക്കുന്ന നിസ്സാര തെറ്റുകളാണെങ്കിലും മൊഹിയെപ്പോലൊരാള്‍ അങ്ങനെ എഴുതിക്കാണുമ്പോള്‍ അതാണു ശരിയെന്ന് പലരും ചിന്തിക്കാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് സൂചിപ്പിച്ചതാണ്. മൊഹിയുടെ എഴുത്ത് എനിക്കു വളരെ ഇഷ്ടമാണ്... ആശംസകള്‍...


    ReplyDelete
    Replies
    1. വിശദമായ വായനക്കും തെറ്റുകൾ ചൂണ്ടിക്കാണിച്ചതിനനും ഒരുപാട് നന്ദി ബെഞ്ചമിൻ, ആരോഗ്യ ദൃഢഗാത്രന്‍ എന്നതൊഴിച്ച് ബാക്കിയുള്ളതെല്ലാം തിരുത്തി. ആരോഗ്യ ദൃഢഗാത്രന്‍ എന്നത് ശരിയല്ലേ... ???

      Delete
    2. കിടിലന്‍ അനുഭവം. ആരോഗ്യ ദൃഡഗാത്രന്‍ എന്ന് ആരും ഇത് വരെ ഉപയോഗിച്ച് കണ്ടിട്ടില്ല. അരോഗദൃഡഗാത്രന്‍ എന്നാണു കണ്ടിട്ടുള്ളത്. നന്ദി.

      Delete
  32. ഒരു വധശിക്ഷ കണ്ട പ്രതീതി.. നല്ല വിവരണം..
    അവന്‍ ചെയ്ത കുറ്റത്തിന് ആ ശിക്ഷ തന്നെ വേണം.. ഇക്കാലത്ത് വളരെ പ്രാധാന്യമുള്ള വിഷയം തന്നെ പോസ്റ്റ്‌ ചെയ്തതിനു ഒരു ഷേക്ക്‌ ഹാന്‍ഡ്‌ ..

    ReplyDelete
  33. അവസരോചിതമായ പോസ്റ്റ്‌.
    നമ്മുടെ നാട്ടിലും അത്തരം ശിക്ഷകള്‍ വേണമെന്ന് ആശിച്ചു പോകുന്നു.
    ക്രൂരത കാണിക്കുന്നവന് ക്രൂരമായ ശിക്ഷ തന്നെ കൊടുക്കണം.

    ReplyDelete
  34. മുൻപ് വായിച്ച് കമന്റിയിരുന്നു...

    ചില കുറ്റകൃത്യങ്ങൾക്ക് ഇത് തന്നെ ശിക്ഷ..!!

    ReplyDelete
  35. ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.
    എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
    ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
    ആയത് മൊഹിയുധീനടക്കം എല്ലാവര്‍ക്കും നന്മയുടെയും
    സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
    ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
    അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

    സസ്നേഹം,

    മുരളീമുകുന്ദൻ

    ReplyDelete
  36. എല്ലാം കേട്ടിട്ട് ശരിയും തെറ്റും മനസ്സിലായി
    എങ്കിലും വായനയുടെ ഞെട്ടല്‍ മാറുന്നില്ല ..

    അപ്പോള്‍ എനിക്ക് തോന്നുന്നു ഇങ്ങനെ ഒന്ന് രണ്ടു
    ശിക്ഷാ വിധികള്‍ പരസ്യം ആയി നമ്മുടെ നാട്ടില്‍
    നടപ്പാക്കിയാല്‍ കുറെയൊക്കെ മാറില്ലേ മനുഷ്യര്‍??
    പേടിച്ചിട്ടു എങ്കിലും??

    പക്ഷെ ചില കേസുകളില്‍ അറിയാതെ കുടുങ്ങിപ്പോകുന്ന
    അപവാദങ്ങളുമുണ്ട്..മയക്കു മരുന്ന് കേസുകള്‍ പലതും
    അങ്ങനെ ആണത്രേ....

    ReplyDelete
  37. മുമ്പ് വായിച്ചിരുന്നു -ഇനി ഇങ്ങനെയുള്ളതോന്നും കാണാന്‍ പോകല്ലേ മൊഹിക്കാ.

    ReplyDelete
  38. ഇതൊരിക്കല്‍ വായിച്ചതാണ് ...
    ഇങ്ങനൊന്ന് നടക്കുന്നു എന്ന് കേട്ടാല്‍ ആ ഏരിയയിലേക്ക് ഞാന്‍ പോകില്ല... :)

    ഇത്തരം ക്രൂരതക്ക് വധ ശിക്ഷയില്‍ കൂടുതാലൊരു ശിക്ഷയും നല്‍കാനില്ല....
    നമ്മുടെ നാട്ടിലും ഈ ശിക്ഷാവിധി നടപ്പില്‍ വരട്ടെ എന്ന് പ്രത്യാശിക്കാം...

    ReplyDelete
  39. നേരത്തെ വായിച്ച ഓര്‍മ്മ ഉള്ളതുകൊണ്ട് വീണ്ടും വായിക്കാനുള്ള മനക്കരുത്ത് ഇല്ല മൊഹി..:(

    ReplyDelete
  40. ശ്ശൊ! ആലോചിയ്ക്കാനേ വയ്യ!

    എന്നാലും ഡല്‍ഹി കേസ് പോലുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇതിവിടെയും ഉണ്ടാവേണ്ടിയിരുന്നു എന്ന് തോന്നിപോകുന്നു

    ReplyDelete
  41. punyavaalan is no more..:( :(
    http://boolokam.com/archives/83300#ixzz2HXziHqEi

    ReplyDelete
  42. പഴയ ബ്ലോഗില്‍ ഈ അനുഭവകുറിപ്പ് വായിച്ചിരുന്നു ,എത്ര കാലം കഴിഞ്ഞാലും ഈ പോസ്റ്റിനു പ്രസക്തിയുണ്ട് ,ഇതിന്റെ പകുതിയെങ്കിലും നിയമം നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു എങ്കില്‍ എന്ന് ആലോചിച്ചു പോയി ഈ അടുത്ത കാലത്തേ സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ ..

    ReplyDelete
  43. വായിച്ചിട്ട് ഷോക്കായിപ്പോയി .എങ്കിലും കുറ്റം ചെയ്തവര്‍ക്ക് നമ്മുടെ നാട്ടിലും ഇതുപോലുള്ള ശിക്ഷകള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് കൊതിച്ചും പോയി
    എം .എം.പി .

    ReplyDelete
  44. ഞാനീ പോസ്റ്റ് നേരത്തെ വായിച്ചിട്ടുണ്ട്.
    ശ്രീ മനോജ് കുമാറിന്‍റെ അഭിപ്രായത്തിനു നൂറ് നമസ്ക്കാരം...

    ReplyDelete
  45. ഇപ്പോഴും പ്രസക്തം!!

    ReplyDelete
  46. മോഹീ , ഒരുവട്ടം വിശദമായൊരു കമന്റ്
    ഇതിനിട്ടതായിട്ടാണ് ഓര്‍മ .
    വീണ്ടും വായിക്കുമ്പൊള്‍ അതേ പ്രതിഫലനം
    മനസ്സില്‍ നിന്നുണ്ടാകുന്നുണ്ട് ..
    ഒരു വഴിയിലൂടേ നോക്കുമ്പൊള്‍ എന്തൊ ഒരു സഹതാപം ..
    പക്ഷേ അയാളതു അര്‍ഹിക്കുന്നു എന്നുള്ളത് സത്യവും ...
    ഇവിടെ വിഷയമുണ്ടാകുന്നത് നിരപരാധികള്‍ ആണെകില്‍ ആണ് ..
    സൗദിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ മയക്ക് മരുന്ന് ഷൂസില്‍
    കടത്തിയ പേരില്‍ എന്റെ സുഹൃത്തിന്റെ നാട്ടുകാരനേ
    ഈ വിധത്തില്‍ വധിച്ചൂന്ന് കേട്ടിരുന്നു , മുംബൈയില്‍
    വച്ച് ഇവരുടെ ഏജന്റ് മറ്റൊരാള്‍ക്ക് സമ്മാനിച്ച
    ഷൂസിലായിരുന്നു മയക്കുമരുന്നെന്ന സാരം എങ്ങനെ
    ഈ പാവം വിവരിക്കുവാന്‍ .. അന്നതു കേട്ടപ്പൊള്‍
    എനിക്ക് വളരെ വേദയുണ്ടായിരുന്നു , ആളു ഗോവ
    കാരനാണെന്നാണ് എന്റെ ഓര്‍മ , പേരു അഫ്താബ്
    എന്നൊ മറ്റൊ ആണെന്നു തൊന്നുന്നു , എന്റെ സുഹൃത്തിന്റെ
    മെയില്‍ ഈ അടുത്തുന്റായിരുന്നുഅപ്പൊള്‍ ഓര്‍ത്തതാണ് ..
    മോഹിക്ക് സുഖമല്ലേ , ഇത്തിരി നാളായി ബ്ലൊഗില്‍ വന്നിട്ട് ..
    വന്നപ്പൊള്‍ പഴയ ഈ വരികള്‍ വീണ്ടും അസ്വസ്ഥമാക്കീ ...
    കണ്ണുകളിലെയും മനസ്സിന്റെയും നേര്‍ പകര്‍ത്തല്‍ ഈ വരികളിലുണ്ട് മോഹീ ..
    എഴുതുക വീണ്ടും ... സ്നേഹപൂര്‍വം

    ReplyDelete
  47. വളരെ നല്ല അവതരണം.. .എനിക്കിഷ്ടായി... ഒരുപാട്

    ReplyDelete
  48. വായനയില്‍ ആ വധശിക്ഷ നേരില്‍ കണ്ടപോലെ അനുഭവപ്പെട്ടു.

    ചില സമയങ്ങളില്‍ ഇത്ര വലിയ ക്രൂരതയ്ക്ക് വധശിക്ഷ തന്നെയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഏകവഴി എന്ന് തോന്നി പോവുന്നു.

    ReplyDelete
  49. ethaayaalum ee thalavettu charithram bheekaratha unarthiyenkilum vaayichu thikachum vichithramaaya oru anubhavam. Thanks for sharing,

    ReplyDelete
  50. തലവെട്ടല്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയം. അത് കാണുന്ന കാര്യം ഒന്ന് ഓര്‍ത്ത്‌ നോക്കീട്ടു ഈശ്വരാ..

    നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ പോക്കു കാണുമ്പോള്‍ ഇങ്ങനെ കഠിന ശിക്ഷ തന്നെ കൊടുക്കുന്നതാണ് നല്ലതെന്ന് തോന്നും. എങ്കിലും ഒരു മാനസാന്തരത്തിന് അവസരം കൊടുത്താല്‍ ....ചെയ്തു പോയ തെറ്റിനെ ഓര്‍ത്ത്‌ നീറി നീറി ജീവിതാവസാനം വരെ ജീവിക്കുന്നത് തന്നെയാവും അയാള്‍ക്ക്‌ കിട്ടാവുന്ന ഏറ്റം വലിയ ശിക്ഷ..

    ReplyDelete
  51. വന്നത് വൈകി .... ചിന്തിപ്പിച്ചു രചന.

    ReplyDelete
  52. ഇത്തരം കടുത്ത ശിക്ഷകള്‍ നമ്മുടെ നാട്ടില്‍ വേണം എന്ന്‍ തന്നെ ആണ് എന്‍റെ അഭിപ്രായം .അങ്ങെനെയെങ്കിലും കുറ്റകൃത്യങ്ങള്‍ ഒരു പരുതി വരെ തടയാന്‍ പറ്റിയിരുന്നെങ്കില്‍ ...

    ReplyDelete
  53. വായിച്ചു; എക്കാലത്തും പ്രസക്തം ഈ രചന/ സംഭവം !!

    ReplyDelete
  54. ജെദ്ദ യിലെ തലവെട്ടി പള്ളി കാണുമ്പോ തന്നെ പേടിയാ ..എങ്ങനെ കാണാൻ കഴിയുന്നു മോഹ്യു

    ReplyDelete